News
വിശുദ്ധ കുര്‍ബാന മദ്ധ്യേ ന്യൂആര്‍ക്ക് ബിഷപ്പിനു നേരെ ആക്രമണം
സ്വന്തം ലേഖകന്‍ 30-01-2017 - Monday
ന്യൂജേഴ്‌സി: ന്യൂആര്‍ക്ക് തിരുഹൃദയ കത്തീഡ്രലില്‍ വിശുദ്ധ ബലിയര്‍പ്പണത്തിനിടെ ഓക്സിലറി ബിഷപ്പ് മാനുവല്‍ ക്രൂസിനെതിരെ അജ്ഞാതന്‍റെ ആക്രമണം. വിശുദ്ധ കുര്‍ബാനയുടെ ആരംഭത്തിലുള്ള പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടിരുന്ന ന്യൂആര്‍ക്ക് ഓക്സിലറി ബിഷപ്പിന് നേരെ പാഞ്ഞെടുത്ത അക്രമി അദ്ദേഹത്തെ ഇടിക്കുകയായിരിന്നു. ഇടിയുടെ ആഘാതത്തില്‍ ബിഷപ്പ് വീണിരിന്നു. ഉടന്‍ തന്നെ ബിഷപ്പിനെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ലായെന്നാണ് റിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. പ്രശസ്ത ബേസ് ബോള്‍ താരമായിരിന്ന റോബര്‍ട്ടോ ക്ലെമെന്‍ഷ്യോയുടെ നാല്പത്തിനാലാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ചുള്ള അനുസ്മരണബലിയിലാണ് ബിഷപ്പിനെതിരെ ആക്രമണം ഉണ്ടായത്. ബിഷപ്പിനെ ആക്രമിച്ചത് ചാള്‍സ് മില്ലര്‍ എന്ന വ്യക്തിയാണെന്ന് പിന്നീട് പോലീസ് വെളിപ്പെടുത്തി. 48 കാരനാണ് പ്രതി. അതേ സമയം ആക്രമണത്തിന്റെ ലക്ഷ്യം എന്താണെന്നു പോലീസ് പുറത്തുവിട്ടിട്ടില്ല.
