News - 2024

സഭയുടെ കരുത്ത് രക്തസാക്ഷികളായ ക്രൈസ്തവരാണെന്ന് ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 31-01-2017 - Tuesday

വത്തിക്കാന്‍: പീഡനങ്ങളും, സഹനങ്ങളും രക്തസാക്ഷിത്വവും വഹിക്കുന്ന വിശ്വാസ സമൂഹമാണ് തിരുസഭയുടെ ശക്തിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പേപ്പല്‍ വസതിയായ സാന്താ മാര്‍ത്തയില്‍ വിശുദ്ധ ബലി മദ്ധ്യേ നടത്തിയ പ്രസംഗത്തിലാണ് പരിശുദ്ധ പിതാവ് ഇപ്രകാരം പറഞ്ഞത്. ക്രൈസ്തവര്‍ ന്യൂനപക്ഷങ്ങളായി വസിക്കുന്ന ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍, ആദിമ ക്രൈസ്തവരെ പോലെ പീഡനം സഹിക്കുന്ന ജനവിഭാഗത്തെ ഇന്നും കാണുവാന്‍ സാധിക്കുമെന്നും പാപ്പ പറഞ്ഞു.

"ക്രിസ്തീയ കൂട്ടായ്മകള്‍ കാണുമ്പോള്‍ നമ്മുക്ക് ഏറെ സന്തോഷമാണ്. ക്രൈസ്തവാഘോഷങ്ങള്‍ മഹത്തായ സംഭവങ്ങളാണ്. എന്നാല്‍ സഭയുടെ ശരിയായ സൗന്ദര്യം പീഡനം അനുഭവിക്കുന്ന വിശ്വാസികളുടെ ഇടയിലാണ് നിലകൊള്ളുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പീഡിതരും ക്ലേശം അനുഭവിക്കുന്നവരുമായ വിശ്വാസികള്‍ വസിക്കുന്നു. അവരുടെ ഇടയന്‍മാരില്‍ പലരും തടവറയിലാണ്. വിശ്വാസികളില്‍ ഒരു വിഭാഗം രക്തസാക്ഷികളാകുകയും ചെയ്യുന്നു. ഇന്നത്തെ സഭയുടെ യഥാര്‍ത്ഥ ശക്തി ഇവരാണ്".ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

ചെറിയ കാര്യങ്ങളില്‍ പോലും പരാതി പറയുന്നവര്‍, ജീവിതത്തില്‍ ഒരു കഷ്ടതയും സഹിക്കാത്തവരാണെന്നും പാപ്പ ചൂണ്ടികാണിച്ചു. എല്ലാ സൗകര്യങ്ങളുമുള്ളവര്‍ക്ക് ചെറിയ പോരായ്മകള്‍ പോലും വലിയ പരാതികള്‍ക്ക് കാരണമായി തീരുന്നുണ്ടെന്നും പാപ്പ പറഞ്ഞു. ഇന്ന്‍ വിചാരണ നേരിടുന്ന ക്രൈസ്തവരുടെ എണ്ണം ഒന്നാം നൂറ്റാണ്ടില്‍ ഉണ്ടായിരുന്നവരില്‍ അധികമാണെന്നും പാപ്പ തന്റെ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.

ബൈബിള്‍ അടിസ്ഥാനത്തില്‍ വിശ്വാസികളെ മൂന്നായി തിരിച്ചാണ് പാപ്പ തന്റെ പ്രസംഗം നടത്തിയത്. പൂര്‍വ്വപിതാവായ അബ്രഹാമിനെ പോലെ ദൈവത്തോട് വിധേയത്വം പുലര്‍ത്തിയവരെയാണ് പാപ്പ ആദ്യവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. അബ്രഹാം തന്റെ വിളി സ്വീകരിച്ച് ദൈവത്തോട് മറുത്ത് ഒന്നും പറയാതെ തന്റെ ദേശം വിട്ട് ദൈവം കാണിച്ചു കൊടുത്ത ദേശത്തേക്കു പുറപ്പെട്ടു. ഇതില്‍ നിന്നും അബ്രഹാമിന്റെ ദൈവത്തോടുള്ള പൂര്‍ണ്ണ വിധേയത്വം മനസിലാക്കുവാന്‍ സാധിക്കുമെന്നും പാപ്പ ചൂണ്ടികാണിച്ചു.

രണ്ടാം വിഭാഗത്തില്‍ പാപ്പ ഉള്‍പ്പെടുത്തിയത്, ദൈവത്തിന് വേണ്ടി പ്രവര്‍ത്തിച്ച ദാവീദിനേയും, സാമുവേലിനേയും പോലെയുള്ളവരെയാണ്. മൂന്നാം വിഭാഗത്തിലാണ് സഭയ്ക്ക് വേണ്ടി രക്തസാക്ഷിത്വം വഹിച്ച വിശ്വാസികളെ പാപ്പ ചേര്‍ത്തിരിക്കുന്നത്. ക്രിസ്തുവിനെ പ്രതി ജീവന്‍ ബലികഴിക്കുന്ന ഇത്തരം വിശ്വാസികളാണ് സഭയുടെ ശക്തിയെന്നും, ഒന്നാം നൂറ്റാണ്ട് മുതല്‍ ഈ പ്രക്രിയ സഭയില്‍ തുടരുകയാണെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

"വിശ്വാസികള്‍ പാപികളും ദോഷികളും ആയിരിക്കാം. എന്നാല്‍ ദൈവഹിതം അനുസരിക്കുവാന്‍ അവര്‍ ജീവന്‍ തന്നെ ബലി നല്‍കുന്നു. ക്രിസ്തുവിന്റെ സാക്ഷികളാകുന്നതിലും വലുതായി അവര്‍ മറ്റൊന്നിനേയും കാണുന്നില്ല. രക്തസാക്ഷികള്‍ ഇല്ലാത്ത സഭ ക്രിസ്തുവില്ലാത്ത സഭയാണ്. ലോകത്തിന്റെ പലകോണുകളിലും ക്രിസ്തുവിനെ പ്രതി ആളുകള്‍ ഇന്നും കൊലചെയ്യപ്പെടുന്നു. മാധ്യമങ്ങളില്‍ എന്തുകൊണ്ടോ ഇതു വാര്‍ത്തയാകുന്നില്ല. ചില ക്രൈസ്തവര്‍ അനുഗ്രഹീതരാകുന്നത് തന്നെ അവര്‍ ക്രിസ്തുവിനെ പ്രതി പീഡനം സഹിക്കുന്നതു കൊണ്ടാണ്. ഇത്തരം ആളുകളെ ഇന്നത്തെ ബലിയില്‍ നമുക്ക് ഓര്‍ക്കാം". പരിശുദ്ധ പിതാവ് പറഞ്ഞു.


Related Articles »