News - 2025
പാക്കിസ്ഥാനില്‍ ക്രൈസ്തവരുടെ ഭവനങ്ങള്‍ അഗ്നിക്കിരയാക്കിയ കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു
സ്വന്തം ലേഖകന്‍ 31-01-2017 - Tuesday
ലാഹോര്‍: പാക്കിസ്ഥാനില്‍ ക്രൈസ്തവരുടെ വീടുകള്‍ തീയിട്ട് നശിപ്പിച്ച കേസില്‍ പ്രതികളായിരുന്ന 155 പേരെയും കോടതി വെറുതെ വിട്ടു. തീവ്രവാദ വിരുദ്ധ കേസുകള്‍ കൈകാര്യം ചെയ്യുന്ന ലാഹോര്‍ കോടതിയിലെ ജഡ്ജി ചൗധരി ആസാമാണ് പ്രതികള്‍ കുറ്റക്കാരല്ലെന്നു വിധി പുറപ്പെടുവിച്ചത്. വിധിക്കെതിരെ സര്‍ക്കാര്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂട്ടറായ വാക്വാര്‍ ബട്ടി പറഞ്ഞു. 2013 മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ലാഹോറിന് സമീപത്തായുള്ള ജോസഫ് കോളനിയിലെ വീടുകളാണ് ഇസ്ലാം മത വിശ്വാസികളായ ജനകൂട്ടം തീയിട്ട് നശിപ്പിച്ചത്. ഒരു ക്രൈസ്തവ വിശ്വാസി ബാര്‍ബര്‍ ഷോപ്പില്‍ ഇരുന്ന് പ്രവാചകനായ മുഹമ്മദ് നബിയെ കളിയാക്കി, എന്നാരോപിച്ചാണ് ക്രൈസ്തവര്‍ക്കു നേരെ ഇസ്ലാം സമൂഹം അക്രമം അഴിച്ചുവിട്ടത്. അക്രമം നടക്കുവാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി അറിഞ്ഞ ക്രൈസ്തവര്‍ വീടുകള്‍ ഉപേക്ഷിച്ച് പ്രദേശത്തു നിന്നും പലായനം ചെയ്തിരിന്നു. ഇതിനെ തുടര്‍ന്നാണ് ക്രൈസ്തവര്‍ക്കു തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്.
പ്രതിഭാഗത്തിനു വേണ്ടി ഗുലാം മുര്‍ത്താസ എന്ന അഭിഭാഷകനാണ് ഹാജരായത്. സാക്ഷികളുടെ അഭാവത്തിലാണ് കോടതി തന്റെ കക്ഷികളെ വെറുതെ വിട്ടതെന്ന് ഗുലാം മുര്‍ത്താസ പറഞ്ഞു. ഭവനങ്ങള്‍ നശിച്ച ക്രൈസ്തവര്‍ക്ക്, സര്‍ക്കാര്‍ പിന്നീട് നഷ്ടപരിഹാരമായി വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു.
