News - 2025

ഭ്രൂണഹത്യയ്ക്കും ദയാവധത്തിനും എതിരെ ശക്തമായ നിലപാട് സ്വീകരിച്ച ജസ്റ്റീസ് നീല്‍ ഗോര്‍സച്ചിനെ യുഎസ് സുപ്രീം കോടതി ജസ്റ്റീസായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയമിച്ചു

സ്വന്തം ലേഖകന്‍ 01-02-2017 - Wednesday

വാഷിംഗ്ടണ്‍: ഭ്രൂണഹത്യയ്ക്കും ദയാവധത്തിനും എതിരെ ശക്തമായ നിലപാട് സ്വീകരിച്ച ജസ്റ്റീസ് നീല്‍ ഗോര്‍സച്ചിനെ യുഎസ് സുപ്രീം കോടതി ജസ്റ്റീസായി നിയമിച്ചുകൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിറക്കി. ദൈവിക നിയമങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന നിരവധി നിര്‍ണ്ണായകമായ വിധികൾ പുറപ്പെടുവിച്ച ന്യായാധിപനാണ് ജസ്റ്റീസ് നീല്‍ ഗോര്‍സച്ച്. ജസ്റ്റീസ് അന്റോണിന്‍ സ്‌കാലിയ വിരമിച്ച ഒഴിവിലേക്കാണ് ജസ്റ്റീസ് നീല്‍ ഗോര്‍സച്ച് നിയമിതനായിരിക്കുന്നത്.

2014-ല്‍ പുറത്തുവന്ന 'അഫോഡബിള്‍ കെയര്‍ ആക്റ്റിന്' എതിരെയുള്ള സുപ്രധാന വിധിയിലൂടെയാണ് മനുഷ്യജീവനെ സംരക്ഷിക്കുവാന്‍ വേണ്ടിയുള്ള ഭരണഘടനാ ബാധ്യത ജസ്റ്റീസ് നീല്‍ നിലനിറുത്തിയത്. ആക്റ്റ് പ്രകാരം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിന് ചില സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നിര്‍ബന്ധപൂര്‍വ്വം കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മതവിശ്വാസത്തിന്റെ പേരില്‍ ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുവാന്‍ സാധ്യമല്ലെന്ന് ഒരു വിഭാഗം വിശ്വാസികള്‍ കോടതിയില്‍ വാദിച്ചു. വിശ്വാസികളുടെ ഈ വാദം കേട്ട ജസ്റ്റീസ് നീല്‍, മത സ്വാതന്ത്ര്യം സംരക്ഷിക്കപെടണമെന്നു വിധിക്കുകയും ആക്റ്റിലെ ഇത്തരം വ്യവസ്ഥകളെ തള്ളികളയുകയുമായിരുന്നു. മനുഷ്യജീവന്റെ മഹത്വത്തെക്കുറിച്ചു ജസ്റ്റീസ് നീല്‍ എഴുതിയ പുസ്‌കതത്തില്‍ എല്ലാ മനുഷ്യജീവനുകള്‍ക്കും വിലയുണ്ടെന്ന് അദ്ദേഹം പ്രത്യേകം എടുത്തു പറയുന്നു.

താന്‍ അധികാരത്തില്‍ എത്തിയാല്‍ ജീവന്റെ സംരക്ഷകരായി നിലകൊള്ളുന്ന ന്യായാധിപന്‍മാരെ കോടതികളില്‍ നിയമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. അധികാരത്തിലെത്തിയ ശേഷം നടത്തിയ പുതിയ ജഡ്ജിയുടെ നിയമനത്തിലൂടെ തന്റെ ഒരു വാഗ്ദാനം കൂടി നിറവേറ്റുകയാണ് ട്രംപ് ചെയ്യുന്നത്.


Related Articles »