News
ഫെബ്രുവരി മാസത്തില്‍ പാവങ്ങള്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മാര്‍പാപ്പയുടെ ആഹ്വാനം
സ്വന്തം ലേഖകന്‍ 03-02-2017 - Friday
വത്തിക്കാന്‍: സമൂഹത്തില്‍ പീഡനം അനുഭവിക്കുന്ന ജനവിഭാഗത്തിനു വേണ്ടി ഫെബ്രുവരി മാസത്തിലെ പ്രാര്‍ത്ഥനകള്‍ നാം പ്രത്യേകമായി സമര്‍പ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍പാപ്പയുടെ ഫെബ്രുവരി മാസത്തെ പ്രാര്‍ത്ഥനാ നിയോഗം ഉള്‍കൊള്ളിച്ച് 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' തയ്യാറാക്കി പുറത്തുവിട്ടിട്ടുള്ള വീഡിയോയിലാണ് ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം. അഭയാര്‍ത്ഥികള്‍ക്കു വേണ്ടിയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടിയും തന്നോടൊപ്പം ചേര്‍ന്നു ഈ മാസം വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്തണമെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ പറയുന്നു.
"നാം ഇന്ന് ജീവിക്കുന്നത് ആകാശത്തോളം വളര്‍ന്ന കെട്ടിടങ്ങളും, വമ്പന്‍ ഷോപ്പിംഗ് മാളുകളും നിറഞ്ഞ ലോകത്തിലാണ്. എന്നാല്‍ ഈ ലോകം ചില മനുഷ്യരെ മാത്രം ഉള്‍ക്കൊള്ളുന്ന ഒന്നാണ്. ഇതിന്റെ അനന്തര ഫലമായി വലിയ ഒരു വിഭാഗം ജനങ്ങള്‍ സമൂഹത്തില്‍ പാര്‍ശവല്‍ക്കരിക്കപ്പെട്ടവരായി തീരുന്നു. ജോലിയില്ലാതെ, അവസരങ്ങളില്ലാതെ, മുന്നോട്ടു നീങ്ങുവാന്‍ വഴികളില്ലാതെ ചിലര്‍ മാത്രം ഈ സമ്പന്ന ലോകത്തിന്റെ വശങ്ങളില്‍ നില്‍ക്കുന്നു".
"ദയവായി ഇവരെ മറക്കരുത്. അവഗണിക്കപ്പെടുന്ന സാധുക്കള്‍ക്ക് വേണ്ടി നാം പ്രാര്‍ത്ഥിക്കണം. ഇവരില്‍ വലിയൊരു വിഭാഗവും അഭയാര്‍ത്ഥികളും, വീടില്ലാത്തവരും, സമൂഹം പാര്‍ശവല്‍ക്കരിക്കപ്പെട്ട് തള്ളി കളഞ്ഞവരുമാണ്. ഇവരെയും നമുക്ക് സ്വീകരിക്കാം. അവര്‍ക്കും സൗഖ്യം പകര്‍ന്നു നല്‍കാം". പരിശുദ്ധ പിതാവ് തന്റെ സന്ദേശത്തില്‍ പറഞ്ഞു. സഭൈക്യം പുനസ്ഥാപിക്കാനും മാനവരാശി നേരിടുന്ന വെല്ലുവിളികളെ പരസ്പര സഹകരണത്തോടെ നേരിടുന്നതിനു വേണ്ടിയാണ് മാര്‍പാപ്പ കഴിഞ്ഞ മാസം പ്രാര്‍ത്ഥിച്ചത്.
