News
ഐഎസ് തീവ്രവാദികള്‍ ക്രൈസ്തവരെ കൊന്നൊടുക്കിയപ്പോള്‍ ഇവർ എവിടെയായിരുന്നു? ട്രംപിന്റെ നടപടിക്കെതിരെ പ്രതിഷേധിക്കുന്നവരെക്കുറിച്ച് ഇറാഖി ആര്‍ച്ച് ബിഷപ്പ്
സ്വന്തം ലേഖകന്‍ 05-02-2017 - Sunday
ഇര്‍ബില്‍: യുഎസിലേക്ക് അഭയാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നില്ലായെന്ന് പറഞ്ഞ് പ്രതിഷേധിക്കുന്നവര്‍, ഐഎസ് തീവ്രവാദികള്‍ ക്രൈസ്തവരെ കൊന്നൊടുക്കിയപ്പോള്‍ എവിടെ ആയിരിന്നുവെന്നു ആര്‍ച്ച് ബിഷപ്പ് ബഷര്‍ വാര്‍ദ. ഇറാഖിലെ ഇര്‍ബില്‍ കല്‍ദായ കത്തോലിക്ക അതിരൂപതയുടെ അധ്യക്ഷനായ ബഷര്‍ വാര്‍ദ 'ക്രക്‌സ്' എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതിഷേധക്കാരുടെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തു വന്നിരിക്കുന്നത്. ക്രൈസ്തവര്‍ പീഡനം ഏറ്റുവാങ്ങുമ്പോള്‍ പ്രതിഷേധിക്കുവാന്‍ ആരുമില്ലെന്നും, മറിച്ചാകുമ്പോള്‍ പ്രതിഷേധിക്കുവാന്‍ എല്ലാവരും ഒത്തുകൂടുന്ന വിചിത്രമായ കാഴ്ച്ചയാണ് ലോകത്ത് കാണുവാന്‍ സാധിക്കുന്നതെന്ന് ബഷര്‍ വാര്‍ദ അഭിമുഖത്തില്‍ തുറന്നടിച്ചു.
"പതിനായിരക്കണക്കിന് ക്രൈസ്തവരാണ് എന്റെ അതിരൂപതയില്‍ തന്നെ ഐഎസ് ഭീകരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. മനുഷ്യസമൂഹം ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലാണ് ഇവിടെ ക്രൈസ്തവ വിശ്വാസികളേയും യസീദികളേയും ഷിയാ മുസ്ലീം വിശ്വാസികളേയും ഐഎസ് തീവ്രവാദികള്‍ കൊന്നൊടുക്കിയത്. ഇതു കൂടാതെ സ്ത്രീകളോടും കുട്ടികളോടും അവര്‍ ചെയ്ത അതിക്രമം കേട്ടാല്‍ ഹൃദയം തകരും. ഇത്തരം ക്രൂരത ഇവിടെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അരങ്ങേറുന്നു. ലോകത്തിന്റെ ഒരു കോണില്‍ നിന്നും ഒരു പ്രതിഷേധവും ഉയര്‍ന്നു വന്നില്ല. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവരേയും മറ്റു ന്യനപക്ഷങ്ങളേയും പീഡിപ്പിക്കുമ്പോള്‍ ആരും പ്രതിഷേധിക്കാറില്ല".
"യുഎസില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ ലോകമെമ്പാടും വലിയ പ്രതിഷേധമാണ് ഉണ്ടാകുന്നത്. എന്നാല്‍ ഒബാമയുടെ നേതൃത്വത്തിലുള്ള മുന്‍ ഭരണകൂടം സിറിയയില്‍ നിന്നുള്ള ക്രൈസ്തവരെ അഭയാര്‍ത്ഥികളായി സ്വീകരിക്കുവാന്‍ തയ്യാറായിയിരിന്നില്ല. ഇറാഖിലേയും സ്ഥിതി ഇതു തന്നെയാണ്. ഐഎസ് ഞങ്ങളുടെ ശിരസ്സ് അറുത്തുമാറ്റുമ്പോള്‍, ഇവിടെയുള്ള മുസ്ലീങ്ങളെ മാത്രം തെരഞ്ഞ് പിടിച്ച് ഒബാമയും കൂട്ടരും യുഎസിലേക്ക് അഭയാര്‍ത്ഥികളായി സ്വീകരിച്ചു. ഇത് അനീതിയല്ലേ. ഇതിനെതിരെ എന്താണ് ആരും പ്രതിഷേധിക്കാതിരുന്നത്".
"മൂന്നു മാസം അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന എല്ലാ നടപടികളും യുഎസ് ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ചിലര്‍ ഇതില്‍ പരാതി പറയുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ താമസിക്കുന്ന ക്രൈസ്തവര്‍ക്ക് യുഎസിലേക്ക് പ്രവേശനമേയില്ല എന്ന സ്ഥിതിയാണു നിലനില്‍ക്കുന്നത്. ഇത്രയും വര്‍ഷങ്ങള്‍ ക്രൈസ്തവര്‍ ഇവിടെ ഭീകരവാദികളുടെ കത്തിക്ക് ഇരയായി വംശഹത്യ ചെയ്യപ്പെടുമ്പോള്‍ എന്തുകൊണ്ടാണ് ആരും പ്രതിഷേധിക്കാതെ, മൂന്നു മാസത്തേക്ക് താല്‍ക്കാലികമായി ഒരു നിയന്ത്രണം വന്നപ്പോള്‍ പ്രതിഷേധിക്കുന്നത്". ആര്‍ച്ച് ബിഷപ്പ് ബഷര്‍ വാര്‍ദ ചോദിച്ചു.
ക്രൈസ്തവരുടെയും യസീദികളുടെയും ഷിയാ മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റു ന്യൂനപക്ഷങ്ങളുടെയും കാര്യത്തില്‍ മാധ്യമങ്ങളും പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ചിലരും സ്വീകരിക്കുന്ന നിലപാടിനേയും ആര്‍ച്ച് ബിഷപ്പ് ബഷര്‍ വാര്‍ദ വിമര്‍ശിച്ചു. യുഎസിലേക്ക് ഇപ്പോള്‍ അഭയാര്‍ത്ഥികളെ കടത്തിവിടുന്നില്ലെന്ന നടപടിയെ മാധ്യമങ്ങള്‍ വളച്ചൊടിച്ച് 'മുസ്ലീങ്ങളെ' യുഎസില്‍ വിലക്കുന്നുവെന്നാണ് കാണിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് കുറ്റപ്പെടുത്തുന്നു.
"അഭയാര്‍ത്ഥികളായി വരുന്ന ആരേയും യുഎസിലേക്ക് ഇപ്പോള്‍ കടത്തി വിടുന്നില്ല എന്നതാണ് സത്യം. ഇതാണ് വാര്‍ത്ത. വസ്തുത ഇതായിരിക്കേ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു മുസ്ലീങ്ങളെ യുഎസിലേക്ക് കടത്തിവിടുന്നില്ല എന്നാണ്. എത്ര പക്ഷപാതകരമായ രീതിയിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്. ഈ വാര്‍ത്ത വന്ന ശേഷം മുസ്ലീങ്ങളുടെ ഇടയില്‍ താമസിക്കുന്ന ഞങ്ങളെ പോലെയുള്ള ന്യൂനപക്ഷങ്ങളുടെ സ്ഥിതിയെ കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തവര്‍ക്ക് വല്ല അറിവും ഉണ്ടോ".
"ഇത്തരം വാര്‍ത്തകളുടെ പേരില്‍ മുസ്ലീങ്ങള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ താമസിക്കുന്ന ക്രൈസ്തവരെയാണ് ഉപദ്രവിക്കുന്നത്. ഇതിനെ കുറിച്ച് എല്ലാവരും മൗനം പാലിക്കുന്നു. മാധ്യമങ്ങള്‍ക്ക് ഇത്തരം വിഷയങ്ങള്‍ റേറ്റിംഗിന്റെ മാത്രം കാര്യമാണ്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ കഷ്ടത്തിലാക്കുന്നത് ഞങ്ങളെയാണ്. ഭീകരവാദികള്‍ ഈ വാര്‍ത്തകള്‍ എടുത്തുകാട്ടി ഞങ്ങളെ വീണ്ടും അക്രമിക്കുന്നു. ഭയവായി വസ്തുതാപരമായി കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യൂ". ആര്‍ച്ച് ബിഷപ്പ് ബഷര്‍ വാര്‍ദ പറഞ്ഞു.
വിശ്വാസത്തിന്റെ പേരില്‍ പൂര്‍വ്വീകരുടെ ഭൂമി വിട്ടു പോകുവാന്‍ മടികാണിക്കുന്ന പുരാതന മനുഷ്യരാണ് തങ്ങളെന്നും, തങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുവാന്‍ ആരെങ്കിലും ഉണ്ടോ എന്നും ചോദിച്ചു കൊണ്ടാണ് ആര്‍ച്ച് ബിഷപ്പ് ബഷര്‍ വാര്‍ദ തന്റെ അഭിമുഖം അവസാനിപ്പിക്കുന്നത്.
