News - 2025

സഭയില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു, പ്രാര്‍ത്ഥിക്കുക: ബിഷപ്പ്‌ ഫിലിപ്പ്‌ ഇഗാന്‍

സ്വന്തം ലേഖകന്‍ 09-02-2017 - Thursday

പോര്‍ട്ട്‌സ്‌മൗത്ത്‌: സഭയ്ക്കകത്ത്‌ പ്രശ്‌നങ്ങള്‍ വളര്‍ന്ന് വരികയാണെന്നും ഇതിനെ അതിജീവിക്കുവാന്‍ ശക്തമായ പ്രാര്‍ത്ഥന ആവശ്യമാണെന്നും പോര്‍ട്ട്‌സ്‌മൗത്ത്‌ ബിഷപ്പ്‌ ഫിലിപ്പ്‌ ഇഗാന്‍. തന്റെ രൂപതയിലെ വൈദീകരുമായി നടത്തിയ രൂപതാ കൗണ്‍സില്‍ യോഗത്തിന്‌ ശേഷമാണ് ബിഷപ്പ് ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചത്‌. "പുരോഹിതര്‍ മാര്‍പാപ്പയെ ആണോ അതോ മെത്രാനെ ആണോ അനുസരിക്കേണ്ടത്‌? രണ്ടുപേരെയും. സഭക്കകത്ത്‌ പ്രശ്‌നങ്ങള്‍ പെരുകി വരുന്നു, നമുക്കു പ്രാര്‍ത്ഥിക്കാം". ബിഷപ്പ്‌ ഫിലിപ്പ്‌ ഇഗാന്‍ ട്വിറ്ററില്‍ കുറിച്ചു.

രൂപത കൗണ്‍സിലില്‍ 20 ഓളം പുരോഹിതരുണ്ട്‌. ഇതിലൊരാള്‍, പുനര്‍ വിവാഹിതര്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ അമോരീസ്‌ ലെത്തീസ്യയിലെ ആശയകുഴപ്പത്തെ സംബന്ധിച്ചു ചോദ്യം ഉന്നയിച്ചിരിന്നു. ഇതിനുള്ള മറുപടിയാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. തന്റെ ഇടയലേഖനത്തിലും ബിഷപ്പ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

വിവാഹ മോചിതര്‍ക്കും സിവില്‍ വിവാഹിതര്‍ക്കും വിശുദ്ധ കുര്‍ബാന സ്വീകരിക്കാമെന്ന്‌ മാര്‍പാപ്പ പറഞ്ഞില്ല. നല്ലൊരു പുരോഹിതന്‌ ഇവരിലെത്തി സഹായിക്കാനാകും, അവരുടെ അവസ്ഥയില്‍ നിന്നും മാറ്റി ദൈവത്തിങ്കല്‍ കൊണ്ടു വന്ന്‌ സഭയില്‍ അവരുടെ സ്ഥാനവും ദൗത്യവും ഏറ്റെടുക്കാന്‍ പ്രാപ്‌തരാക്കണമെന്നാണ്‌ പരിശുദ്ധ പിതാവ്‌ ഉദ്ദേശിച്ചത്‌. കാരുണ്യത്തെപ്പറ്റിയുള്ള സഭയുടെ പാരമ്പര്യ വഴികളില്‍ ബനഡിക്ട്‌ പതിനാറാമനും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും സഞ്ചരിച്ച പാതയില്‍ തന്നെയാണ്‌ ഫ്രാന്‍സിസ്‌ പാപ്പയുമെന്ന് ബിഷപ്പ്‌ ഇഗാന്‍ ചൂണ്ടിക്കാട്ടി.


Related Articles »