News - 2024

നൈജീരിയന്‍ ക്രൈസ്‌തവരെ ഇസ്ലാം മതസ്ഥര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്നുവെന്ന് റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍ 14-02-2017 - Tuesday

ഡമടുറു: ഉത്തര നൈജീരിയായില്‍ ആഭ്യന്തര കലഹം മൂലം പലായനം ചെയ്തതിന് ശേഷം, മടങ്ങിയെത്തുന്ന ക്രൈസ്‌തവരെ നിര്‍ബന്ധപൂര്‍വ്വം ഇസ്ലാം മതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യുകയാണെന്നാണ് 'ഓപ്പണ്‍ ഡോര്‍' സംഘടനയുടെ പുതിയ റിപ്പോര്‍ട്ട്. ഇസ്ലാം മതം സ്വീകരിക്കുന്നതിന് വഴങ്ങാത്തവരുടെ ജീവന്‍ അപകടത്തിലാണെന്നും സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. യോബ്‌ സംസ്ഥാനത്താണ്‌ ക്രൈസ്‌തവരെ മതപരിവര്‍ത്തനം നടത്താന്‍ ഇസ്ളാമിക സംഘടനകള്‍ ശ്രമിക്കുന്നത്‌.

അതേ സമയം ആഭ്യന്തര യുദ്ധം മൂലം തകര്‍ന്ന പ്രദേശങ്ങളുടെ പുനര്‍നിമ്മാണത്തില്‍ ക്രൈസ്‌തവര്‍ തിങ്ങി വസിക്കുന്ന ഇടങ്ങളെ അവഗണിക്കുന്നതായും ആരോപണമുണ്ട്‌. ക്രൈസ്‌തവരെ സര്‍ക്കാര്‍ ജോലികളില്‍ നിന്നും പിരിച്ചു വിടുന്നതായും ഇസ്ലാമിലേക്കു പരിവര്‍ത്തനം ചെയ്‌താല്‍ സാമ്പത്തിക സഹായം നല്‍കുന്നതായും പ്രദേശവാസികളായ ക്രൈസ്‌തവര്‍ വെളിപ്പെടുത്തി. ആഭ്യന്തര കലഹത്തില്‍ ഏറ്റവും അധികം നാശം നേരിട്ട മൂന്നു സംസ്ഥാനങ്ങളില്‍ ഒന്നാണ്‌ യോബ്‌.

പുനര്‍നിര്‍മ്മാണ പദ്ധതികള്‍ മറ്റെല്ലാ സമുദായക്കാര്‍ക്കും ബാധകമാക്കുമ്പോള്‍ യോബ് സംസ്ഥാനത്തെ ഏക ക്രൈസ്‌തവ സമുദായമായ കുക്കാര്‍ ഗഡുക്കാരെ അവഗണിക്കുകയാണ്. കടുത്ത ദാരിദ്ര്യവും തൊഴിലില്ലായ്‌മയും വ്യാപകമായ രോഗപീഢകളും അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ്‌ ജനങ്ങളെ നിര്‍ബന്ധിച്ചും പണം നല്‍കിയും ഇസ്ലാം മതസ്ഥര്‍ മതമാറ്റം നടത്തുന്നത്‌.


Related Articles »