News - 2024

നൈജീരിയായില്‍ ആയുധധാരികള്‍ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ട് പോയി

സ്വന്തം ലേഖകന്‍ 18-02-2017 - Saturday

അഖ്വാ ഇബോം(നൈജീരിയ): നൈജീരിയയിലെ ഇക്കോട്ട്‌ എക്‌പെനി കത്തോലിക്ക രൂപതയിലെ വൈദികനെ ആയുധധാരികളായ അജ്ഞാത സംഘം തട്ടിക്കൊണ്ട്‌ പോയി. ഇക്കോട്ട്‌ എടിമിലുള്ള സെന്‍റ് വിശുദ്ധ മിഖായേലിന്റെ നാമധേയത്തിലുള്ള ഇടവകയുടെ വികാരിയും എസ്സെയ്‌ന്‍ ഉദിമിലെ മെക്‌പടാക്‌ ടോപ്‌ ഫെയ്‌ത്ത്‌ ഇന്റര്‍ നാഷണല്‍ സ്‌ക്കൂളിലെ അധ്യാപകനുമായ ഫാദര്‍ ഫെലിക്‌സ്‌ അക്‌പാനെയാണ്‌ അജ്ഞാത സംഘം തോക്ക്‌ ചൂണ്ടി തട്ടിക്കൊണ്ട്‌ പോയത്‌.

വൈദികനെ തട്ടികൊണ്ട് പോയ വാര്‍ത്ത അഖ്വാ ഇബോം സംസ്ഥാന പോലിസ്‌ കമ്മീഷണര്‍ ഡൊനള്‍ഡ്‌ അവുനഹ സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം പുരോഹിതനെ കണ്ടെത്താനും മോചിപ്പിക്കാനും പ്രത്യേക ദൗത്യ സംഘത്തെ നിയമിച്ചു. വിദ്യാലയത്തില്‍ നിന്നും തിരിച്ചു പോകുമ്പോള്‍ അബാക്‌-ഉക്കനാഫണ്‍ റോഡില്‍ വെച്ചായിരുന്നു സംഭവം നടന്നത്‌. വൈദികന്റെ കാര്‍ സമീപത്തുള്ള ഗാരേജില്‍ നിന്നും കണ്ടെടുത്തതായി അന്വേഷണ സംഘം പറയുന്നു.

കാര്‍ കൈവശം വെച്ചിരുന്ന രണ്ടു പേരെ കസ്റ്റഡിലെടുത്ത്‌ ചോദ്യം ചെയ്യല്‍ തുടരുന്നതായി നൈജീരിയന്‍ പോലീസ്‌ വൃത്തങ്ങള്‍ വ്യക്തമാക്കി. അതേ സമയം വൈദികന്‍റെ തിരോധനത്തില്‍ ഭീകരര്‍ക്ക്‌ എന്തെങ്കിലും ബന്ധമുള്ളതായി അറിവായിട്ടില്ല. ഫാദര്‍ ഫെലിക്‌സിന്റെ മോചനത്തിനായി രാജ്യത്തെ ക്രൈസ്‌തവര്‍ പ്രത്യേകം പ്രാര്‍ത്ഥനാ ആരംഭിച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ മുസ്ലീം ഗോത്രവര്‍ഗ്ഗ വിഭാഗമായ ഫുലാനി ഹെഡ്‌സ്മാന്‍ മറ്റൊരു വൈദികനെ തട്ടിക്കൊണ്ടു പോയിരുന്നു. വൈദികര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ നൈജീരിയായില്‍ പതിവ് സംഭവമായി മാറിയിരിക്കുകയാണ്.


Related Articles »