News - 2024

ക്രൈസ്തവ നരഹത്യയില്‍ ഐക്യരാഷ്ട്രസഭ മൗനം പാലിക്കുകയാണെന്നു അമേരിക്കന്‍ സംഘടന

സ്വന്തം ലേഖകന്‍ 18-02-2017 - Saturday

ജനീവ: ഐഎസ്‌ ഭീകരര്‍ ഇറാഖിലും മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ക്രൈസ്‌തവരെ കൂട്ടകുരുതി നടത്തിയപ്പോള്‍ ഐക്യരാഷ്ട്ര സഭ മൗനം പാലിക്കുകയാണ് ചെയ്തതെന്ന്‍ അമേരിക്കന്‍ സെന്‍റര്‍ ഫോര്‍ ലോ ആന്റ്‌ ജസ്‌റ്റിസ്‌ സംഘടന കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങളെ നരഹത്യ ചെയ്യുമ്പോള്‍ ക്രൈസ്‌തവരെ തിരിച്ചറിയാനോ ജീവന്‍ രക്ഷിക്കാനോ ഉള്ള ശ്രമം നടത്തുവാനോ പോലും ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ ശ്രമം നടത്തിയില്ലെന്നും സംഘടന കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

ക്രൈസ്‌തവരേയും മറ്റു ന്യുനപക്ഷങ്ങളേയും ഇസ്ലാമിക ഭീകരരുടെ കൈകളില്‍ വധിക്കപ്പെടാന്‍ ഐക്യരാഷ്ട്ര സംഘടന വിട്ടുകൊടുക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. അതേ സമയം അമേരിക്കന്‍ സെന്‍റര്‍ ഫോര്‍ ലോ ആന്റ്‌ ജസ്‌റ്റിസ്‌ സംഘടനയും യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ ലോ ആന്റ്‌ ജസ്‌റ്റിസ്‌ സംഘടനയും സംയുക്തമായി ക്രൈസ്തവ നരഹത്യക്കെതിരെ പ്രമേയം പാസ്സാക്കി യുഎന്‍ ജനറല്‍ അസംബ്ലിക്ക്‌ നിവേദനം അയച്ചിട്ടുണ്ട്.

ക്രൈസ്തവര്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തര ഇടപെടലാണ് വേണ്ടത്‌. ഇസ്ലാമിക്‌ സ്റ്റേറ്റിന്റെ നരഹത്യക്ക്‌ ഇരകളാകുന്ന ക്രൈസ്‌തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ യുഎന്‍ സംരക്ഷിക്കേണ്ടതുണ്ട്‌. ഇറാഖിലും സിറിയയിലും ക്രൈസ്‌തവരുടേയും മറ്റു ന്യൂനപക്ഷങ്ങളുടേയും പ്രാണരക്ഷക്ക്‌ വേണ്ടി യു‌എന്‍ ഇടപെടല്‍ നടത്തണമെന്നും അമേരിക്കന്‍ സംഘടന സമര്‍പ്പിച്ച നിവേദനത്തില്‍ പറയുന്നു.


Related Articles »