Life In Christ - 2025
സ്വപ്നം കാണാം.., പണിതുയര്‍ത്താം!
തോമസ് സാജ് 21-02-2017 - Tuesday
കഴിഞ്ഞ വര്‍ഷം തന്‍റെ മെത്രാഭിഷേകത്തിന് ഇടവകാംഗങ്ങളെ ക്ഷണിക്കുവാനായി അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഞങ്ങളുടെ ഇടവകയായ Exeter ല്‍ വരികയുണ്ടായി. ഹൃദ്യമായ ഒരു കൂടിക്കാഴ്ചയായിരുന്നു, അത്. ആ സന്ദര്‍ഭത്തില്‍ പിതാവിനോട് സഭാപരമായ കാര്യങ്ങളെന്തെങ്കിലും ചോദിക്കുവാനുള്ള അവസരം എനിക്കു വന്നു പെട്ടു. എന്‍റെ മനസ്സില്‍ പെട്ടെന്നുയര്‍ന്നു വന്ന ചോദ്യം ഇതാണ്: യുകെ സീറോ മലബാര്‍ സഭയില്‍ ഇടവകകള്‍ രൂപീകരിക്കുന്നതില്‍ സഭ എടുത്തിരിക്കുന്ന നിലപാട് എന്താണ്?
പിതാവ് എന്‍റെ ചോദ്യത്തിന് മറുപടി പറഞ്ഞത് ഇങ്ങനെയാണ്; 'സഭ അതിന്‍റെ ചട്ടക്കൂടില്‍ നിന്നു കൊണ്ട് ഇംഗ്ലണ്ടിലെ നിയമങ്ങളും സാഹചര്യങ്ങളും മനസ്സിലാക്കി വിശ്വാസികളുടെ സഹകരണത്തോടെ ഇടവകകള്‍ രൂപീകരിക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കും' എന്നായിരുന്നു. ഇക്കാര്യം ഞാന്‍ വിവിധ വ്യക്തികളുമായി പങ്കുവച്ചപ്പോള്‍ എനിക്കു ലഭിച്ച പ്രതികരണങ്ങള്‍ വ്യത്യസ്ഥങ്ങളായിരുന്നു; ചിലര്‍ അനുകൂലിച്ചപ്പോള്‍ മറ്റു ചിലര്‍ പ്രതികൂലിച്ചു സംസാരിച്ചു.
നമ്മള്‍ ഇംഗ്ലണ്ടിലെ ഇന്നത്തെ ആത്മീയ സാഹചര്യം മനസ്സിലാക്കണമെന്നും വിലയിരുത്തണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. പല പള്ളികളും ഇവിടെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ പൂട്ടി പോവുകയാണ്. ഈ സാഹചര്യത്തില്‍ നമുക്ക് വലിയൊരു ദൗത്യം നിറവേറ്റാനുണ്ട്. പുതിയ ഇടവകകള്‍ക്ക് രൂപം കൊടുക്കാനും അതു വഴി വിശ്വാസത്തിന്‍റെ ദീപം വീണ്ടും ഊതിത്തെളിക്കുവാനും നമുക്ക് കഴിയും. സഭയുടെ നിയമങ്ങളും വ്യവസ്ഥകളും രീതികളും സഭയുടെ വളര്‍ച്ചയ്ക്കായി ഉപയോഗപ്പെടുത്തുവാനും നമുക്ക് കഴിയും.
ഇത് ദൈവം നമുക്ക് നല്‍കിയ വലിയൊരു അവസരമായി കാണണം. പ്രവാസ ദേശത്ത് ദൈവത്തിന്‍റെ നാമം ഉയര്‍ത്തി പിടിക്കുവാനും വിശ്വാസദീപം എല്ലാവരും കാണത്തക്ക വിധം തെളിച്ചു പിടിക്കാനുമുള്ള സുവര്‍ണാവസരമാണിത്. നമുക്ക് വേണ്ടത് എല്ലാവരുടെയും അകമഴിഞ്ഞ സഹകരണമാണ്.
ഹൈറേഞ്ചിലും മലബാറിലും കുടിയേറി പാര്‍ത്ത നമ്മുടെ പൂര്‍വികരെ ഈ സന്ദര്‍ഭത്തില്‍ നമുക്ക് ഓര്‍ക്കാം. വലിയ വെല്ലുവിളികള്‍ തരണം ചെയ്തും പ്രകൃതിയോട് പ്രതിസന്ധികളോടും മല്ലിട്ടുമാണ് അവര്‍ ജീവിതം കെട്ടിപ്പടുത്തത്. അത്രയേറെ ത്യാഗം സഹിച്ച അവര്‍ക്ക് ആര്‍ക്കും സഭയുടെ ഇന്നത്തെ വളര്‍ച്ചയും സൗഭാഗ്യവും അനുഭവിക്കാന്‍ സാധിച്ചിട്ടില്ല. പിന്‍തലമുറക്കാരായ നമ്മളാണ് അവരുടെ ത്യാഗങ്ങളുടെയും വിയര്‍പ്പിന്‍റെയും ഫലം അനുഭവിക്കുന്നത്.
ഇംഗ്ലണ്ടില്‍ പത്തുപതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് എത്തിച്ചേര്‍ന്ന ആദ്യ കുടിയേറ്റക്കാരായ നമ്മളും ദൈവത്തിന്‍റെ പദ്ധതി പ്രകാരമാണ് ഇവിടെ എത്തിയത് എന്നോര്‍ക്കണം. നമ്മുടെ പാരമ്പര്യങ്ങളും വിശ്വാസങ്ങളും മൂല്യങ്ങളും മുറിഞ്ഞു പോകാതെ സഭയെ പണിതുയര്‍ത്തുവാന്‍ നാം ഓരോരുത്തരും ശ്രമം തുടരേണ്ടിയിരിക്കുന്നു. നമ്മുടെ പ്രയത്നങ്ങളുടെ ഫലം നമ്മുടെ പിന്‍തലമുറ അനുഭവിക്കും. സഭയുടെ അമൂല്യമായ വിശ്വാസ സമ്പത്ത് കെട്ടിപ്പടുത്തത് നമ്മുടെ പൂര്‍വികന്മാരാണെന്ന് ഓര്‍ക്കുക.
സ്വന്തമായ പള്ളികളും കണ്‍വെന്‍ഷന്‍ സെന്‍ററുകളും നമുക്ക് സ്വപ്നം കാണാം. അത് നമ്മുടെ ആധ്യാത്മിക വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും അത്യാവശ്യമാണ്. സഭ തുടങ്ങിയപ്പോഴേ പിരിവ് തുടങ്ങി എന്ന്‍ വിലപിക്കുന്നവരായി മാറാതെ നമ്മുടെ കാഴ്ചപ്പാടുകളും മനസ്സുകളും വലുതാക്കാം. ഭാവിയില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും പിരിയാതിരിക്കാന്‍ ഇന്നു തന്നെ നമുക്ക് ദൈവിക ശുശ്രൂഷകളുടെ ഭാഗമാകാം. നമ്മുടെ മക്കളുടെയും പിന്‍തലമുറയുടെയും നന്മയ്ക്കു വേണ്ടി.
ഈ നോമ്പുകാലത്ത് അബ്രഹാത്തെ പോലെ "ദൈവം സംവിധാനം ചെയ്തതും നിര്‍മിച്ചതും അടിസ്ഥാനമുറപ്പിച്ചതുമായ ഒരു നഗരത്തെ അവന്‍ പ്രതീക്ഷിച്ചിരുന്നു" (ഹെബ്രായര്‍ 11:10). നമുക്കും പ്രതീക്ഷിക്കാം, സ്വപനം കണ്ടു തുടങ്ങാം. ശോഭനമായ ഭാവിക്കായി സ്വരൂപിച്ചു വയ്ക്കാം.
യുകെയിലെ നമ്മുടെ ആദ്യ ദേവാലയം ലഭ്യമാക്കാന്‍ മുന്‍കൈ എടുത്ത മാത്യു ചൂരപൊയ്കയില്‍ അച്ഛന്‍റെയും ലീഡ്സിലെ രണ്ടാമത്തെ പള്ളി നമുക്കായി ലഭ്യമാക്കാന്‍ പരിശ്രമിച്ച ജോസഫ് പോന്നേത്ത് അച്ഛന്‍റെയും സമര്‍പ്പണവും തീക്ഷ്ണതയും നമുക്ക് മാതൃകയാക്കാം. അവര്‍ നടന്ന വഴിയെ നമുക്ക് ചരിക്കാം. കര്‍ത്താവ് നമ്മോടു കൂടെ ഉണ്ടായിരിക്കും.