Life In Christ - 2025
ഭീകരർ അവരുടെ മാർഗ്ഗവും ലക്ഷ്യവും തീരുമാനിച്ചു കഴിഞ്ഞു. അതിനെ നേരിടാൻ നമ്മുടെ കൈയിൽ എന്താണുള്ളത്?
സ്വന്തം ലേഖകൻ 24-11-2015 - Tuesday
മുസ്ലീം ഭീകരത ഭയന്ന് അനുദിനം ലക്ഷകണക്കിന് അഭയാർത്ഥികളും അതിനൊപ്പം സാമ്പത്തിക കുടിയേറ്റക്കാരും യൂറോപ്പിന്റെ തീരങ്ങളിൽ എത്തിക്കൊണ്ടിരിക്കുകയാണ്. റോമൻ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് വഴിയൊരുക്കികൊണ്ട്, 5-ാം നൂറ്റാണ്ടിൽ റോമൻ കവാടങ്ങളിലേക്ക് എത്തിച്ചേർന്ന ഹൺസ്-ജെർമാനിക് ഗോത്രവർഗ്ഗക്കാർ സൃഷ്ടിച്ച അരാജകത്വത്തിന് തുല്യമാണ് ഇപ്പോഴത്തെ യൂറോപ്പിന്റെ അവസ്ഥ എന്ന്, നിയാൽ ഫെർഗുസ്സൻ എന്ന ചരിത്രകാരൻ The Sunday Times -ദിനപത്രത്തിൽ കഴിഞ്ഞ ദിവസം എഴുതുകയുണ്ടായി.
സുഖലോലുപതയ്ക്ക് അടിമപെട്ട ഒരു ജനത; ജീവിതത്തിന്‍റെ അർത്ഥവും വ്യാപ്തിയും നഷ്ടപ്പെട്ട ഒരു സംസ്ക്കാരം; ആദ്ധ്യാത്മികത എന്തെന്ന് അറിയാത്ത, ഭക്ഷണത്തിലും വിനോദത്തിലും മാത്രമായി ഒതുങ്ങുന്ന ഒരു സമൂഹം. ഇതാണ് ഇന്നത്തെ യൂറോപ്പിന്റെ അവസ്ഥ.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പ്രായം ചെന്ന ഒരു സംസ്ക്കാരത്തിന്റെ എല്ല ലക്ഷണങ്ങളും യൂറോപ്പിന് ഉണ്ടെന്ന് സാരം. പഴയ റോമിലും പുതിയ യൂറോപ്പിലും സ്ഥിതിഗതികൾ സമാനമാണ് 'Inventing the Individual‘ എന്ന പുസ്തകത്തിൽ, ലാറി സ്വൂഡൻടോപ്പ് പറയുന്നത്, ആ പൗരാണിക കാലത്ത് , റോമൻ സാമാജ്യമോ മറ്റേതെങ്കിലും രാജ്യമോ, ആത്മീയ കാര്യങ്ങൾക്ക് പ്രധാന്യം നല്‍കിയിട്ടില്ലയെന്നാണ്.
അന്നത്തെ രാജാക്കന്മാരുടെ ഒരു പ്രത്യേകതയായിരിന്നു ദൈവീകത സ്വയം ചമയുകയെന്നത്. മറ്റു രാജാക്കന്മാരെ പോലെ സീസറും ദൈവീകത അവകാശപ്പെടുകയുണ്ടായി. ക്രിസ്തുമതം ജനവിഭാഗത്തെ സ്വാധീനിച്ചു കൊണ്ടിരിന്ന സന്ദർഭത്തിൽ സീസർ സ്വയം വിശേഷിപ്പിച്ചത്- "dominus et dues" (ഞാൻ മാസ്റ്റർ, ഞാൻ തന്നെ ദൈവം) എന്നാണ്. ഈ വാക്കുകള്‍ ആദിമ കൃസ്തുമതത്തിന് വലിയ തടസ്സങ്ങളാണ് സൃഷ്ടിച്ചത്. ഇതേ സമയം സഭ ചക്രവർത്തിക്ക് ബഹുമാനം വേണ്ടുവോളം നൽകി. പക്ഷേ, ചക്രവർത്തി ദൈവമാണെന്ന അവകാശവാദം സഭ തിരസ്ക്കരിച്ചു.
ഗോത്ര, നഗരജീവിതത്തിനുള്ളിൽ, അത്യന്തം ആത്മീയമായ കുടുംബ ജീവിതം രൂപീകരിച്ചതിൽ, ക്രിസ്തുമതം വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വർഗീയതയ്ക്ക് വിരുദ്ധമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിലും, ക്രിസ്തുമതം നിർണ്ണായക സ്വാധീനം ചെലുത്തി. വ്യക്തിസ്വാതന്ത്ര്യത്തിന്റെ ശരിയായ വിനിയോഗം, മനസ്സാക്ഷി എന്നിവ വളര്‍ത്തുന്നതില്‍ ഒരളവുവരെ ക്രൈസ്തവ മതം സഹായിച്ചു.
യഥാർത്ഥത്തിൽ, ഗോത്രവർഗ്ഗ അക്രമികളുടെ ഏറ്റവും കൊടിയ ഭീകരതകളിൽ നിന്നും, റോമിനെ രക്ഷിച്ചു നിറുത്തിയത് 'മഹാനായ ലിയോ' (Leo the Great) മാർപാപ്പയാണെന്നതാണ് ചരിത്രം.
ഗോത്രവർഗ്ഗ ആക്രമണത്തിനു ശേഷം യൂറോപ്പ് അകപ്പെട്ട, ഇരുണ്ട കാലഘട്ടത്തിൽ, അറിവിന്റെ പ്രകാശം കെടാതെ സൂക്ഷിച്ചത്, ക്രൈസ്തവ മിഷിനറിമാരുടെ പ്രവർത്തനം മൂലമായിരുന്നു എന്ന്, തത്വചിന്തകനായ അലാസ് ഡെർ മാക്കിന്റെയർ ഓർമ്മിപ്പിക്കുന്നു.
നമ്മുടെ ഈ കാലഘട്ടത്തിൽ തന്നെ, കോൺറാഡ് അഡനെർ, റോബർട്ട് ഷൂമാൻ എന്നിവരുൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കൾ, നമ്മുടെ സമൂഹത്തിന്റെ ക്രിസ്തീയ അടിത്തറ ബലപ്പെടുത്തണമെന്ന് അഭിപ്രായപെട്ടിട്ടുണ്ട്.
നമ്മുടെ സമൂഹത്തിൽ ഇന്ന് നമുക്ക് ആവശ്യം ചക്രവർത്തിമാരല്ല, വിശുദ്ധരാണ്. ചരിത്രത്തിലെ ഏതെങ്കിലും ചക്രവർത്തിയെ തിരിച്ചു കൊണ്ടുവരാൻ ആരെങ്കിലും ആഗ്രഹിക്കുമോ?
എന്നാൽ, വിശുദ്ധരെ തിരിച്ചു കൊണ്ടുവരാൻ ആരാണ് ആഗ്രഹിക്കാത്തത്? ആര്‍ഭാട ജീവിതത്തിന്‍റെയും, ധാര്‍മികത നഷ്ടപ്പെട്ട സംസ്ക്കാരത്തിന്റ്റെയും അർത്ഥരാഹിത്യം ഫെർഗുസൻ വിവരിക്കുന്നുണ്ട്. പക്ഷേ, സ്വാതന്ത്യവും ദുസ്വാതന്ത്ര്യവും തമ്മിലുള്ള അതിർവരമ്പുകളില്ലാതായതോടെ, യൂറോപ്പിൽ കുടുംബ ജീവിതത്തിന് മൂല്യച്ചുതി സംഭവിച്ചു.
ഇനി യൂറോപ്പിനെയും ലോകത്തെ തന്നെയും രക്ഷിക്കാനുള്ള ഏക മാര്‍ഗം, സേവനത്തിന്റെയും ത്യാഗത്തിന്റെയും നിസ്വാർത്ഥ മാതൃകയാണ്. ഇതെല്ലാം തന്നെ, രണ്ടായിരം വർഷങ്ങൾക്കപ്പുറം, ഗലീലിയോക്കാരനായ ക്രിസ്തു പഠിപ്പിച്ചിട്ടുള്ളതാണെന്ന് പലരും ഓർമ്മിക്കേണ്ട ഒരു വസ്തുതയാണ്. ഒരു മതേതരത്വചിന്തകളിലും ഈ പാഠങ്ങളില്ല; മറ്റു മതങ്ങളുടെ തത്വചിന്തകളിൽ പോലുമില്ല. നമ്മൾ ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ നിഷ്പക്ഷത പ്രായോഗികമല്ല. ഭീകരർ അവരുടെ മാർഗ്ഗവും ലക്ഷ്യവും തീരുമാനിച്ചു കഴിഞ്ഞു. അതിനെ നേരിടാൻ നമ്മുടെ കൈയിൽ എന്താണുള്ളത് ?
നമ്മുടെ കൈവശം ഉള്ളത് രണ്ടായിരം വർഷങ്ങളിലൂടെ, സകല പീഡനങ്ങളെയും അതിജീവിച്ച് ജയിച്ച് മുന്നേറുന്ന ക്രൈസ്തവ മാനവികതയാണ്, ക്രിസ്തുവിന്റെ ആദർശങ്ങളാണ്. ഇത് മാത്രമാണ് യൂറോപ്പിന്റെ, ലോകത്തിന്റെ രക്ഷയ്ക്ക് ആധാരമെന്ന് നിസംശയം പറയാം.