News - 2025
ഈജിപ്തില്‍ ഐഎസ് ക്രൂരത വീണ്ടും: രണ്ട് ക്രൈസ്തവ വിശ്വാസികളെ കൊലപ്പെടുത്തി
സ്വന്തം ലേഖകന്‍ 23-02-2017 - Thursday
കെയ്റോ: ഈജിപ്‌തിലെ ക്രൈസ്‌തവരാണ് തങ്ങളുടെ പ്രിയപ്പെട്ട ഇരകളെന്ന് പ്രഖ്യാപിക്കുന്ന വീഡിയോ ഐഎസ് പുറത്തുവിട്ടതിന് പിന്നാലെ സീനായില്‍ രണ്ടു ക്രൈസ്തവ വിശ്വാസികളെ ഭീകരര്‍ കൊലപ്പെടുത്തി. ഒരു കുടുംബത്തിലെ 65 കാരനായ പിതാവിനേയും 45-കാരനായ മകനേയുമാണ് ഭീകരര്‍ കൊലപ്പെടുത്തിയത്.
ക്രൈസ്തവ വിശ്വാസികളെ വെടിവെച്ച് കൊലപ്പെടുത്തിയ ഭീകരര്‍ മൃതദേഹങ്ങള്‍ തെരുവോരത്ത് കത്തിച്ചു തള്ളുകയായിരിന്നു. സിനായ് ഉപഭൂഖണ്ഡത്തിന്റെ വടക്കുള്ള എല്‍ അരിഷ് പട്ടണത്തിലാണ് അതിദാരുണമായ സംഭവം ഉണ്ടായത്. സാദ് ഹാനയേയും മകന്‍ മെദ്‌ഹതിനേയും വീട്ടില്‍ നിന്നും തട്ടികൊണ്ടു പോയതിന് ശേഷമായിരിന്നു നരഹത്യ. സംഭവത്തിന് പിന്നില്‍ ഐഎസ് ആണെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാജ്യത്തെ ക്രൈസ്‌തവ വിശ്വാസികള്‍ക്കെതിരെ ഓരോ ദിവസവും ഇസ്ലാമിക തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിടുകയാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ഈജിപ്തിലെ പ്രധാനപ്പെട്ട ദേവാലയമായിരിന്ന സെന്റ് പീറ്റേഴ്സ് പള്ളിയില്‍ ഞായറാഴ്ച കുർബാനയ്ക്കിടെ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരര്‍ സ്ഫോടനം നടത്തിയിരിന്നു. 25 വിശ്വാസികളാണ് അന്ന്‍ കൊല്ലപ്പെട്ടത്.
