India - 2025
സെന്റ് തോമസ് മിഷ്ണറി സൊസൈറ്റി പ്രേഷിത പ്രവര്‍ത്തനത്തിന്റെ ചാലകശക്തി: കര്‍ദ്ദിനാള്‍ ആലഞ്ചേരി
സ്വന്തം ലേഖകന്‍ 24-02-2017 - Friday
കൊച്ചി: സെന്റ് തോമസ് മിഷനറി സൊസൈറ്റിയിലെ വൈദികർ പ്രേഷിത പ്രവർത്തനത്തിന്റെ ചാലകശക്തിയാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി. എംഎസ്ടി സഭയുടെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
"സുവർണ ജൂബിലി ആഘോഷം എംഎസ്ടി ക്ക് ഒരു ചരിത്ര മുഹൂർത്തമാണ്. ആഗോള സഭയിൽ എംഎസ്ടി പ്രേഷിതപ്രവർത്തനത്തിന് പുതിയൊരു അധ്യായം കുറിക്കുമെന്നാണ് താൻ പ്രത്യാശിക്കുന്നത്". കര്‍ദ്ദിനാള്‍ പറഞ്ഞു.
സമ്മേളനത്തില്‍ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ വിശിഷ്ടാതിഥിയായിരുന്നു. ഡിഎസ്ടി സഭയുടെ ജനറാൾ സിസ്റ്റർ ലിസ, എംഎസ്ടി മുൻ ജനറാൾ റവ. ഡോ.കുര്യൻ വലിയമംഗലം എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ആലപ്പുഴ സ്വദേശിയായ ജിനു ജോർജ് തോടുവേലി എംഎസ്ടിക്കുവേണ്ടി വരച്ച വിശുദ്ധ തോമാശ്ലീഹായുടെ പുതിയ എണ്ണഛായാചിത്രം അനാച്ഛാദനം ചെയ്തു.
ജൂബിലി ആഘോഷങ്ങൾ അടുത്ത വർഷം ഫെബ്രുവരി 22 വരെ നീണ്ടുനിൽക്കുമെന്ന് ആഘോഷങ്ങളുടെ ജനറൽ കണ്‍വീനർ ഫാ. ജോസ് പാലക്കീൽ അറിയിച്ചു. 1968 ഫെബ്രുവരി 22ന് പാലാ രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിൽ സ്ഥാപിച്ച എംഎസ്ടി സമൂഹത്തിന് ഇന്ന് ഒരു മെത്രാനും 354 വൈദികരുമുണ്ട്.