News - 2024

ദൈവാരാധനയുടെ ചൈതന്യത്തെ തടസ്സപ്പെടുത്തുന്ന സംഗീതത്തെ നിയ്രന്തിക്കണം: വത്തിക്കാനിൽ നിന്നും സംയുക്ത പ്രസ്താവന

സ്വന്തം ലേഖകന്‍ 07-03-2017 - Tuesday

വത്തിക്കാന്‍: രണ്ടാം വത്തിക്കാൻ കൗൺസിലിനോട് അനുബന്ധിച്ചു 1967, മാർച്ച് 5ന് പുറത്തിറങ്ങിയ 'മ്യൂസികം സാക്രം' എന്ന മാർഗ്ഗ രേഖയുടെ അമ്പതാം വാർഷികത്തിൽ, സംഗീത ശുശ്രൂഷകളെ സംബന്ധിക്കുന്ന ഉത്‌കണ്‌ഠകൾ പങ്കുവച്ച് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 200-ല്‍ പരം പ്രമുഖർ പ്രത്യേക പ്രസ്താവന പുറപ്പെടുവിച്ചു. കത്തോലിക്ക സംഗീതജ്ഞര്‍, വിവിധ ആരാധന രീതികളില്‍ പാണ്ഡിത്യമുള്ളവര്‍, സുവിശേഷകര്‍ തുടങ്ങിയവരാണ് സംഗീത വിഭാഗത്തിലുള്ള തങ്ങളുടെ ആശങ്ക വ്യക്തമാക്കുന്ന 'ക്യാൻറ്റെ ഡോമിനോ' എന്ന സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.

ആരാധനാ സംഗീതത്തെ സംബന്ധിച്ച 'മ്യൂസികം സാക്രം' എന്ന മാർഗ്ഗ രേഖയുടെ അമ്പതാം വാർഷികത്തിൽ, വത്തിക്കാനിൽ നടന്ന കത്തോലിക്ക സംഗീതജ്ഞരുടെ കോൺഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ ആരാധനാക്രമത്തിലെ സംഗീതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഈ മേഖലയിൽ ആവശ്യമായ ബോധവൽക്കരണത്തെക്കുറിച്ചും ഫ്രാൻസിസ് മാർപാപ്പ പ്രത്യേകം എടുത്തു പറഞ്ഞിരുന്നു.

ഈ ആധുനിക കാലഘട്ടത്തിൽ വിശുദ്ധ കുർബ്ബാനയിൽ പോലും അനുയോജ്യമല്ലാത്ത ഗാനങ്ങളും സംഗീത ഉപകരണങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ദിവ്യബലിയുടെ ചൈതന്യത്തെപോലും കളങ്കപ്പെടുത്തുന്നത് പലരും ഗൗരവമായി കാണുന്നില്ല. ഈ പശ്ചാത്തലത്തിൽ വൈദികർക്ക് ആരാധനാ സംഗീതത്തിന്റെ കാര്യത്തിൽ പ്രത്യേക പരിശീലനം തന്നെ ആവശ്യമാണ് എന്ന് മാർപാപ്പ പ്രത്യേകം എടുത്തുപറയുകയുണ്ടായി.

അമ്പതാം വാർഷികത്തോടനുബന്ധിച്ച് ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും വത്തിക്കാനിൽ എത്തിച്ചേർന്ന, കത്തോലിക്കാ സഭയിലെ ആരാധനാ സംഗീതവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പ്രമുഖർ ഇക്കാര്യത്തിൽ തങ്ങളുടെ ഉത്‌കണ്‌ഠകൾ പങ്കുവച്ചു. "ഒരു നല്ല ആരാധനയെ ഏറെ മനോഹരമാക്കുവാന്‍ അതിനോട് ചേര്‍ന്നു നടത്തപ്പെടുന്ന സംഗീത ശുശ്രൂഷകള്‍ക്ക് സാധിക്കും. ഇതു പോലെ തന്നെ മോശം രീതിയിലുള്ള സംഗീത ശുശ്രൂഷകള്‍ ആരാധനയെ ദോഷകരമായി ബാധിക്കും. ഇതിനാല്‍ തന്നെ ആരാധനയുമായി ബന്ധപ്പെട്ട് നടക്കുന്ന സംഗീത ശുശ്രൂഷകളില്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. പാരമ്പര്യത്തെ പോലും മറന്നുള്ള സംഗീതം ആരാധനയുടെ സൗന്ദര്യത്തെ ബാധിക്കും" പ്രസ്താവന പറയുന്നു.

ആരാധനയിലെ ഗീതങ്ങളെ അടുത്തിടെയായി ബാധിച്ച ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവും പ്രസ്താവന തന്നെ നിര്‍ദ്ദേശിക്കുന്നുണ്ട്. കത്തോലിക്ക സംഗീത പാരമ്പര്യത്തെ മുറകെ പിടിച്ചുള്ള പ്രവര്‍ത്തനമാണ് ഇതില്‍ പ്രധാനമെന്നും പ്രസ്താവന ചൂണ്ടികാണിക്കുന്നു. ആരാധനയുടെ അര്‍ത്ഥത്തെ സംബന്ധിച്ചും, ഗാനങ്ങളുടെ ആവശ്യത്തെ സംബന്ധിച്ചും പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ശരിയായ പരിശീലനം നല്‍കണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു. കത്തീഡ്രല്‍ ദേവാലയങ്ങളിലും ബസലിക്കകളിലും ഉന്നത നിലവാരം പുലര്‍ത്തുന്ന സംഗീത സംവിധാനങ്ങള്‍ ക്രമീകരിക്കണമെന്നും പ്രസ്താവന പറയുന്നു.


Related Articles »