India - 2025
ക്രിസ്തുമതം സ്വീകരിച്ചാല്‍ സംവരണം എടുത്തുമാറ്റുന്ന നിലപാട് വേദനാജനകം: കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ്
സ്വന്തം ലേഖകന്‍ 11-03-2017 - Saturday
തിരുവനന്തപുരം: ക്രിസ്തുമതം സ്വീകരിച്ചാൽ ദളിത് സമൂഹത്തിന്റെ സംവരണം എടുത്തുമാറ്റുന്ന സർക്കാർ നിലപാട് വേദനാജനകമാണെന്നു സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ഭാരത കത്തോലിക്കാ സഭയുടെ ദളിത് ശാക്തീകരണ നയം പരിഭാഷ പ്രകാശനവും കർമപദ്ധതി ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദളിത് സമൂഹത്തെ പാർപ്പിടം, വിദ്യാഭ്യാസം, ജോലി എന്നിവ നൽകി സമൂഹത്തിന്റെ ഉന്നതിയിലെത്തിക്കാൻ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
"ക്രിസ്തുമതം സ്വീകരിച്ചാൽ ദളിത് സമൂഹത്തിന്റെ സംവരണം എടുത്തുമാറ്റുന്ന സർക്കാർ നിലപാട് വേദനാജനകമാണ്. അന്തിമതീരുമാനം കോടതി പ്രഖ്യാപിക്കുമെന്നതിൽ പ്രതീക്ഷ അർപ്പിക്കാം. ദളിത് വിഭാഗത്തിന്റെ ഉന്നമനത്തിനായി ഇപ്പോഴുള്ള നേതൃത്വത്തിന്റെ പ്രവർത്തനം മികച്ചതാണ്. എല്ലാവരും ഒരേ ലക്ഷ്യത്തോടെ മുന്നോട്ടു പോയാൽ ലക്ഷ്യസ്ഥാനത്ത് എത്തുവാന്‍ കഴിയും". കാതോലിക്കാബാവ കൂട്ടിച്ചേർത്തു.
കെസിബിസി പ്രസിഡന്റ് ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം അധ്യക്ഷത വഹിച്ചു. കെസിബിസി ദളിത്- പിന്നോക്ക വിഭാഗം കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജേക്കബ് മുരിക്കൽ ആമുഖപ്രഭാഷണം നടത്തി. ഡിസിഎംഎസ് സംസ്ഥാന മുൻ ഡയറക്ടർ ഫാ. ജോണ്‍ അരീക്കൽ, കെസിബിസി കമ്മീഷൻ സെക്രട്ടറി ഫാ. ഷാജ് കുമാർ, കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ് ഫിലിപ്പോസ് മാർ സ്റ്റെഫാനോസ്, തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ. സാമുവൽ മാർ ഐറേനിയോസ്, തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്, ഡിസിഎംഎസ് പ്രസിഡന്റ് അംബി കുളത്തൂർ, ഡിസിഎംഎസ് ട്രഷറർ ജോർജ് എസ്. പള്ളിത്തറ, സംസ്ഥാന സെക്രട്ടറി സെലിൻ തുടങ്ങിയവർ പ്രസംഗിച്ചു.