News - 2024

ക്രൈസ്തവ മാധ്യമ പ്രവര്‍ത്തകര്‍ വന്‍വെല്ലുവിളികള്‍ നേരിടുന്നതായി അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ

സ്വന്തം ലേഖകന്‍ 15-03-2017 - Wednesday

സേലാങ്ങര്‍: ഏഷ്യന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ക്രിസ്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ നിരവധി വെല്ലുവിളികൾ നേരിടുന്നതായി അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകരുടെ സംഘടന. മാര്‍ച്ച് 10 - 11 തിയതികളില്‍ മലേഷ്യയിലെ സെലങ്ങോറിലെ ജലന്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന യോഗത്തിലാണ് വേള്‍ഡ്‌ കത്തോലിക്ക് അസ്സോസിയേഷന്‍ ഫോര്‍ കമ്മ്യൂണിക്കേഷൻ സംഘടന ക്രൈസ്തവ മാധ്യമങ്ങള്‍ വന്‍വെല്ലുവിളികള്‍ നേരിടുന്നതായി അഭിപ്രായപ്പെട്ടത്.

യോഗത്തില്‍ പങ്കെടുത്ത ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ക്രിസ്തീയ മാധ്യമ പ്രവര്‍ത്തകരാണ് തൊഴില്‍പരമായി തങ്ങള്‍ നേരിടുന്ന ദുരിതത്തെ കുറിച്ച് വിവരിച്ചത്. 13 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 20 ഓളം ക്രിസ്തീയ മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്ക് വെച്ചു. തന്റെ ക്രിസ്തീയ നാമം ഉപയോഗിച്ച് ഒപ്പ്‌ വെക്കുവാന്‍ പോലും തടസ്സങ്ങള്‍ നേരിടുന്നതായി ഇന്‍ഡോനേഷ്യയില്‍ നിന്നുള്ള ഒരു ക്രിസ്തീയ മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത്‌ സമ്മേളനത്തില്‍ വന്‍ ചര്‍ച്ചയായി.

തങ്ങളുടെ രാജ്യത്തു നേരിടുന്ന വിവിധ പ്രശ്നങ്ങളെ പറ്റി പാകിസ്ഥാനില്‍ നിന്നുള്ള ക്രിസ്തീയ മാധ്യമ പ്രവര്‍ത്തകന്‍ തുറന്ന്‍ പറഞ്ഞു. "രാജ്യത്തു ഞങ്ങളുടെ മാഗസിനുകള്‍ പരസ്യമായി വില്‍ക്കുവാന്‍ കഴിയുകയില്ല. മതപീഡനങ്ങളെ കുറിച്ചുള്ള ലേഖനങ്ങളില്‍ ഞങ്ങള്‍ക്ക്‌ ഞങ്ങളുടെ പേര് വെക്കുവാന്‍ പോലും സാധ്യമല്ല". മതന്യൂനപക്ഷങ്ങളില്‍ നിന്നുള്ളവര്‍ക്ക്‌ പാകിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തനം ക്ലേശകരമായ കാര്യമാണെന്നും അതിനാല്‍ വിരലിലെണ്ണാവുന്ന വളരെ ചുരുക്കം ക്രിസ്ത്യന്‍ മാധ്യമപ്രവര്‍ത്തര്‍ മാത്രമേ തങ്ങളുടെ രാജ്യത്തുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്തോനേഷ്യയിലെ സ്ഥിതിഗതികള്‍ വ്യത്യസ്തമല്ലെന്ന് ഇന്തോനേഷ്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനായ യൊഹാനെസ് ഇസ്മുനാര്‍നോ അഭിപ്രായപ്പെട്ടു. “ഒരു പ്രമുഖ മാധ്യമത്തിന്റെ ചീഫ് എഡിറ്റര്‍ ആണെങ്കില്‍ കൂടി എനിക്ക് എന്റെ ക്രിസ്ത്യന്‍ നാമം ഉപയോഗിക്കുവാന്‍ സാധ്യമല്ല. എന്റെ രാജ്യത്ത് സ്വതന്ത്ര്യമായി കാര്യങ്ങള്‍ തുറന്നു പറയുന്നതിനോ ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ ലേഖനങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനോ സാധ്യമല്ല”. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിസ്തീയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു എന്ന് യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകരും അഭിപ്രായപ്പെട്ടു. ക്രൈസ്തവര്‍ക്ക് നേരെയുള്ള വ്യാജ വാര്‍ത്തകളുടെ ഉത്ഭവത്തേയും വര്‍ദ്ധനവിനെ കുറിച്ചും യോഗം തങ്ങളുടെ ആശങ്ക രേഖപ്പെടുത്തി. വാര്‍ത്തകളുടെ വിശ്വാസ്യത മാധ്യമ പ്രവര്‍ത്തകരുടെ വെല്ലുവിളികളെ വര്‍ദ്ധിപ്പിക്കുന്നു എന്ന് ഏഷ്യാ ജേര്‍ണലിസം ഫെലോഷിപ്പിന്റെ ഡയറക്ടറായ അലന്‍ ജോണ്‍ പറഞ്ഞു.

ആധുനിക മാധ്യമ കാലഘട്ടത്തില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിനായി വാദിക്കുക, കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകരുടെ ഐക്യത്തെ ശക്തിപ്പെടുത്തുക, വിവിധ പ്രദേശങ്ങളില്‍ വിവിധ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്ന കത്തോലിക്കാ മാധ്യമപ്രവര്‍ത്തകരെ ഒരുമിപ്പിച്ച് ഒരു ആഗോള ശൃംഖലയാക്കി മാറ്റുക തുടങ്ങീ ലക്ഷ്യങ്ങളാണ് സംഘടനക്ക് ഉള്ളതെന്ന് വേള്‍ഡ്‌ കത്തോലിക്ക് അസ്സോസിയേഷന്‍ ഫോര്‍ കമ്മ്യൂണിക്കേഷൻ ഏഷ്യന്‍ വിഭാഗം സെക്രട്ടറി ജിം മക്ഡോണല്‍ പറഞ്ഞു.


Related Articles »