News

മഞ്ഞു കൊണ്ട് ബലിപീഠം തീർത്ത് വിശുദ്ധ കുർബ്ബാനയുടെ പ്രാധാന്യം ലോകത്തോടു പ്രഘോഷിക്കുകയാണ് ഈ വിദ്യാർത്ഥികൾ

സ്വന്തം ലേഖകന്‍ 26-03-2017 - Sunday

മിഷിഗൻ: വിശുദ്ധ കുര്‍ബാനയ്ക്കു വേണ്ടിയുള്ള ആഗ്രഹവും തീക്ഷ്ണതയും ഒന്നു ചേര്‍ന്നപ്പോള്‍ മഞ്ഞുകട്ടകള്‍ക്കിടയില്‍ ദേവാലയവും അള്‍ത്താരയും വീണ്ടും ഉയര്‍ന്നു. മിഷിഗൻ ടെക്ക് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ കൂട്ടായ പരിശ്രമം വഴിയായാണ് മഞ്ഞുകട്ടകൾ കൊണ്ട് കപ്പേള നിർമ്മിച്ചു വിശുദ്ധ ബലി അര്‍പ്പിച്ചത്. തടി കഷണങ്ങളും പ്ലൈവുഡും ഉപയോഗിച്ചാണ് ഐസും മഞ്ഞ് കട്ടകളും താങ്ങി നിറുത്തിയിരിക്കുന്നത്.

ദേവാലയം നിർമ്മിക്കുന്നത് എല്ലാ വർഷവും നടന്നു വരുന്ന ഒരു ചടങ്ങാണ്. അഞ്ഞൂറ് ടൺ തൂക്കം വരുന്ന മഞ്ഞുകട്ട കുന്നിൻ മുകളിലേക്ക് വലിച്ചു കയറ്റി നിർമ്മിച്ചിരിക്കുന്ന അൾത്താരയുടെ മുകൾ ഭാഗമാണ്, ഇത്തവണ പണിതുയർത്തിയ ദേവാലയത്തിന്റെ സവിശേഷത. നൂറ്റി നാല്പത് അംഗങ്ങളാണ് കഴിഞ്ഞ വർഷം നിർമ്മിച്ച കപ്പേളയിലെ ദിവ്യബലിയിൽ പങ്കെടുത്തത്.

എന്നാൽ, ഈ വർഷം ദേവാലയത്തിന്റെ വലിപ്പം വർദ്ധിപ്പിച്ച് ഇരുന്നൂറ്റി എഴുപ്പതു പേരെ ഉൾകൊള്ളാവുന്ന തരത്തിലാണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. അഞ്ചു വൈദികരും രണ്ട് ഡീക്കന്മാരും ദിവ്യബലിക്ക് സന്നിഹിതരായിരുന്നു. മിഷിഗൻ യൂണിവേഴ്സിറ്റി കൂടാതെ വ്യോമിങ്ങ് കാത്തലിക്ക് കോളേജും മഞ്ഞു കൊണ്ടുള്ള അൾത്താര പണിതു ദിവ്യബലി അര്‍പ്പിച്ചിരിന്നു.

കഴിഞ്ഞ വര്‍ഷം പെൻസിൽവാനിയായിലെ ഹൈവേയിൽ 22 മണിക്കൂർ മഞ്ഞുവീഴ്ച്ചയിലകപ്പെട്ട വിദ്യാർത്ഥികൾ, മഞ്ഞിൽ അൾത്താര നിർമ്മിച്ച് ദിവ്യബലിക്ക് സൗകര്യമൊരുക്കിയത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിന്നു.

വാഷിംഗടണിലെ ഭ്രൂണഹത്യാ വിരുദ്ധ റാലിയിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന സെന്റ് പോൾ, മിന്നപ്പോളീസ് എന്നീ രൂപതകളെ പ്രതിനിധീകരിച്ചെത്തിയ വിദ്യാർത്ഥികളാണ് മഞ്ഞിൽ അൾത്താരയുണ്ടാക്കിയത്. സിയോക്സ് നഗരത്തിലെ ലെ മാർസ് രൂപതയിൽപ്പെട്ട ഫാദർ പാട്രിക് ബേമിനാണ് അന്ന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്.


Related Articles »