News - 2024

അഭിഭാഷക രംഗത്തേയ്ക്കു കൂടുതല്‍ മിഷ്ണറിമാർ കടന്ന് വരണം: ലോയേഴ്സ് ഫോറം

സ്വന്തം ലേഖകന്‍ 29-03-2017 - Wednesday

ന്യൂഡൽഹി: കോടതികളിൽ കേസുകളുടെ ആധിക്യം മൂലം സാധാരണക്കാര്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി കൂടുതൽ വൈദികരും സന്യസ്തരും അഭിഭാഷകരായി കടന്നു വരണമെന്ന് നാഷണൽ ക്യാപിറ്റൽ റീജിയൻ ലോയേഴ്സ് ഫോറം. സഭയിലെ അഭിഷിക്തതരുടെ നിയമ മേഖലയിലേക്കുള്ള വിളിയെക്കുറിച്ച് മാർച്ച് 23, 24 തിയ്യതികളിൽ ഡൽഹിയിൽ നടന്ന ചർച്ചയിലാണ് നിർദ്ദേശം ഉയര്‍ന്നത്.

കത്തോലിക്കാ സഭയിലെ മറ്റു പ്രേഷിത മേഖലകൾ പോലെ തന്നെ, സമൂഹത്തിന്റെ അടിത്തട്ടിൽ കഴിയുന്നവർക്ക് നിരുപാധികമായി നിയമ സഹായം ലഭ്യമാക്കാൻ അഭിഭാഷകർ തയ്യാറാകണമെന്ന് ഹോളിക്രോസ് സഭാംഗമായ അഡ്വ. സിസ്റ്റർ റാണി പുന്നശ്ശേരിൽ അഭിപ്രായപ്പെട്ടു. ഗോത്ര വംശക്കാരും ഗ്രാമീണ ക്രൈസ്തവരും തങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ, എന്തു ചെയ്യണമെന്ന് അറിയാതെ പോകുന്നവർക്കാണ് സഭ നിയമപരമായി സഹായം വാഗ്ദാനം ചെയ്യേണ്ടത്. വക്കീലിനെ ഏല്‍പ്പിച്ച് കേസ് വാദിക്കാനുള്ള സാമ്പത്തിക സ്ഥിതി അത്തരക്കാർക്കുണ്ടാകുകയില്ലെന്നും സിസ്റ്റർ റാണി കൂട്ടിച്ചേർത്തു.

ഉയർന്ന നിരക്കിൽ കേസ് വാദിക്കുന്ന വക്കീലുമാരുടെ ഇടപെടൽ മൂലം എല്ലാവർക്കും ഒരുപോലെ നീതി ലഭിക്കുന്നില്ല എന്ന് സുപ്രീം കോടതി തന്നെ പല തവണ വിമർശിച്ചിട്ടുണ്ട്. സാമ്പത്തിക നേട്ടം എന്നതിനേക്കാൾ അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾ നേടിയെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും എന്നാൽ 900- ത്തോളം വരുന്ന സന്യസ്ത അഭിഭാഷകരിൽ പലരും സജീവവുമല്ല എന്ന വസ്തുത ആശങ്കാജനകമാണെന്നും ന്യൂഡൽഹി ലോയേഴ്സ് ഫോറം പ്രസിഡന്‍റും ഫ്രാൻസിസ്കൻ സഭാംഗവുമായ സിസ്റ്റർ ആൻ മേരി ചൂണ്ടികാണിച്ചു.

ഇന്ത്യൻ നിയമ വ്യവസ്ഥിതിയുടെ അപര്യാപ്തത മൂലം 2014 വരെ എൺപതിനായിരത്തോളം കേസുകൾ സുപ്രീം കോടതിയിൽ കെട്ടി കിടക്കുന്നുണ്ട്. ഇതില്‍ ഉൾകൊള്ളാവുന്നതിൽ അധികം കേസുകളാണ് ജില്ലാ- സംസ്ഥാന കോടതികളിലും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഇത്തരം പ്രതിസന്ധികളെ തരണം ചെയ്ത് സാധാരണക്കാർക്ക് നീതി ഉറപ്പുവരുത്താനാണ് മിഷ്ണറി അഭിഭാഷകരുടെ സംഘടനയ്ക്ക് നേതൃത്വം നൽകിക്കൊണ്ട് തങ്ങൾ പരിശ്രമിക്കുന്നതെന്ന് സിസ്റ്റർ മേരി അറിയിച്ചു.


Related Articles »