News - 2025
"നൈജീരിയയിലെ ക്രിസ്ത്യാനികളെ ആര് സംരക്ഷിക്കും?" : ക്രിസ്ത്യാനികളുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്ന ആവശ്യവുമായി നൈജീരിയന്‍ ബിഷപ്പ്
സ്വന്തം ലേഖകന്‍ 31-03-2017 - Friday
അബൂജ: നൈജീരിയയിലെ തെക്കന്‍ മേഖലകളിലുള്ള ക്രൈസ്തവരുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നു നൈജീരിയന്‍ ബിഷപ്സ് കോണ്‍ഫറന്‍സ് പ്രസിഡന്‍റ് ബിഷപ്പ് ഇഗ്നേഷ്യസ് കൈഗാമ. പ്രദേശത്ത് ആക്രമണങ്ങള്‍ക്കിരയായവരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി ബിഷപ്സ് കോണ്‍ഫ്രന്‍സിന്റെ പ്രതിനിധി എന്ന നിലയില്‍ കഫാന്‍ചന്‍ രൂപത സന്ദര്‍ശിക്കുന്നതിനിടക്കാണ് ബിഷപ്പ് ഈ ആവശ്യമുന്നയിച്ചത്.
സാധാരണക്കാരായ ക്രിസ്ത്യാനികള്‍, ഫുലാനി വിഭാഗത്തിലുള്ള ഇസ്ലാം മതവിശ്വാസികളുടെ നിരന്തരമായ ആക്രമണങ്ങള്‍ക്ക് വിധേയമായികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ബിഷപ്പ് സന്ദര്‍ശനം നടത്തിയത്. വിവിധ ഗ്രാമങ്ങള്‍ ആക്രമിക്കുന്ന ഇസ്ളാമിക ഗോത്രവര്‍ഗ്ഗ സംഘടന നിരവധി പേരെ കൊലപ്പെടുത്തിയ വാര്‍ത്തകളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. കാഡുണയിലെ സംഘര്‍ഷങ്ങളില്‍ മാത്രം ഏതാണ്ട് 800-ഓളം ആളുകള്‍ക്ക് തങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടതായി പ്രാദേശിക കത്തോലിക്കാ സഭ വ്യക്തമാക്കി.
രാജ്യത്തെ ക്രൈസ്തവരോട് സര്‍ക്കാര്‍ പക്ഷാപാതം കാണിക്കുകയാണെന്നും ഇതില്‍ ഏറെ ആശങ്കയുണ്ടെന്നും ബിഷപ്പ് ഇഗ്നേഷ്യസ് പറഞ്ഞു. “ഞങ്ങളുടെ ജീവനും സ്വത്തിനും തുടര്‍ച്ചയായി നാശനഷ്ടങ്ങള്‍ നേരിടേണ്ടി വരുന്നതില്‍ ഞങ്ങള്‍ ആശങ്കാകുലരാണ്. ഇന്നലെ തെക്കന്‍ കാഡുണയായിരുന്നു, പിന്നീട് ബെന്യുവിലെ സാക്കി-ബിയാം. അതിനു ശേഷം ഓയോയിലെ ഇലെ-ഇഫെ. അടുത്ത ഇര ഏത് ക്രിസ്ത്യന്‍ സമൂഹമായിരിക്കുമെന്ന് ആര്‍ക്കും അറിയില്ല”.
“നിരവധി ഗോത്രങ്ങളിലും, വംശങ്ങളിലും, മതങ്ങളിലും, വര്‍ണ്ണങ്ങളിലുമുള്ള ആളുകള്‍ തിങ്ങിപാര്‍ക്കുന്ന ഒരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്, അതിനാലാണ് ഇവിടത്തെ രാഷ്ട്രീയക്കാര്‍ ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം താല്‍പ്പര്യങ്ങളുടെ സംരക്ഷകരായിരിക്കുന്നത്. നൈജീരിയയിലെ ക്രിസ്ത്യാനികളെ ആര് സംരക്ഷിക്കും? പക്ഷപാതരഹിതമായ പ്രവണതകള്‍ അവസാനിപ്പിച്ച് രാജ്യത്ത് തുല്ല്യതയും, ഐക്യവും നിലവില്‍ വരുത്തുവാന്‍ ശ്രമിക്കണമെന്നു ഞങ്ങള്‍ ആവശ്യപ്പെടുന്നു”. ബിഷപ്പ് പറഞ്ഞു.
ഫെഡറല്‍, സംസ്ഥാന സര്‍ക്കാറുകളും, സുരക്ഷാ സേനയും ഈ പ്രശ്നം കൈകാര്യം ചെയ്തതിലുള്ള പാകപ്പിഴയാണ് പ്രദേശത്തെ സാഹചര്യം ഇത്രമാത്രം വഷളാക്കിയതെന്ന് കഫാന്‍ചാനിലെ മെത്രാനായ ജോസഫ് ബഗോബിരി പറഞ്ഞു. സംസ്ഥാനത്തിലെ മുസ്ലീം ഭൂരിപക്ഷമുള്ള വടക്കന്‍ മേഖലക്ക് പ്രത്യേക പരിഗണനയും, ധനസഹായവും നല്‍കുന്ന സംസ്ഥാന ഗവണ്‍മെന്റിന്റെ നിലപാടാണ് പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം.
വിശ്വാസം നഷ്ടപ്പെടുത്താതെ ഈ ആക്രമണങ്ങളെ നേരിടുവാനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ സഭ കണ്ടെത്തേണ്ടിയിരിക്കുന്നു. ക്രിസ്ത്യാനികളും മുസ്ലീങ്ങളും സര്‍ക്കാര്‍ മേഖലയിലും സൈന്യത്തിലും ഒരുമിച്ച് ജോലിചെയ്യുന്നുണ്ടെന്നും, നിയമവാഴ്ചയിലുള്ള അപാകതയാണ് യഥാര്‍ത്ഥത്തില്‍ ഇവിടത്തെ പ്രശ്നങ്ങള്‍. രാജ്യത്തെ നയിക്കേണ്ട നൈജീരിയയിലെ ഭരണകൂടം ഇപ്പോള്‍ ഉറങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“പ്രാര്‍ത്ഥിക്കുക മാത്രമാണ് ഇപ്പോള്‍ ഞങ്ങളുടെ മുന്നിലുള്ള ഏക മാര്‍ഗ്ഗം. ഞങ്ങള്‍ ദൈവത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നു. പ്രതീക്ഷ വൃഥാവിലാവില്ലെന്ന് ഞങ്ങള്‍ക്കറിയാം. ഈജിപ്ത്കാരുടെ കൈകളില്‍ നിന്നും ഇസ്രായേല്‍ മക്കളെ ദൈവം മോചിപ്പിച്ചത് പോലെ ഒരു ദിവസം അവന്‍ ഞങ്ങളേയും രക്ഷിക്കും”. ബിഷപ്പ് ജോസഫ് ബഗോബിരി പ്രത്യാശ പ്രകടിപ്പിച്ചു.