News - 2024

ഫിലിപ്പീന്‍സിൽ മാതാവിന്റെ അമലോത്ഭവ തിരുന്നാൾ പൊതു അവധിയായി പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍ 01-04-2017 - Saturday

മനില: പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുന്നാൾ ദിനമായ ഡിസംബർ എട്ട് ദേശീയ അവധിയായി പ്രഖ്യാപിക്കുന്ന ബിൽ, ഫിലിപ്പീന്‍സ് ലോവർ ഹൗസ് പാസാക്കി. മാർച്ച് 29 ബുധനാഴ്ചയാണ് ബില്‍ പാസ്സാക്കിയത്.

ക്രൈസ്തവ വിശ്വാസികള്‍ ഏറെയുള്ള ഫിലിപ്പീൻസിൽ ഭക്തിപൂർവം കൊണ്ടാടുന്ന തിരുന്നാളുകളിൽ ഒന്നാണ് മാതാവിന്റെ അമലോത്ഭവമെന്ന് ബില്‍ അവതരിപ്പിച്ച റുഡോൾഫോ ഫാരിണാസ് അഭിപ്രായപ്പെട്ടു. വിശ്വാസികളുടെ സൗകര്യാർത്ഥം മാതാവിനോടുള്ള ഭക്തി പ്രകടമാക്കാനും പൊതു വണക്കത്തിനുമാണ് അവധി നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫിലിപ്പിനാസ് എന്ന് അറിയപ്പെട്ടിരുന്ന കാലഘട്ടത്തിൽ, സുവിശേഷ പ്രഘോഷണം ശക്തിയാർജ്ജിക്കുന്നതിനു മുൻപേ തന്നെ ദൈവമാതാവ് അമലോത്ഭവയാണെന്ന സത്യം ഫിലിപ്പീൻസിൽ അംഗീകരിക്കപ്പെട്ടിരുന്നു. യൂറോപ്യൻ പരിവേഷകരെ ഫിലിപ്പീൻസിലേക്ക് കൊണ്ടുവന്ന കപ്പലുകളിൽ ഒന്നിനെ 'കൺസെപ്സിയോൺ ' എന്ന പേരു നൽകിയത് അമലോത്ഭവ തിരുന്നാളിന്റെ അനുസ്മരണാർത്ഥമാണ്. ഫാരിണാസ് കൂട്ടിച്ചേർത്തു.

പരിശുദ്ധ കന്യകാമറിയത്തെ ആദരിക്കുന്നതിനായി 1708ൽ ക്ലമന്റ് പതിനൊന്നാമൻ മാർപ്പാപ്പയാണ്, ഡിസംബര്‍ 8 മാതാവിന്റെ തിരുന്നാളായി ആചരിക്കുവാന്‍ ആദ്യമായി ആഹ്വാനം ചെയ്തത്. 1854-ല്‍ ഒന്‍പതാം പിയൂസ് പാപ്പാ മറിയത്തിന്റെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചു.

1942 സെപ്റ്റബർ 12 ന് 'ഇംപോസ്തി നോബിസ് ' എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ പന്ത്രണ്ടാം പീയൂസ് മാർപാപ്പയാണ് ഫിലിപ്പീൻസിന്റെ മദ്ധ്യസ്ഥ സഹായിയായി അമലോത്ഭവ മറിയത്തെ പ്രഖ്യാപിച്ചത്.


Related Articles »