News - 2025

ദൈവത്തെ അഭിമുഖീകരിക്കാനുള്ള ഭയം നിമിത്തം വി. കുർബ്ബാനയെ പലരും ഒരു ആഘോഷമായി മാത്രം കാണുന്നു: കർദ്ദിനാൾ റോബർട്ട് സാറാ

സ്വന്തം ലേഖകന്‍ 02-04-2017 - Sunday

ദൈവത്തെ അഭിമുഖീകരിക്കാനുള്ള ഭയം നിമിത്തം വി. കുർബ്ബാനയെ പലരും ഒരു ആഘോഷമായി മാത്രം കാണുന്നുവെന്ന് വത്തിക്കാൻ ആരാധനാ സമിതിയുടെ അധ്യക്ഷൻ കർദ്ദിനാൾ റോബർട്ട് സാറാ. ചില വൈദികരും മെത്രാന്മാരും പോലും ഇക്കാര്യത്തിൽ വിഭിന്നരല്ലന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, സഭയുടെ ആരാധനാക്രമങ്ങളെ ആധുനികവൽക്കരിക്കാൻ ശ്രമിച്ചതാണ് ഇതിനു പിന്നിലെ കാരണമെന്നും വ്യക്തമാക്കി. വി. കുര്‍ബ്ബാനയുടെ റോമന്‍ ആരാധനക്രമത്തെ സംബന്ധിച്ചുള്ള ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ അപ്പസ്തോലിക ലേഖനമായ ‘സുമ്മോറം പൊന്തിഫിക്ക’മിന്റെ പത്താം വാര്‍ഷികത്തിനു മുന്നോടിയായി വിളിച്ചുചേർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ദൈവ വിശ്വാസം ഇന്ന് പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുന്നു. ഇത് വിശ്വാസികളില്‍ മാത്രമല്ല ഒതുങ്ങുന്നത്, പുരോഹിതരിലും മെത്രാന്‍മാരിലും വരെ വിശ്വാസരാഹിത്യം കാണുവാൻ സാധിക്കും” അദ്ദേഹം പറഞ്ഞു. “ഇത് വി. കുർബ്ബാനയെ ഒരു ബലിയെന്ന രീതിയില്‍ മനസ്സിലാക്കുന്നതിനു നമ്മെ കഴിവില്ലാത്തവരാക്കി തീര്‍ത്തു. നമുക്കെല്ലാവര്‍ക്കുമായി കുരിശില്‍ കിടന്ന് രക്തം ചിന്തികൊണ്ട്, യേശു ക്രിസ്തു അര്‍പ്പിച്ച ബലിയുടെ, നിരവധി സ്ഥലങ്ങളിലൂടെ നിരവധി ജനതകളിലൂടെ നിരവധി രാജ്യങ്ങളിലൂടെ യുഗങ്ങളായി സഭ നടത്തി വരുന്ന രക്തം ചിന്താത്ത അനുസ്മരണമാണ് നമ്മുടെ വിശുദ്ധ കുര്‍ബ്ബാന” എന്നും കര്‍ദ്ദിനാള്‍ സാറ കൂട്ടിച്ചേര്‍ത്തു.

ഇന്ന് വിശുദ്ധ കുര്‍ബ്ബാനയെ വെറുമൊരു സാമുദായിക ആഘോഷമായി കാണുന്ന ഒരു പ്രവണത കണ്ടു വരുന്നുവെന്ന് വളരെ ഖേദത്തോടു കൂടി അദ്ദേഹം പറഞ്ഞു. ദൈവത്തേ അഭിമുഖീകരിക്കുന്നതിനുള്ള ഭയമാണിതിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു. “കാരണം ദൈവത്തിന്റെ നോട്ടം നമ്മുടെ ആന്തരിക ജീവിതത്തിലെ കുറവുകളെകുറിച്ചു ചിന്തിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കും” കര്‍ദ്ദിനാള്‍ പറഞ്ഞു.

സൈദ്ധാന്തികമായ വ്യത്യാസങ്ങള്‍, വഴിതെറ്റിക്കുന്ന പ്രബോധനങ്ങള്‍, ആരാധനക്രമത്തിന്റെ തെറ്റായ ഉപയോഗം തുടങ്ങി ഇന്ന് സഭ നേരിടുന്ന പല പ്രശ്നങ്ങളേയും വിലകുറച്ചു കാണുന്ന നിരവധി സഭാ നേതാക്കള്‍ ഉണ്ട് എന്ന് അദ്ദേഹം എടുത്തു പറഞ്ഞു. “രണ്ടാം വത്തിക്കാന്‍ കൗൺസിലിനു ശേഷമുള്ള കാലഘട്ടം സഭയുടെ വസന്ത കാലമാണെന്ന് വാദിക്കുന്ന നിരവധി പണ്ഡിതന്‍മാര്‍ ഉണ്ട്. എന്നാല്‍ ഞാന്‍ പറയുന്നു: “സഭയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യങ്ങള്‍ ഇന്ന് ബലികഴിക്കപ്പെട്ടു എന്നായിരിക്കും വിവേകമതികളായ ആളുകള്‍ പറയുക.” തങ്ങളുടെ കത്തോലിക്കാ പാരമ്പര്യവും വേരുകളും നിഷേധിച്ചു കൊണ്ടിരിക്കുന്ന യൂറോപ്പ്യന്‍ രാഷ്ട്രീയ ഭരണകൂടങ്ങളെ ശക്തമായി വിമര്‍ശിക്കുവാനും കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ മറന്നില്ല.


Related Articles »