Meditation. - April 2024

വിശുദ്ധ കുർബ്ബാന: ലോക സുവിശേഷവൽക്കരണത്തിന്റെ കേന്ദ്രം

സ്വന്തം ലേഖകന്‍ 16-04-2021 - Friday

"യേശു അവരോടു പറഞ്ഞു... എന്നെ അയച്ച പിതാവ് ആകർഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്കു വരുവാൻ സാധിക്കുകയില്ല. അന്ത്യദിനത്തിൽ അവനെ ഞാൻ ഉയിർപ്പിക്കും". (യോഹ 6:43-44 )

യേശു ഏകരക്ഷകൻ: ഏപ്രില്‍ 16
ഈ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ വിശുദ്ധയായിരുന്ന മദർ തെരേസ അവരുടെ പ്രേഷിത ദൗത്യത്തിനുള്ള ശക്തി സ്വീകരിച്ചിരുന്നത് വിശുദ്ധ കുർബ്ബാനയിൽ നിന്നായിരുന്നു. ഓരോ പ്രഭാതത്തിലും ദിവ്യബലിയിൽ പങ്കെടുക്കുകയും, ദിവ്യകാരുണ്യത്തിന്റെ മുൻപിൽ ഒരുമണിക്കൂറെങ്കിലും ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തതിനു ശേഷമായിരുന്നു തന്റെ ഓരോ ദിവസവും അഗതികളുടെ അമ്മ ആരംഭിച്ചിരുന്നത്. ലോക സുവിശേഷവൽക്കരണത്തിനുവേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോരുത്തരും ഇപ്രകാരം വിശുദ്ധ കുർബ്ബാനയുടെ ശക്തി തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ലോകത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചേനേ.

വിശുദ്ധ കുർബ്ബാനയാകുന്ന ദിവ്യബലിയിൽ ക്രിസ്തുവിന്റെ പെസഹാരഹസ്യമാണ് പ്രഖ്യാപിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നത്. നമ്മുടെ വീണ്ടെടുപ്പു കർമ്മമാകുന്ന ഈ പെസഹാരഹസ്യം പഴയ നിയമത്തിൽ ദൈവം പ്രവർത്തിച്ച അത്ഭുതങ്ങളുടെ തുടർച്ചയാണ് എന്ന സത്യം നാം തിരിച്ചറിഞ്ഞിട്ടുണ്ടോ? ഈ വിഷയത്തിൽ വിശുദ്ധ അഗസ്റ്റിൻ നൽകുന്ന വിശദീകരണം ഏറെ ശ്രദ്ധേയമാണ്.

"പഴയനിയമ ജനത്തിന്‍റെയിടയില്‍ ദൈവം പ്രവര്‍ത്തിച്ച അത്ഭുതകൃത്യങ്ങള്‍ മനുഷ്യവംശത്തെ വീണ്ടെടുക്കുന്നതിനും ദൈവത്തിനു സമ്പൂര്‍ണ്ണമായ മഹത്വം നല്‍കുന്നതിനും വേണ്ടി കര്‍ത്താവായ ക്രിസ്തു നിര്‍വ്വഹിച്ച ദൗത്യത്തിന്റെ ആരംഭം മാത്രമായിരിന്നു. അവിടുന്ന് ഈ കര്‍മ്മം പൂര്‍ത്തിയാക്കിയത് പ്രധാനമായിട്ടും തന്റെ അനുഗ്രഹീതമായ പീഡസഹനവും മരിച്ചവരില്‍ നിന്നുള്ള ഉത്ഥാനവും മഹത്വപൂര്‍ണ്ണമായ സ്വര്‍ഗ്ഗാരോഹണവും അടങ്ങുന്ന പെസഹ രഹസ്യം വഴിയാണ്. ഈ പെസഹ രഹസ്യത്തില്‍ മരിച്ചു കൊണ്ട് അവിടുന്ന് നമ്മുടെ മരണത്തെ നിഹനിച്ചു; ഉയിര്‍ത്തെഴുന്നേറ്റ് കൊണ്ട് അവിടുന്ന് നമ്മുടെ ജീവന്‍ പുനഃസ്ഥാപിച്ചു. എന്തെന്നാല്‍ ക്രിസ്തു കുരിശില്‍ മരണനിദ്രയില്‍ ആയിരിന്നപ്പോള്‍ അവിടുത്തെ പാര്‍ശ്വത്തില്‍ നിന്നും 'സമസ്ത സഭയാകുന്ന വിസ്മയനീയമായ കൂദാശ' പുറപ്പെട്ടു. ഇക്കാരണത്താല്‍ സഭ ആരാധനാക്രമത്തില്‍ സര്‍വ്വോപരി ക്രിസ്തുവിന്റെ പെസഹാരഹസ്യം ആഘോഷിക്കുന്നു. അതുവഴിയാണ് ക്രിസ്തു നമ്മുടെ രക്ഷാകര്‍മ്മം നിറവേറ്റിയത്." (cf: St Augustine, CCC 1067)

വിചിന്തനം
ഒരു വ്യക്തി ക്രൈസ്തവ വിശ്വാസം സ്വീകരിക്കുക എന്നത് ദൈവത്തിന്റെ പ്രവർത്തിയാണ്. അതിനാൽ സ്ഥലങ്ങൾക്കും കാലങ്ങൾക്കും അതീതമായി, എല്ലാ അത്ഭുതങ്ങളുടെയും ഉറവിടമായ വിശുദ്ധ കുർബ്ബാനയിൽ കേന്ദ്രീകൃതമായ സുവിശേഷ പ്രവർത്തനമാണ് നാം നിർവഹിക്കേണ്ടത്. കൊൽക്കൊത്തയിലെ വിശുദ്ധ തെരേസ ചെയ്തതുപോലെ ഓരോ പ്രഭാതത്തിലും വിശുദ്ധ കുർബ്ബാനയിൽ നിന്നും ശക്തി സ്വീകരിച്ചുകൊണ്ട് നമ്മുക്കു ലോകത്തിലേക്കിറങ്ങാം, ലോകം മുഴുവനോടും 'യേശു ഏകരക്ഷകൻ' എന്നു നമ്മുക്കു പ്രഘോഷിക്കാം. ദൈവം അത്ഭുതം പ്രവർത്തിക്കുക തന്നെ ചെയ്യും.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »