News - 2024

പീഡനങ്ങളുടെ മദ്ധ്യത്തിലും യെമനിലെ ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

സ്വന്തം ലേഖകന്‍ 04-04-2017 - Tuesday

സന: ആഭ്യന്തര കലഹവും മതമർദ്ധനങ്ങളും രൂക്ഷമായ യെമനില്‍ ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമമായ 'പ്രീമിയര്‍' ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മതമര്‍ദ്ധനത്തെ തുടര്‍ന്നു വിദേശീയരായ മിഷ്ണറിമാര്‍ രാജ്യത്തു നിന്ന്‍ പലായനം ചെയ്തെങ്കിലും തദ്ദേശീയരായ ക്രൈസ്തവര്‍ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ആനയിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം തെക്കന്‍ യെമനിലെ ഏദനില്‍ നിന്നുമാണ് തീവ്രവാദി സംഘം മലയാളി വൈദികനായ ഫാ. ടോമിനെ തട്ടികൊണ്ട് പോയത്.

അക്രമം രൂക്ഷമായതിനെ തുടര്‍ന്നു വിദേശ മിഷ്ണറിമാര്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയതായി സന്നദ്ധസംഘടനയായ 'ഓപ്പൺ ഡോർസ്' വ്യക്തമാക്കി. ഈ സാഹചര്യത്തിലും വിശ്വാസം കൈവിടാതെ മിഷ്ണറിമാരുടെ അഭാവത്തിൽ നാട്ടുകാർ തന്നെ മുൻകൈയെടുത്ത് വചനം പ്രഘോഷിക്കുകയാണെന്ന് ഇസ്ലാം മതം ഉപേക്ഷിച്ചു ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ജമീൽ എന്ന വചനപ്രഘോഷകന്‍ വെളിപ്പെടുത്തി.

തദ്ദേശീയരായ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം സഭയുടെ പ്രതിസന്ധി ഘട്ടത്തെ പ്രതി ആശങ്കയുണ്ട്. എന്നിരിന്നാലും മിഷ്ണറിമാരുടെ അഭാവത്തിൽ, നാട്ടുകാർ തന്നെ മുൻകൈയെടുത്ത് വചനം പങ്കുവെയ്ക്കാൻ തുടങ്ങി. ദൈവവചന പ്രഘോഷണത്തിൽ പരിചിതരല്ലങ്കിലും തങ്ങളുടേതായ രീതിയിൽ സുവിശേഷം പ്രഘോഷിച്ച് മത പീഡന കാലഘട്ടത്തില്‍ അവര്‍ പരസ്പരം സാക്ഷ്യമാകുന്നു. ജമീൽ കൂട്ടിച്ചേർത്തു.

ജനങ്ങളെ കൂടുതലായി വിശ്വാസത്തിലേക്ക് അടുപ്പിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധികളാണെന്ന് ഓപ്പൺ ഡോർസ് സംഘടനാ വക്താവ് താനിയ കോർബെറ്റ് വ്യക്തമാക്കി. പ്രതികൂല സാഹചര്യങ്ങള്‍ സഭയെ ശക്തിപ്പെടുത്താനിടയാക്കി. രാജ്യത്തെ ജനങ്ങൾ തങ്ങളുടെ വിശ്വാസം പങ്കുവെയ്ക്കാനും മറ്റുള്ളവരെ പ്രചോദിപ്പിച്ച് സുവിശേഷം പ്രഘോഷിക്കാനും തങ്ങളുടേതായ രീതിയിൽ പരിശ്രമിക്കുന്നു.

"യെമനിൽ ഇസ്ലാം മതം ഉപേക്ഷിക്കുന്നത് ഗോത്രത്തെ വഞ്ചിക്കുന്നതിനു തുല്യമായിട്ടാണ് പരിഗണിക്കുന്നത്. അതിനാൽ തന്നെ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവർക്ക് സ്വകുടുംബത്തിൽ നിന്നു തന്നെയാണ് വിമർശനങ്ങളധികവും ഏറ്റുവാങ്ങുന്നത്. ക്രൈസ്തവരായി ജീവിക്കുന്നവരെ കുടുംബത്തിൽ നിന്ന് പുറത്താക്കുന്നതും പിന്നീട് വധിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് രാജ്യത്തു നിലനില്‍ക്കുന്നത്". താനിയ പറഞ്ഞു. 'ഓപ്പൺ ഡോർസ്' പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന പീഡനങ്ങളില്‍ യെമൻ ഒൻപതാം സ്ഥാനത്താണ്.


Related Articles »