Christian Prayer - September 2024
ആദ്യവെള്ളിയിലെ കുടുംബ പ്രതിഷ്ഠാജപം
സ്വന്തം ലേഖകന്‍ 07-06-2024 - Friday
ക്രിസ്തീയ കുടുംബങ്ങളില്‍ വാഴുവാനുള്ള ആഗ്രഹം ഭാഗ്യവതിയായ മര്‍ഗ്ഗരീത്തമറിയത്തോടു വെളിപ്പെടുത്തിയ ഈശോയുടെ പരിശുദ്ധ ഹൃദയമേ, ഞങ്ങളുടെ കുടുംബത്തിന്മേലുള്ള അങ്ങയുടെ പരമാധികാരം ഇന്ന് ഇവിടെ പ്രഖ്യാപനം ചെയ്യുന്നതിനായി ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ഈ ലോക ജീവിതത്തില്‍, ഏതെല്ലാം സുകൃതങ്ങള്‍ അഭ്യസിച്ചാല്‍ സമാധാനം തരുമെന്ന് അങ്ങ് വാഗ്ദാനം ചെയ്തിരിക്കുന്നുവോ, ആ സുകൃതങ്ങള്‍ ഈ കുടുംബത്തില്‍ സമൃദ്ധമായി വളരുന്നതിന് ഞങ്ങള്‍ യത്നിക്കുന്നതാണ്. അങ്ങു ശപിച്ചിരിക്കുന്ന ലോകരൂപിയെ ഞങ്ങളില്‍ നിന്ന്‍ വിദൂരത്തില്‍ അകറ്റുന്നതിനു ഞങ്ങള്‍ ആഗ്രഹിക്കുന്നു.
ഞങ്ങള്‍ വിശ്വാസത്തിന്‍റെ ആത്മാര്‍ത്ഥത വഴി അങ്ങ് ഞങ്ങളുടെ ബോധത്തിലും, അങ്ങയോടുള്ള ഉജ്ജ്വലമായ സ്നേഹത്താല്‍ ഞങ്ങളുടെ ഹൃദയങ്ങളിലും വാഴേണമേ. ഈ സ്നേഹാഗ്നി കൂടെക്കൂടെയുള്ള ദിവ്യകാരുണ്യ സ്വീകരണത്തില്‍ അധികമധികം ഉജ്ജ്വലിക്കുന്നതിനു ഞങ്ങള്‍ പരിശ്രമിക്കും.
ഓ, ദിവ്യഹൃദയമേ, ഞങ്ങളുടെ സമ്മേളനങ്ങളില്‍ അദ്ധ്യക്ഷ പീഠമലങ്കരിക്കുവാന്‍ അങ്ങു മനസ്സാകണമേ. ഞങ്ങളുടെ ആത്മീയവും ലൗകികവുമായ സംരംഭങ്ങളെ അങ്ങ് ആശീര്‍വദിക്കണമേ. ഞങ്ങളുടെ ഉത്കണ്ഠകളെയും ആകുലചിന്തകളെയും ഞങ്ങളില്‍ നിന്ന്‍ അകറ്റണമേ. ഞങ്ങളുടെ സന്തോഷങ്ങളെ അങ്ങ് സംശുദ്ധമാക്കണമേ. ഞങ്ങളുടെ ക്ലേശങ്ങളെ അങ്ങ് ലഘൂകരിക്കണമേ. ഞങ്ങളില്‍ ആരെങ്കിലും അങ്ങയുടെ അനിഷ്ടത്തില്‍ വീഴാനിടയായാല്‍, ഓ, ദിവ്യ ഹൃദയമേ, അങ്ങ് മനസ്തപിക്കുന്ന പാപിയോട് എപ്പോഴും നന്മയും കരുണയും കാണിക്കുന്നവനാണെന്ന് അയാളെ ഓര്‍മ്മിപ്പിക്കണമേ.
ജീവിതാന്ത്യത്തില്‍ അന്ത്യവേര്‍പാടിന്‍റെ മണിനാദം മുഴങ്ങുകയും, മരണം ഞങ്ങളെ സന്താപത്തില്‍ ആഴ്ത്തുകയും ചെയ്യുമ്പോള്‍, അങ്ങയുടെ അലംഘനീയമായ ആ കല്‍പന സ്വമേധയാ അനുസരിച്ചുകൊള്ളാമെന്ന് വാഗ്ദാനം ചെയ്യുന്നു. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ ഈ കുടുംബാംഗങ്ങളെല്ലാവരും മോക്ഷത്തില്‍ ഒന്നുചേര്‍ന്ന് അങ്ങയുടെ മഹത്വത്തെയും ദിവ്യകാരുണ്യത്തെയും പാടി സ്തുതിക്കുന്ന ഒരു ദിവസം ആഗതമാകുമെന്നുള്ള പ്രതീക്ഷ ഞങ്ങളെ ആശ്വസിപ്പിക്കുന്നു.
മറിയത്തിന്‍റെ വിമലഹൃദയവും, മഹത്വമേറിയ പിതാവായ വിശുദ്ധ ജോസഫും ഈ പ്രതിഷ്ഠയെ അങ്ങേയ്ക്ക് കാഴ്ചവയ്ക്കുകയും ഇതിന്‍റെ ഓര്‍മ്മ ജീവിതത്തിലെ എല്ലാ ദിവസങ്ങളിലും ഞങ്ങളുടെ ബോധത്തില്‍ ആവിര്‍ഭവിപ്പിക്കുകയും ചെയ്യട്ടെ. നമ്മുടെ രാജാവും പിതാവുമായ ഈശോയുടെ ദിവ്യഹൃദയത്തിന് എല്ലാ മഹത്വവും സ്തുതിയും ഉണ്ടായിരിക്കട്ടെ.
ഈശോയുടെ ഏറ്റവും പരിശുദ്ധ ഹൃദയമേ
ഞങ്ങളുടെമേല്‍ കൃപയുണ്ടാകണമേ.
മറിയത്തിന്‍റെ വിമലഹൃദയമേ,
ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ യൗസേപ്പിതാവേ,
ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ മര്‍ഗ്ഗരീത്ത മറിയമേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.