News
ദൈവത്തില്‍ നിന്നു വരുന്ന സമാധാനത്തിലൂടെ മാത്രമേ ലോകം നവീകരിക്കപ്പെടുകയുള്ളൂ: മാര്‍ ജോസഫ് സ്രാമ്പിക്കല്‍
സ്വന്തം ലേഖകന്‍ 10-04-2017 - Monday
പ്രസ്റ്റണ്‍: ദൈവത്തിൽ നിന്നു വരുന്ന സമാധാനത്തിലൂടെ മാത്രമേ ലോകം നവീകരിക്കപ്പെടുകയുള്ളുവെന്ന് ഗ്രേറ്റ് ബ്രിട്ടന് രൂപതാദ്ധ്യക്ഷന് മാർ ജോസഫ് സ്രാമ്പിക്കൽ. പ്രസ്റ്റണിലെ അമലോത്ഭവയുടെ വിശുദ്ധ അൽഫോൻസാ കത്തീഡ്രലിൽ ഓശാന ഞായർ തിരുക്കർമങ്ങൾക്കു കാർമികത്വം വഹിച്ചു വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. രൂപത സ്ഥാപിതമായതിനു ശേഷമുള്ള ആദ്യത്തെ വിശുദ്ധവാരകര്മ്മമാണിത്.
"രാഷ്ട്രീയ സൈനീക ശക്തി ഉപയോഗിച്ചല്ല മിശിഹാരാജാവ് വാഴുന്നത്. ദൈവപുത്രന്റെ അനുസരണത്തില്‍ അക്രമണത്തിന് ഒരു സ്ഥാനവുമില്ല. അക്രമണത്തിലൂടെ ഈശോ ഒന്നും പടുതുയര്‍ത്തുുമില്ല. ദൈവത്തിന്റെ ദാരിദ്യവും സമാധാനവും മാത്രമാണ് ഈശോയ്ക്ക് രക്ഷാകരശക്തികള്‍. ദൈവത്തില്‍ നിന്നു വരുന്ന സമാധാനത്തിലൂടെ മാത്രമേ ലോകം നവീകരിക്കപ്പെടുകയുള്ളു".
"സ്വന്തം കാര്യപരിപാടികളും താത്പര്യങ്ങളും അനുസരിച്ചല്ല ഈശോ പ്രവര്‍ത്തിക്കുന്നത്. പിതാവ് മോചിപ്പിക്കുന്നതുവരെ പുത്രന് സഹിക്കുന്നു. പിതാവിന്റെ കല്പന പാലിക്കുന്ന കാര്യത്തില്‍ ഈശോയ്ക്ക് യാതൊരു വിട്ടുവീഴ്ചയുമില്ല". ബിഷപ്പ് പറഞ്ഞു.
വികാരി ജനറാൾ മോണ്‍. മാത്യു ചൂരപ്പൊയ്കയിൽ, ഫാ. മാത്യു പുളിമൂട്ടിൽ, ഫാ. ഫാൻസുവ പത്തിൽ തുടങ്ങിയവർ തിരുകര്‍മ്മങ്ങളില്‍ സഹകാർമികരായിരുന്നു. കത്തീഡ്രലായതിനു ശേഷമുള്ള ആദ്യത്തെ ഓശാന ഞായറായ്ച തിരുക്കർമങ്ങളിൽ പങ്കെടുക്കുവാന്‍ അനേകം വിശ്വാസികള്‍ എത്തിചേര്‍ന്നിരിന്നു. രൂപതയുടെ പ്രഥമ പെസഹാ വ്യാഴാഴ്ച ശുശ്രൂഷകള്‍ വൈകുന്നേരം ആറു മണിക്കു പ്രസ്റ്റണ്‍ കത്തീഡ്രലിൽ നടത്തും.
![](/images/close.png)