News - 2025
ദിവ്യകാരുണ്യം കൈയിലെടുത്തു കൊണ്ടുള്ള പലായനവും വൈദികനായുള്ള തിരിച്ചു വരവും: ഫാദര്‍ മാര്‍ട്ടിന്‍ ബന്നിയുടെ ജീവിതം ശ്രദ്ധേയമാകുന്നു
സ്വന്തം ലേഖകന്‍ 10-04-2017 - Monday
ബാഗ്ദാദ്: ഇറാഖിലെ കരംലേഷ് സ്വദേശിയായ ഫാദര്‍ മാര്‍ട്ടിന്‍ ബന്നിയുടെ ശ്രദ്ധേയമായ ജീവിതാനുഭവവുമായി എയ്ഡ് ടു ചര്‍ച്ച് ഇന്‍ നീഡ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണത്തെ തുടര്‍ന്നു പരിശുദ്ധ ദിവ്യകാരുണ്യവും വഹിച്ചുകൊണ്ട് സ്വന്തം ഗ്രാമമായ കരംലേഷില്‍ നിന്നും പലായനം ചെയ്ത മാര്‍ട്ടിന്‍ ബന്നി ഇന്ന്‍ ഒരു വൈദികനായാണ് മടങ്ങി എത്തിയിരിക്കുന്നത്. വിശ്വാസികള്‍ക്ക് നല്‍കുവാനുള്ള ദിവ്യകാരുണ്യവുമായാണ് അദ്ദേഹത്തിന്റെ മടക്കം.
സെമിനാരി വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ താന്‍ അനുഭവിച്ച സഹനങ്ങളും വേദനകളും തന്റെ പൗരോഹിത്യ ദൗത്യത്തിനായി മാര്‍ട്ടിന്‍ ബിയാന്നി സമർപ്പിച്ചപ്പോൾ അത് പൂവണിയുകയായിരിന്നു. 2014 ഓഗസ്റ്റ് 6-നാണ് ഐഎസ് പോരാളികള്‍ തങ്ങളുടെ ഗ്രാമത്തില്‍ പ്രവേശിച്ചതെന്ന് മാര്‍ട്ടിന്‍ ബന്നി എയ്ഡ് ടു ചർച്ചു സംഘടനയോട് വിവരിച്ചു. അധികം താമസിയാതെ തന്നെ മാര്‍ട്ടിന്‍ ബന്നിക്ക് അവിടെ നിന്നും പലയാനം ചെയ്യേണ്ട സാഹചര്യം ഉടലെടുക്കുകയായിരിന്നു.
തന്‍റെ ഇടവകയായ വിശുദ്ധ അദ്ദായി ദേവാലയത്തിലെ സക്രാരിയില്‍ സൂക്ഷിച്ചിരിന്ന ദിവ്യകാരുണ്യം ഐഎസ് തീവ്രവാദികള്‍ക്ക് വിട്ടുകൊടുക്കില്ലായെന്നു മാര്‍ട്ടിന്‍ ബന്നി ഉറച്ച തീരുമാനം എടുത്തു. തുടര്‍ന്നു അദ്ദേഹം ദിവ്യകാരുണ്യവും വഹിച്ചു ഇടവക വികാരിയായ ഫാദര്‍ താബെത്തിന് ഒപ്പം ഇര്‍ബിലിലേക്ക് യാത്ര തിരിക്കുകയായിരിന്നു. ഇര്‍ബിലില്‍ സുരക്ഷാ ഭീഷണി ഉണ്ടായിരിന്നെങ്കിലും ബന്നി അതൊന്നും വകവെച്ചില്ല. അവിടെ സെന്‍റ് പീറ്റേഴ്സ് സെമിനാരിയില്‍ വെച്ചു അദ്ദേഹം തന്റെ പൗരോഹിത്യ പഠനം പൂര്‍ത്തിയാക്കി.
ഇന്ന്‍ ഗ്രാമത്തിലേക്ക് ഒരു വൈദികനായുള്ള അദ്ദേഹത്തിന്റെ മടക്കം വിശ്വാസികളെ ഏറെ ആഹ്ലാദത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. "എന്റെ സ്വന്തം ഗ്രാമത്തിലെ ഇടവക ദേവാലയത്തില്‍ ആളുകളെ ആശീര്‍വ്വദിച്ച ആദ്യ പുരോഹിതന്‍ ഞാനായിരുന്നു. ഇറാഖില്‍ തന്നെ തുടര്‍ന്നു കൊണ്ട് ഇവിടത്തെ ആളുകളെ സേവിക്കുവാനും ദേവാലയം പരിപാലിക്കുവാനുമാണ് തന്റെ പ്രഥമലക്ഷ്യം". പലായനത്തിന് ശേഷം ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയ ഫാദര്‍ മാര്‍ട്ടിന്‍ ബന്നി ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ന്റെ വാര്‍ത്ത വിഭാഗം തലവനായ ജോണ്‍ പൊന്തിഫെക്സിന് അയച്ച സന്ദേശത്തില്‍ കുറിച്ചു.
വടക്കന്‍ ഇറാഖിലെ ക്രിസ്ത്യാനികള്‍ക്ക് ഇപ്പോള്‍ തിരിച്ചുവരുവാന്‍ കഴിയുന്ന സാഹചര്യമാണെങ്കിലും വീണ്ടും പഴയ ജീവിതം പുനരാരംഭിക്കുവാന്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേ സമയം ക്രൈസ്തവ വിശ്വാസത്തെ ചോദ്യം ചെയ്യുന്നവരുടെ എണ്ണം ഇറാഖില്‍ വര്‍ദ്ധിക്കുമ്പോഴും ശക്തമായ ക്രൈസ്തവ സാക്ഷ്യമായി ഫാദര്‍ മാര്‍ട്ടിന്‍ ബന്നിയെ പോലെയുള്ളവരുടെ ജീവിതം മാറുകയാണ്. ഇത്തരം ജീവിതസാക്ഷ്യങ്ങള്‍ അനേകരെയാണ് ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നത്.
![](/images/close.png)