News - 2025
ദിവ്യബലി അര്‍പ്പണം തടയാന്‍ ചൈനീസ് ബിഷപ്പിനെ സര്‍ക്കാര്‍ കസ്റ്റഡിയില്‍ എടുത്തു
സ്വന്തം ലേഖകന്‍ 12-04-2017 - Wednesday
ബെയ്ജിംഗ്: വിശുദ്ധ കുര്‍ബാന അര്‍പ്പണം തടയാന്‍ കത്തോലിക്കാ ബിഷപ്പിനെ ചൈനീസ് സര്‍ക്കാര്‍ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. ഫൂജിയാന്‍ പ്രവിശ്യയിലെ മിന്‍ഡോണ്‍ രൂപതയിലെ മെത്രാനായ വിന്‍സെന്റ് ഗുവോ സിജിന്‍ ആണ് അന്യായമായി കസ്റ്റഡിയിലാക്കപ്പെട്ടത്. ഏപ്രില്‍ 6 വ്യാഴാഴ്‌ച ആദ്യമായി രൂപതയില്‍, പുരോഹിതരും മെത്രാനും തമ്മിലുള്ള ഐക്യത്തിന്റെ അടയാളമായി 'തൈലാഭിഷേക കുര്‍ബ്ബാന' അര്‍പ്പിക്കുന്നതിന് തൊട്ടു മുന്‍പാണ് അദ്ദേഹം കസ്റ്റഡിയിലായത്.
20 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ഒരു പഠന ക്ലാസ്സിനു വേണ്ടിയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത് എന്നാണ് ഫുവാന്‍ സിറ്റിയിലെ ലോക്കല്‍ റിലീജിയസ് അഫയേഴ്സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ തൈലാഭിഷേക കുര്‍ബാനയില്‍ നിന്നും അദ്ദേഹത്തെ തടയുക എന്നതാണ് യഥാര്‍ത്ഥ കാരണമായി വിലയിരുത്തപ്പെടുന്നത്. മിന്‍ഡോണ്‍ രൂപതയിലെ മെത്രാനായിരുന്ന വിന്‍സെന്റ് ഹുവാങ്ങ് സോചെംഗ് കാലം ചെയ്തതിനെ തുടര്‍ന്ന്‍ കഴിഞ്ഞ വര്‍ഷമായിരുന്നു വിന്‍സെന്റ് ഗുവോ സിജിന്‍ മെത്രാനായി അഭിഷിക്തനായത്.
കമ്മ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന ചൈനയില്‍ രണ്ടു തരം സഭകളാണ് ഇപ്പോഴുള്ളത്. ചൈനീസ് സര്‍ക്കാരിന്റെ അനുമതിയോടും, വത്തിക്കാന്റെ അനുമതി ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന സഭയാണ് ഒന്നാമത്തേത്. രണ്ടാമത്തേത് വത്തിക്കാന്റെ അനുമതിയോടെ നിയമിതരായ ബിഷപ്പുമാരും വൈദികരും നടത്തുന്ന സഭ. അധികാരികളെ ഭയന്ന് ഇവര്‍ രഹസ്യമായാണ് ആരാധന നടത്തുന്നത്. ഭൂഗര്‍ഭ സഭ എന്നാണ് ഇവരെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.
സര്‍ക്കാര്‍ അംഗീകാരം നല്‍കാത്ത കത്തോലിക്കാ സഭയുടെ ശക്തമായ മേഖലയാണ് ഫൂജിയന്‍ പ്രവിശ്യ. ഏതാണ്ട് 3,70,000-ത്തോളം കത്തോലിക്കര്‍ ഇവിടെ വസിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ സര്‍ക്കാര്‍ അംഗീകരിക്കാത്ത കത്തോലിക്കരുടെ എണ്ണം ഏതാണ്ട് 80,000 ത്തോളം വരും. പ്രധാനപ്പെട്ട തിരുനാളുകള്‍ക്കും ആഘോഷങ്ങള്‍ക്കും മുന്‍പ് മെത്രാന്‍മാരേയും പുരോഹിതരേയും കസ്റ്റഡിയിലെടുക്കുന്ന സര്‍ക്കാര്‍ നിലപാട് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല.
ചൈനാ ഗവണ്‍മെന്റ് അംഗീകരിക്കുന്ന ഒരു മെത്രാന്‍ ഫൂജിയാന്‍ പ്രവിശ്യയില്‍ ഉണ്ടെങ്കിലും വത്തിക്കാന്‍ മെത്രാനെ അംഗീകരിക്കുന്നില്ല. അതേ സമയം ചൈനീസ് സർക്കാർ നിയമിച്ച ബിഷപ്പുമാര്‍ക്ക് വത്തിക്കാനില്‍ നിന്നും പുതിയ ധാരണപ്രകാരം അംഗീകാരം നല്‍കിയേക്കുമെന്നു നേരത്തെ റിപ്പോര്‍ട്ടുണ്ടായിരിന്നു. എന്നാല്‍ ഇതിന് വത്തിക്കാന്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല.
![](/images/close.png)