Meditation. - April 2024

ലോകം മുഴുവനും നിശബ്ദതയില്‍ പ്രഘോഷിക്കുന്നു: "യേശു ഏകരക്ഷകന്‍"

സ്വന്തം ലേഖകന്‍ 08-04-2023 - Saturday

"...ഭയപ്പെടേണ്ട, ഞാനാണ് ആദിയും അന്തവും, ജീവിക്കുന്നവനും. ഞാൻ മരിച്ചവനായിരുന്നു; എന്നാൽ, ഇതാ ഞാൻ എന്നേക്കും ജീവിക്കുന്നു മരണത്തിന്റെയും നരകത്തിന്റെയും താക്കോലുകൾ എന്റെ കയ്യിലുണ്ട്." (വെളിപാട് 1:17-18)

യേശു ഏകരക്ഷകൻ: ഏപ്രില്‍ 08
ഇന്നു- ദുഃഖശനിയാഴ്ച, വലിയൊരു നിശബ്ദത ഭൂമിയെ ഭരിക്കുന്നു. കാരണം നമ്മുടെ രക്ഷകൻ കല്ലറയിൽ ഉറങ്ങുന്നു. ഭൂമി വിറയ്ക്കുകയും നിശ്ചലമാവുകയും ചെയ്തു. മരിച്ചവര്‍ ദൈവപുത്രന്‍റെ സ്വരം ശ്രവിക്കുന്നതിനും, ശ്രവിക്കുന്നവര്‍ ജീവിക്കുന്നതിനും വേണ്ടി ക്രിസ്തു മരണത്തിന്‍റെ അഗാധതയിലേക്ക് ഇറങ്ങിച്ചെന്നു. ജീവന്‍റെ കര്‍ത്താവായ യേശു മരണം വരിച്ചുകൊണ്ട് മരണത്തിന്മേല്‍ അധികാരമുള്ള പിശാചിനെ നശിപ്പിക്കുകയും, മരണഭീതിയാല്‍ ജീവിതകാലം മുഴുവനും ബന്ധനത്തിലായിരുന്നവരെ വിമോചിപ്പിക്കുകയും ചെയ്തു. 'ഇനിമേല്‍ മരണത്തിന്‍റെയും പാതാളത്തിന്‍റെയും താക്കോലുകള്‍ ഉത്ഥിതനായ ക്രിസ്തുവിന്‍റെ കൈയിലാണ്. അതുകൊണ്ട് യേശുവിന്‍റെ നാമം കേള്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള എല്ലാ മുട്ടുകളും മടങ്ങണം.' (cf: വെളിപാട് 1:18, ഫിലിപ്പി 2:10)

ലോക സുവിശേഷവത്ക്കരണത്തിനും ഇപ്രകാരം ഒരു നിശബ്ദതയുടെ മാനമുണ്ട്. മനുഷ്യന്‍ തന്‍റെ സ്വയം ബുദ്ധി ഉപയോഗിച്ചുകൊണ്ട് ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കുന്നു. ചിലര്‍ ജന്മം കൊണ്ടുതന്നെ ചില വിശ്വാസങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി തീരുന്നു. എന്നാല്‍, ദൈവം തന്റെ സ്വന്തം ഛായയിൽ സൃഷ്ടിച്ച ഓരോ മനുഷ്യൻറെയും ഉള്ളിൽ ദൈവത്തിന്‍റെ ഛായ കുടികൊള്ളുന്ന ആത്മാവ് വസിക്കുന്നു. സത്യം തിരിച്ചറിയുന്ന ഈ ആത്മാവ് എക്കാലവും നിശബ്ദതയില്‍ പ്രഘോഷിക്കുന്നു- "യേശു ഏകരക്ഷകന്‍".

ഒരു മനുഷ്യന്‍ അവൻ ഏതു വിശ്വാസം സ്വീകരിച്ചവനാകട്ടെ, അവന്‍റെയുള്ളില്‍ നിന്നും മുഴങ്ങുന്ന ഈ ശബ്ദം തിരിച്ചറിയാൻ തുടങ്ങുമ്പോള്‍ അവന്‍റെ ഹൃദയത്തില്‍ യേശുവിനെക്കുറിച്ച് അറിയുവാന്‍ ആഗ്രഹം ഉദിക്കുന്നു.

വിചിന്തനം
പ്രിയപ്പെട്ട സഹോദരങ്ങളെ നിങ്ങളുടെ ഈശ്വര സങ്കല്‍പ്പം എന്തുതന്നെയാകട്ടെ; "കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക" എന്ന ഒരു ശബ്ദം നിങ്ങളുടെയുള്ളില്‍ നിന്നും മുഴങ്ങുന്നുണ്ട്. അത് നിങ്ങള്‍ തിരിച്ചറിയാറുണ്ടോ?

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന
"കര്‍ത്താവേ, അങ്ങാണ് എന്‍റെ രക്ഷാകവചവും എന്‍റെ മഹത്വവും; എന്നെ ശിരസ്സുയര്‍ത്തി നിറുത്തുന്നതും അവിടുന്നുതന്നെ. ഉച്ചത്തില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു; തന്‍റെ വിശുദ്ധ പര്‍വ്വതത്തില്‍ നിന്ന് അവിടുന്ന് എനിക്കുത്തരമരുളുന്നു" (സങ്കീര്‍ത്തനങ്ങള്‍ 3:3-4).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »