News - 2025
സാത്താന്‍ പൂജക്കെതിരെ ജാഗ്രത പുലര്‍ത്തണം: കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി
സ്വന്തം ലേഖകന്‍ 15-04-2017 - Saturday
കൊച്ചി: തിന്മയുടെ ശക്തികളുടെ സ്വാധീനങ്ങളില്‍പ്പെട്ടു പരിശുദ്ധ കുര്‍ബാനയെ ദുരുപയോഗിക്കാന്‍ ശ്രമിക്കുന്ന സാത്താന്‍ പൂജ പോലുള്ള തെറ്റായ പ്രവണതകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തിരുവനന്തപുരം നന്തന്‍കോട് നാലുപേരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിക്കു സാത്താന്‍പൂജയുമായി ബന്ധമുണ്ടെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസ ജീവിതത്തില്‍ സുതാര്യത സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. പാശ്ചാത്യരാജ്യങ്ങളില്‍ നിന്നാണു സാത്താന്‍പൂജ പോലുള്ള തിന്മകള്‍ വരുന്നത്. തിന്മയുടെ ശക്തിയുടെ ആവാസവും തിന്മയുടെ പ്രവര്‍ത്തനങ്ങളുമാണു അവിടെ നടക്കുന്നതെന്നാണു വിവരം. പോലീസ് സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ചും രഹസ്യകേന്ദ്രങ്ങളില്‍ നടക്കുന്ന ഇത്തരം തിന്മകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.