News - 2025
മാര്‍പാപ്പ സെസേന-സര്‍സീന രൂപത സന്ദര്‍ശിക്കും
സ്വന്തം ലേഖകന്‍ 15-04-2017 - Saturday
വത്തിക്കാന്‍: ഇറ്റലിയുടെ ഉത്തരപൂര്‍വ്വ പ്രദേശത്തുള്ള സെസേന-സര്‍സീന രൂപതയില്‍ പാപ്പാ ഇടയസന്ദര്‍ശനം നടത്തുമെന്ന്‍ വത്തിക്കാന്‍. ഒക്ടോബര്‍ ഒന്നിനാണ് സന്ദര്‍ശനം നടത്തുക. പീയുസ് ആറാമന്‍ പാപ്പായുടെ മൂന്നാം ജന്മശതാബ്ദിയോടനുബന്ധിച്ച് രൂപതാദ്ധ്യക്ഷന്‍ ഡഗ്ലസ് റെഗത്തിയേരിയുടെയും ദിവ്യകാരുണ്യ കോണ്‍ഗ്രസിനോടനുബന്ധിച്ച് ബൊളോഞ്ഞ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് മത്തേയൊ മരീയ ത്സൂപ്പിയുടെയും ക്ഷണപ്രകാരമാണ് പാപ്പായുടെ ഇടയസന്ദര്‍ശനം.
ഒക്ടോബര്‍ ഒന്നിനു വത്തിക്കാനില്‍ നിന്ന് 325 കിലോമീറ്ററോളം അകലെ വടക്കു കിഴക്കായി സ്ഥിതിചെയ്യുന്ന ചെസേന സര്‍സീന രൂപതയിലേക്ക് മാര്‍പാപ്പാ ഹെലിക്കോപ്റ്ററില്‍ പുറപ്പെടും. ഏകദിന സന്ദര്‍ശനമായതിനാല്‍ അന്ന്‍ തന്നെ മാര്‍പാപ്പ വത്തിക്കാനില്‍ മടങ്ങിയെത്തും. കടല്‍ മാര്‍ഗ്ഗം ഇറ്റലിയില്‍ അഭയംതേടിയിരിക്കുന്ന യുവജനങ്ങള്‍ക്ക് ഒപ്പം ബൊളോഞ്ഞയില്‍ വച്ചുളള സമാഗമം, പൗരസമൂഹവുമായുള്ള കൂടിക്കാഴ്ച, വൈദികരും യുവജനങ്ങളും കുടുംബങ്ങളുമായുള്ള കൂടിക്കാഴ്ച എന്നിവ മാര്‍പാപ്പയുടെ സന്ദര്‍ശനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.
ദരിദ്രരുമൊത്തു ഉച്ചഭക്ഷണം കഴിക്കുവാനും, ബൊളോഞ്ഞ അതിരൂപതാ കത്തീഡ്രല്‍ ദേവാലയത്തില്‍ വൈദികരുമായുള്ള കൂടിക്കാഴ്ച നടത്താനും മാര്‍പാപ്പ സമയം കണ്ടെത്തും. വിശുദ്ധ ഡോമിനിക്കിന്‍റെ നാമധേയത്തിലുള്ള ബസിലിക്കയിലാണ് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടാം തീയതി വടക്കേ ഇറ്റലിയിലെ ആല്‍പ്സ് താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന കാര്‍പി രൂപത മാര്‍പാപ്പ സന്ദര്‍ശിച്ചിരിന്നു.
![](/images/close.png)