News - 2024

ഐഎസ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഫാദര്‍ ജാക്വസ് ഹാമലിന്റെ നാമകരണനടപടികള്‍ക്ക് ഔദ്യോഗിക തുടക്കം

സ്വന്തം ലേഖകന്‍ 15-04-2017 - Saturday

റൗവൻ: വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടെ ഐഎസ് ഭീകരവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഫ്രഞ്ച് വൈദികന്‍ ഫാദര്‍ ജാക്വസ് ഹാമലിന്റെ നാമകരണനടപടികള്‍ക്ക് ഔദ്യോഗികമായ തുടക്കം. രൂപതാ വൈദികരുടെ ഒപ്പം നടത്തിയ ക്രിസം മാസിലാണ് റൌവന്‍ ആര്‍ച്ച് ബിഷപ്പ് ഡൊമനിക്യു ലിബ്‌സണ്‍ ഇക്കാര്യം അറിയിച്ചത്. നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററായി രൂപത വൈസ് ചാന്‍സലറായ ഫാ. പോള്‍ വിഗോര്‍ഔക്സിനെ നിയമിച്ചിട്ടുണ്ട്.

സാധാരണഗതിയില്‍ ഒരു വ്യക്തിയെ വിശുദ്ധനാക്കുവാനുള്ള നടപടികള്‍ ആരംഭിക്കുന്നത് അദ്ദേഹം അന്തരിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞാണ്. ഈ നടപടിയില്‍ അയവ് വരുത്തി കൊണ്ടാണ് വൈദികന്റെ നാമകരണ നടപടികള്‍ക്ക് തുടക്കമായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ 16-ാം തീയതി ഫ്രാന്‍സിലെ 'സെന്റ് എറ്റിനി ഡു റൂവ്‌റേ' ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടെയാണ് ഫാദര്‍ ജാക്വസ് ഹാമലിനെ ഐഎസ് തീവ്രവാദികള്‍ ദാരുണമായി കൊലപ്പെടുത്തിയത്.

സെപ്റ്റംബര്‍ 14-ാം തീയതി വത്തിക്കാനില്‍ ഫാദര്‍ ജാക്വസ് ഹാമലിന്റെ സ്മരണയ്ക്കായി അര്‍പ്പിച്ച വിശുദ്ധ ബലിയ്ക്ക് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ, വൈദികനെ വാഴ്ത്തപ്പെട്ട ഫാദര്‍ ജാക്വസ് ഹാമല്‍ എന്ന് സംബോധന ചെയ്തിരുന്നു. വൈദികന്റെ ചിത്രം അള്‍ത്താരയ്ക്കുള്ളില്‍ സ്ഥാപിച്ച പാപ്പ, വിശുദ്ധ ബലിയ്ക്കു ശേഷം ഇതേ ചിത്രം ആര്‍ച്ച് ബിഷപ്പ് ഡോമനിക്യൂ ലെബ്‌റണിനു നല്‍കുകയും അദ്ദേഹത്തോട് അത് ദേവാലയത്തിന് മുന്നില്‍ തന്നെ സ്ഥാപിക്കുവാന്‍ നിര്‍ദേശിച്ചിരുന്നു.


Related Articles »