News - 2024

യേശുവിന്റെ ഉയിര്‍പ്പിന്‍റെ അനുഭവം നമ്മുടെ വ്യക്തിപരമായ ജീവിതത്തില്‍ ഉണ്ടാകണം: ഫിലിപ്പോസ് മാർ സ്തേഫാനോസ്

സ്വന്തം ലേഖകന്‍ 17-04-2017 - Monday

തിരുവല്ല: യേശുവിന്‍റെ ഉത്ഥാനസമയത്ത് മരണബന്ധനത്തിന്‍റെ വാതില്‍തുറന്ന്, പാറക്കെട്ടുകള്‍ തകര്‍ത്ത് ക്രിസ്തു ഉത്ഥിതനായി സമാധാനം ലഭ്യമായതുപോലെ, നമ്മുടെ ജീവിതത്തിന്‍റെ കല്ലുകളെ മാറ്റി, പ്രതിസന്ധികളെ മാറ്റി, കര്‍ത്താവിനെ നേരില്‍ക്കാണുവാനും, ഉയിര്‍പ്പിന്‍റെ അനുഭവം ഉണ്ടാകുവാനും സാധിക്കണമെന്നു തിരുവല്ല മലങ്കര അതിരൂപതയുടെ സഹായമെത്രാന്‍, ഫിലിപ്പോസ് മാര്‍ സ്തേഫനോസ്. വത്തിക്കാന്‍ റേഡിയോ വഴി നല്‍കിയ ഈസ്റ്റര്‍ സന്ദേശത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം.

യേശുവിന്‍റെ ശവകുടീരം അടുത്തകാലത്ത് നവീകരിച്ച് തീര്‍ത്ഥാടകര്‍ക്കായി തുറന്നുകൊടുത്തു എന്നു നമുക്ക് അറിയുവാന്‍ ഇടയായി. ഈ ചരിത്രസത്യം നമ്മെ സംബന്ധിച്ചിടത്തോളം ഒരു വിശ്വാസസത്യം കൂടിയാണ്. മനുഷ്യകുലം മുഴുവന്‍ അനുഭവിക്കുന്ന എല്ലാവിധമായിരിക്കുന്ന അടിമത്വങ്ങള്‍ക്കും വിശിഷ്യാ, മരണമാകുന്ന അനുഭവത്തിനും അര്‍ത്ഥവും വിമോചനവും പ്രദാനംചെയ്യുന്ന അനുഭവമാണ് യേശുവിന്‍റെ പുനരുത്ഥാനം. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കുമെന്ന് യേശു പഠിപ്പിച്ചു.

സമാധാനത്തിന്‍റെ ഉറവിടം ഭൗതികമായ സമ്പത്തോ, ഭൗതികമായ സാഹചര്യങ്ങളെക്കാള്‍ അധികമായി വിശ്വാസത്തില്‍നിന്നും ഉരുത്തിരിയുന്ന സനേഹത്തിലൂടെ മാത്രമേ ഈ സമാധാനം കൈവരിക്കാന്‍ സാധ്യമാവുകയുള്ളൂ. ദൈവപുത്രനായ ക്രിസ്തു ദൈവിക സ്നേഹം പങ്കുവച്ചുകൊണ്ട് ഈ ലോകത്തില്‍ മനുഷ്യനായി അവതരിച്ച്, ആ സ്നേഹത്തില്‍ പാടുപീഡകള്‍ സഹിച്ച്, മരണംവരിച്ച് ഉത്ഥാനംചെയ്തുവെങ്കില്‍ ആ രക്ഷകന്‍റെ സ്നേഹപാതയിലൂടെ മാത്രമേ ലോകത്തില്‍ സമാധാനം കൈവരിക്കാന്‍ സാദ്ധ്യമാവുകയുള്ളൂ എന്ന് യേശുവിന്‍റെ ഉത്ഥാനസംഭവം നമ്മെ പഠിപ്പിക്കുന്നു.

ആയതിനാല്‍ ഈ കാലഘട്ടം, ഉയര്‍പ്പിന്‍റെ കാലഘട്ടം അനുരഞ്ജനത്തിന്‍റെ കാലഘട്ടമാണ്. മനുഷ്യസമൂഹം മുഴുവന്‍ സ്നേഹത്തില്‍ അനുരഞ്ജനപ്പെടേണ്ടിയിരിക്കുന്നു. ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ അനുരഞ്ജനത്തിലും സഹവര്‍ത്തിത്വത്തിന്‍റെയും മനോഭാവത്തില്‍ വളരേണ്ടിയിരിക്കുന്നു. മതങ്ങള്‍ തമ്മില്‍ അനുരഞ്ജനത്തിന്‍റെ സഹവര്‍ത്തിത്വത്തിലും ദര്‍ശനത്തില്‍, കാഴ്ചപ്പാടില്‍ ജീവിക്കേണ്ടിയിരിക്കുന്നു.

ഉയിര്‍പ്പിന്‍റെ അനുഭവം വ്യക്തിപരമായി നമ്മെ സംബന്ധിച്ചിടത്തോളം പാപത്തില്‍നുന്നുമുള്ള ഉയിര്‍പ്പായിരിക്കാം, അടിമത്വത്തില്‍നിന്നുള്ള ഉയിര്‍പ്പായിരിക്കാം. പരാജയത്തില്‍നിന്നുള്ള ഉയിര്‍പ്പായിരിക്കാം, ബന്ധനങ്ങളില്‍ നിന്നുള്ള ഉയിര്‍പ്പായിരിക്കാം മദ്യത്തില്‍നിന്നോ ലഹരിയില്‍നിന്നോ ഉള്ള ഉയിര്‍പ്പായിരിക്കാം.

അങ്ങനെ മനുഷ്യസമൂഹം മുഴുവനും, സമൂഹത്തിലെ വ്യക്തികള്‍ മുഴുവന്‍ അനുഭവിക്കുന്ന വിവിധങ്ങളായ ബന്ധനങ്ങളില്‍നിന്നു മോചനം പ്രാപിച്ച്, ദൈവം തരുന്ന സമാധാനം, ദൈവപുത്രനായ യേശുക്രിസ്തു തന്‍റെ ഉത്ഥാനത്തിലൂടെ വാഗ്ദാനം ചെയ്യുന്ന സമാധാനം പ്രാപിക്കുവാന്‍, അനുഗ്രഹം പ്രാപിക്കുവാന്‍ നമ്മെ സഹായിക്കട്ടെ. ഫിലിപ്പോസ് മാര്‍ സ്റ്റേഫനോസ് പറഞ്ഞു.

കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ തൊഴില്‍, ആരോഗ്യപരിപാലനം എന്നിവയ്ക്കായുള്ള കമ്മിഷനുകളുടെ വൈസ് ചെയര്‍മാനാണ് ഫിലിപ്പോസ് മാര്‍ സ്റ്റേഫനോസ്.


Related Articles »