News - 2024

ആഗോള തലത്തില്‍ വധശിക്ഷ കുറയുന്നു: സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് ബിഷപ്പ് ഡെക്ക്ലന്‍ ലാങ്ങ്

സ്വന്തം ലേഖകന്‍ 20-04-2017 - Thursday

വധശിക്ഷയുടെ എണ്ണത്തില്‍ ആഗോള തലത്തില്‍ ഉണ്ടായ കുറവില്‍ സന്തുഷ്ടി പ്രകടിപ്പിച്ചുകൊണ്ട് ബ്രിട്ടനിലെ ക്ലിഫ്റ്റൺ രൂപതാ മെത്രാനായ ബിഷപ്പ് ഡെക്ക്ലന്‍ ലാങ്ങ്. ഇംഗ്ലീഷ്‌ മെത്രാന്‍മാരില്‍ അന്താരാഷ്ട്ര കാര്യങ്ങളുടെ ചുമതല വഹിക്കുന്നത് ബിഷപ്പ് ഡെക്ക്ലനാണ്. 2015-ല്‍ ആഗോളതലത്തില്‍ രേഖപ്പെടുത്തപ്പെട്ടിരുന്ന വധശിക്ഷയുടെ എണ്ണം 1,634 ആയിരുന്നു. ഇത് 2016 ആയപ്പോഴേക്കും 1,032 ആയി കുറഞ്ഞുവെന്ന് ഏപ്രില്‍ 11 ചൊവാഴ്ച പുറത്തു വിട്ട കണക്കുകള്‍ ചൂണ്ടികാണിച്ചുകൊണ്ട് മെത്രാന്‍ ലാങ്ങ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാളും 37 ശതമാനത്തോളം കുറവ്‌; ഇതൊരു നല്ല പുരോഗമനമാണെന്ന് അദ്ദേഹം പറഞ്ഞു.

ആഗോള തലത്തില്‍ വധ ശിക്ഷ നടപ്പാക്കുന്ന കാര്യത്തില്‍ എടുത്തുപറയത്തക്ക കുറവ്‌ വന്നിട്ടുള്ളത് ഒരു നല്ലകാര്യമാണ്. എന്നിരുന്നാലും ഇക്കാര്യത്തില്‍ നാം ഒരുപാടു പുരോഗമിക്കേണ്ടിയിരിക്കുന്നു എന്ന് 1000-ത്തോളം പേര്‍ക്ക് കഴിഞ്ഞവര്‍ഷം വധശിക്ഷ നൽകിയ കാര്യം ചൂണ്ടികാട്ടിക്കൊണ്ട് ബിഷപ്പ് ഡെക്ക്ലന്‍ പറഞ്ഞു.

വധശിക്ഷക്കെതിരെയുള്ള UK ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെങ്കിലും, ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ‘ഫോറിന്‍ ആന്‍ഡ്‌ കോമണ്‍ വെല്‍ത്ത് ഓഫീസ്‌’ കൂടുതല്‍ പ്രാമുഖ്യം നല്‍കണമെന്നും, വധശിക്ഷക്ക് പകരം മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടാത്ത മറ്റെന്തെങ്കിലും മാര്‍ഗ്ഗം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. “ഓരോ വധശിക്ഷയും മാനുഷികാന്തസ്സിനെ ഹനിക്കുന്നതാണ്, അതിനാല്‍ ആഗോളതലത്തില്‍ വധശിക്ഷ നിരോധിക്കണമെന്ന ഫ്രാന്‍സിസ്‌ പാപ്പായുടെ വാക്കുകള്‍ക്ക് നമ്മള്‍ ചെവികൊടുക്കണം” ബിഷപ്പ് ഡെക്ക്ലന്‍ പറഞ്ഞു.

ബ്രിട്ടീഷ് ഗവണ്‍മെന്റ് യൂറോപ്പ്യന്‍ യൂണിയന് പുറത്ത്‌ പുതിയ സാമ്പത്തിക ബന്ധങ്ങള്‍ സ്ഥാപിക്കുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ വധശിക്ഷാ നിരോധനം പോലെയുള്ള മനുഷ്യാവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന വ്യാപാര കാരാറുകള്‍ വേണം ഉണ്ടാക്കേണ്ടത് എന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഇംഗ്ലണ്ടിലേയും വെയില്‍സിലേയും നിരവധി കത്തോലിക്കാ വിശ്വാസികൾ വധശിക്ഷ നിരോധിക്കണമെന്ന ആവശ്യമടങ്ങിയ കത്തുകള്‍ തങ്ങളുടെ MP മാര്‍ക്ക്‌ എഴുതിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മനുഷ്യാവകാശങ്ങളുടെ ചുമതലയുള്ള വിദേശകാര്യ മന്ത്രിയായ ബാരോണെസ്സ് അനെലേയുമായി ബിഷപ്പ് ഡെക്ക്ലന്‍ കൂടിക്കാഴ്ച നടത്തുകയും ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയുമുണ്ടായി.


Related Articles »