Life In Christ - 2025
ലൈംഗീകതയിൽ പുരുഷനെ സുഖമാണ് നയിക്കുന്നത്. എന്നാൽ ഈ സുഖത്തിന്‍റെ അര്‍ത്ഥമാണ് സ്ത്രീയെ നയിക്കുന്നത്
ഫുൾട്ടൻ ജെ ഷീന്റെ കൃതികളിൽ നിന്നും 05-12-2015 - Saturday
വ്യക്തിത്വത്തെ സമ്പന്നമാക്കാന്‍ വേണ്ടി ദൈവം സ്ഥാപിച്ച ഉപാധികളില്‍ ഒന്നാണ് സെക്സ്. നമ്മുടെ എല്ലാ അറിവും പഞ്ചേന്ദ്രിയങ്ങളിലൂടെ വരുന്നു. "നമ്മുടെ ബുദ്ധിയുടെ ദൗര്‍ബല്യം കാരണമാണ് നമുക്ക് ഒരു ശരീരം ഉള്ളത് "എന്നാണ് വിശുദ്ധ തോമശ്ലീഹാ പറയുന്നത്.
മനസിനെ സമ്പന്നമാക്കുന്നത് ശരീരവും അതിലെ വിവിധ ഇന്ദ്രിയങ്ങളുമാണ്. അതുപോലെ സ്നേഹത്തെ സമ്പന്നമാക്കുന്നത് ശരീരത്തിന്റെ കൂടിചേരലായ ലൈംഗീകതയിലൂടെയുമാണ്. കവിളിൽ വീഴുന്ന ഒരു തുള്ളി കണ്ണീരില്‍ ഹൃദയത്തിന്റെ മുഴുവന്‍ നൊമ്പരവും പ്രതിഫലിച്ചു കാണുന്നതുപോലെ സ്നേഹത്തിന്‍റെ വിസ്തൃതമായ ലോകം സെക്സില്‍ പ്രതിഫലിച്ചു കാണാം.
ഓരോ സ്ത്രീയും അവളുടെ നൈസര്‍ഗ്ഗിക വാസനയാൽ തന്നെ സ്നേഹവും ലൈഗികതയും തമ്മിലുള്ള വ്യത്യാസം പെട്ടെന്ന് മനസിലാക്കുന്നു. ഇത് സ്ത്രീകൾക്ക് ദൈവം നൽകിയ വലിയ ഒരു ദാനമാണ്. എന്നാല്‍ പുരുഷന്നെ സംബന്ധിച്ചിടത്തോളം യുക്തിയിലൂടെയും പ്രാര്‍ത്ഥനയിലൂടെയും അത് സാവധാനമേ മനസ്സിലാക്കാൻ കഴിയുകയുള്ളൂ. ലൈംഗീകതയിൽ പുരുഷനെ സുഖമാണ് നയിക്കുന്നത്. എന്നാൽ ഈ സുഖത്തിന്‍റെ അര്‍ത്ഥമാണ് സ്ത്രീയെ നയിക്കുന്നത് .
ഒരു ലക്ഷ്യത്തിനുവേണ്ടിയുള്ള മാര്‍ഗ്ഗമായിട്ടാണ് അവള്‍ സുഖത്തെ കാണുന്നത്. അതായത് അവളിലും അവളുടെ കുട്ടിയിലും സ്നേഹം ദീര്‍ഘമാക്കുക എന്ന ഏകലക്ഷ്യം തന്നെ. മംഗളവാര്‍ത്ത സമയത്ത് മറ്റൊരാള്‍ വച്ചുനീട്ടിയ സ്നേഹം മറിയം സന്തോഷപൂർവ്വം സ്വീകരിച്ചതുപോലെ സ്ത്രീ മറ്റൊരാളുടെ സ്നേഹം സ്വീകരിക്കുന്നു. മറിയത്തിനെ സംബന്തിച്ചിടത്തോളം ദൈവാത്മാവ് നിറഞ്ഞ ഒരു മാലാഖയിലൂടെ നേരിട്ടുവന്നു. വിവാഹത്തില്‍ അത് നേരിട്ടല്ലാതെ ഒരു പുരുഷനിലൂടെ വരുന്നു എന്ന ഒറ്റ വ്യത്യാസമേ ഈ രണ്ടു സാഹചര്യത്തിലും നമ്മുക്ക് കാണാൻ സാധിക്കുകയുള്ളൂ .
ഈ രണ്ട് ഉദാഹരണങ്ങളിലും ഒരു സ്വീകരിക്കല്‍ ഉണ്ട്. ഒരു കീഴടങ്ങല്‍ ഉണ്ട്. "അങ്ങയുടെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ" (ലൂക്കാ :1:28) ബോധപൂര്‍വ്വം ദൈവത്തെപ്പറ്റി ചിന്തിക്കാത്ത ഒരു വിജാതീയ സ്ത്രീ യഥാര്‍ത്ഥത്തില്‍ ആ നിമിഷം പകുതി സ്ത്രീയും പകുതി സ്വപ്നവുമാണ്.
സ്നേഹത്തെ ത്രിത്വത്തിന്‍റെ പ്രതിഫലനമായി കാണുന്ന സ്ത്രീ, പകുതി സ്ത്രീയും പകുതി ആത്മാവുമാണ്. അവളുടെ ശരീരത്തിലെ സൃഷ്ടിപരമായ പ്രവൃത്തിക്കുവേണ്ടി അവള്‍ കാത്തിരുന്നു. അപരന്റെ സ്നേഹത്തിനായാണ് അവളുടെ ക്ഷമാപൂര്‍വമായ കാത്തിരിപ്പ്. പ്രകൃതിയുടെ മാറ്റങ്ങളെ കൃഷിക്കാരന്‍ അംഗീകരിക്കുന്നതുപോലെ സ്നേഹത്തിന്‍റെ അനിവാര്യതകളെ അവള്‍ അംഗീകരിക്കുന്നു. കൃഷിക്കാരനെപ്പോലെ വിത്തു വിതച്ചതിനുശേഷം ശരല്‍ക്കാലത്തെ വിളവെടുപ്പിനായി അവള്‍ കാത്തിരിക്കുന്നു.കൃഷിക്കാരൻ ഫലത്തിനായി കാത്തിരിക്കുന്നത് പോലെ അവൾ ഒരു കുഞ്ഞിനായ് കാത്തിരിക്കുന്നു.
ഒരുവന്‍ കൊട്ടാരത്തിന്റെ അകത്തളം പൂർണമായി വീക്ഷിക്കാൻ ആഗ്രഹിക്കുന്നു. കൊട്ടാരത്തിന്‍റെ പൂന്തോട്ടം വരെയെത്തി മുന്നോട്ടു നീങ്ങാൻ കഴിയാത്ത അതേ അവസ്ഥയായിരിക്കും സ്നേഹത്തില്‍നിന്ന്‍ സെക്സ് വേര്‍പെടുത്തുമ്പോള്‍. ലക്‌ഷ്യം കൈവരിക്കാതെ വരുമ്പോള്‍ ദുഃഖവും വിഷാദവുമാണ് പരിണതഫലം. കാരണം ഒരു മനുഷ്യനെ അവന്‍റെ ഉള്ളില്‍ നിന്നും വലിച്ചിഴക്കുമ്പോള്‍ അല്ലെങ്കില്‍ അവന്‍റെ ലക്ഷ്യത്തില്‍ എത്താതെ അവന്‍ പുറംതള്ളുമ്പോൾ അവന്‍ ദുഃഖിതനാവുക സ്വാഭാവികമാണ്. മാനസികമായ അസ്ഥിരതയും ലൈഗികതയെപ്പറ്റിയുള്ള വികലമായ കാഴ്ചപ്പാടും അനേകരെ വഴിതെറ്റിക്കുന്നു. ആത്മാവിന്‍റെ ഉൾതലങ്ങളിലാണ് സന്തോഷം കുടികൊള്ളുന്നത്.
ജീവിതത്തില്‍ ഒരു ലക്ഷ്യമില്ലാത്തവന്‍ അസന്തുഷ്ടനാണ്. സ്വന്തം ജീവിതത്തെ നിസാരവല്ക്കരിക്കുന്നവനും ഭൗതിക കാര്യങ്ങള്‍ക്ക് ജീവിതത്തില്‍ മുന്‍തൂക്കം കൊടുക്കുന്നവനും ബാഹ്യമായ കാര്യങ്ങളുടെ രഹസ്യം മനസ്സിലാക്കാതെ അവയ്ക്കുവേണ്ടി സ്വന്തം ഊര്‍ജ്ജം മുഴുവന്‍ ചെലവഴിക്കുന്നവനും അവസാനം ദുഃഖിതനും വിഷാദരോഗിയുമായിത്തീരും.
ഭക്ഷണം കഴിച്ച ശേഷവും ചിലപ്പോൾ നമ്മുക്ക് വിശപ്പ് അനുഭവപ്പെടാരുണ്ട്. അല്ലെങ്കില്‍ ഭക്ഷണത്തോട് മടുപ്പ് തോന്നും. കാരണം ഒരു വ്യക്തിയുടെ ശരീരത്തെ അതു പോഷിപ്പിച്ചിട്ടില്ല. വിവാഹത്തിലാണെങ്കില്‍ അത് മറ്റൊരു ശരീരത്തെ പോഷിപ്പിച്ചിട്ടില്ല.
സ്ത്രീയില്‍ ഈ ദുഃഖത്തിന്‍റെ കാരണം വിവാഹജീവിതം ലൈംഗീകജീവിതം മാത്രമാണെന്ന മിഥ്യധാരണ ഒന്നുകൊണ്ടു മാത്രമാണ്. അവളുടെ പങ്ക് മറ്റേതൊരു സ്ത്രീക്കും നിര്‍വഹിക്കാമെന്ന് സ്വഭാവികമായും അവള്‍ക്കു തോന്നും.
വിവാഹജീവിതത്തില്‍ വ്യക്തിപരമായി ഒന്നുമില്ല. ദൈവദത്തമായ സ്നേഹത്താൽ വിളിക്കപ്പെട്ട് ജീവന്‍റെ രഹസ്യങ്ങളിലേക്ക് വശീകരിക്കപ്പെടുമ്പോള്‍ അവള്‍ സ്നേഹത്തിന്‍റെ പടിവാതിലില്‍ നില്ക്കാന്‍ വിധിക്കപ്പെട്ടവളായി മാറുന്നു. അല്ലെങ്കില്‍ സ്നേഹത്തിന്‍റെ ഒരു പങ്കാളിയായി മാറാന്‍ കഴിയാതെ സുഖത്തിന്‍റെ ഉപകരണമായിത്തീരുന്നു. ശൂന്യമായ രണ്ടു ഗ്ലാസ്സുകള്‍ക്ക് പരസ്പരം നിറയ്ക്കുവാന്‍ സാധിക്കുകയില്ല. ആ ഗ്ലാസ്സുകള്‍ തമ്മില്‍ വിനിമയം ഉണ്ടാകണമെങ്കില്‍ അവയ്ക്കു വെളിയില്‍ ഒരു ജലധാര ഉണ്ടായിരിക്കണം.ഇത് തന്നെയാണ് ലൈംഗീകതയുടെ പിന്നിലെ രഹസ്യവും.