News - 2025
സഭാ സ്വത്തുക്കളില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഭരണഘടനാ വിരുദ്ധം: ആർച്ച് ബിഷപ് സൂസപാക്യം സര്‍ക്കാരിന് കത്തയച്ചു
സ്വന്തം ലേഖകന്‍ 24-04-2017 - Monday
തിരുവനന്തപുരം: സഭാ സ്വത്തുക്കളുടെ നടത്തിപ്പില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഭരണാഘടന വിരുദ്ധമാണെന്ന് കെ.സി.ബി.സി അധ്യക്ഷനും ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പുമായ ഡോ. എം.സൂസപാക്യം. ഏപ്രില്‍ 15-ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സെക്രട്ടറിക്ക് അയച്ച കത്തിലാണ് ബിഷപ്പിന്റെ പരാമര്‍ശം. കേരളത്തിലെ ക്രിസ്തീയ സഭാ സ്വത്തുക്കളേയും സ്ഥാപനങ്ങളേയും സംബന്ധിച്ച 2009-ലെ ട്രസ്റ്റ് ബില്ലിനെക്കുറിച്ച് കെസിബിസിയുടെ പ്രതികരണം ചോദിച്ചുകൊണ്ട് മത-ന്യൂനപക്ഷ കമ്മീഷന്‍ സെക്രട്ടറി അയച്ച ഇ-മെയിലിന് മറുപടി എന്ന നിലയിലാണ് മെത്രാപ്പോലീത്ത കത്തയച്ചത്.
കേരളത്തിലെ മതന്യൂനപക്ഷമായ ക്രിസ്തീയ സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മൗലീകാവകാശത്തെ സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് അദ്ദേഹം തന്റെ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ എല്ലാ രൂപതകളുമായും, സന്യാസസഭകളുമായും, അത്മായ സംഘടനകളുമായും ആലോചിച്ചതിനു ശേഷമാണ് താന്‍ ഇത്തരമൊരു മറുപടി നല്‍കിയതെന്ന് ബിഷപ്പ് പറഞ്ഞു
ഇന്ത്യന്‍ ഭരണഘടനയിലെ 26-മത്തെ വകുപ്പ് ഉദ്ധരിച്ചാണ് കത്ത്. സ്ഥാവര ജംഗമ വസ്തുക്കള്‍ സ്വന്തമാക്കുന്നതിനുള്ള അവകാശം മാത്രമല്ല വകുപ്പ് 26 ഉറപ്പ് നല്‍കുന്നത്, നിയമാനുസൃതം ഭരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള അവകാശവും ഈ വകുപ്പ് ഉറപ്പുനല്‍കുന്നുവെന്ന് മെത്രാപ്പോലീത്ത തന്റെ കത്തില്‍ സൂചിപ്പിച്ചു.
സഭാസ്വത്തുക്കള്‍ സംബന്ധിച്ച സഭാനിയമമനുസരിച്ച് തങ്ങളുടെ സ്വത്തുക്കളുടെ ഭരണനിര്‍വഹണം നടത്തുന്നതിനുള്ള മൗലീകാവകാശം സഭയ്ക്കുണ്ട്. സഭാനിയമത്തിലെ ഏതെങ്കിലും വ്യവസ്ഥ - പൊതു വ്യവസ്ഥിതിക്കും, ധാര്‍മ്മികതക്കും, ആരോഗ്യത്തിനും എതിരായാല്‍ മാത്രമേ സര്‍ക്കാരിന് ഇടപെടേണ്ട ആവശ്യമുള്ളു . 2009-ലെ ട്രസ്റ്റ് ബില്ലിന് വേണ്ടി വാദിക്കുന്നവര്‍ മേല്‍പ്പറഞ്ഞ രീതിയിലുള്ള യാതൊരു ആരോപണവും ഉന്നയിക്കാത്തതിനാല്‍ ഈ ബില്ല് ഭരണഘടനാ വിരുദ്ധമാണ്.
കാരണം ഈ ബില്ല് ഭരണഘടനയുടെ 26-മത്തെ വകുപ്പ് ലംഘിക്കുന്നു. മാത്രമല്ല ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വത്തിനും ഈ ബില്ല് എതിരാണ്. സഭാസ്വത്തുക്കള്‍ നോക്കിനടത്തുന്നതിനും, ഭരിക്കുന്നതിനും ആവശ്യമായ നിയമങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ് സഭാ നിയമങ്ങള്‍. അവയിലെ നിയമങ്ങള്‍ ലംഘിക്കപ്പെടുന്ന അവസരങ്ങളില്‍ അതിനുള്ള പരിഹാരങ്ങളും സഭാനിയമങ്ങളില്‍ ഉണ്ട്.
തങ്ങളുടെ സ്വത്തുക്കള്‍ എപ്രകാരം ഭരിക്കണമെന്ന് തീരുമാനിക്കുവാനും, ഏതു നിയമങ്ങളാണ് പാലിക്കേണ്ടതെന്നും തീരുമാനിക്കുവാനുള്ള അവകാശം അതാത് മതത്തിലെ അനുയായികള്‍ക്ക് മാത്രമാണെന്ന് ഭരണഘടനയിലെ വകുപ്പ് 26 അനുശാസിക്കുന്നു. ക്രിസ്തീയ സഭയെ സംബന്ധിച്ചിടത്തോളം സഭാ സ്വത്തുക്കളുടെ അവകാശം അതാത് രൂപതയിലെ മെത്രാനില്‍ നിക്ഷിപ്തമാണ്.
രൂപതയിലെ വിവിധ ഭാരവാഹികളുമായും, അജപാലക സമിതികളുമായും, ഇടവകാ സമിതികളുമായും വേണ്ടവിധത്തില്‍ കൂടിയാലോചിച്ചതിനു ശേഷമാണ് മെത്രാന്‍ തീരുമാനമെടുക്കുകയുള്ളു. ഇതും ജനാധിപത്യത്തിന്റെ ഒരു രൂപം തന്നെയാണ്. പുതിയ നിയമം സഭാ സ്വത്തുവകകളുടെ ഇപ്പോള്‍ നിലനില്‍ക്കുന്ന സമാധാനപരവും ക്രമത്തിലുള്ളതുമായ ഭരണാന്തരീക്ഷത്തെ തകര്‍ക്കുമോ എന്ന ക്രിസ്ത്യന്‍ സഭകളുടെ ആശങ്കയും അദ്ദേഹം തന്റെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്.
സഭാ സ്വത്തുക്കള്‍ സര്‍ക്കാരിന്റെ കീഴില്‍ കൊണ്ടുവരുവാനുള്ള നിഗൂഡ ലക്ഷ്യവും ഇതിന്റെ പിന്നില്‍ ഉണ്ടോ എന്ന സംശയവും അദേഹം തന്റെ കത്തില്‍ പ്രകടിപ്പിച്ചു. ക്രിസ്ത്യാനികള്‍ക്ക് ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലീകാവകാശങ്ങളെ ലംഘിക്കുന്നതിന് പകരം ജനങ്ങള്‍ക്ക് കൂടുതല്‍ ജനാധിപത്യപരമായ രീതിയിലുള്ള നല്ല ഭരണം കാഴ്ചവെക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തേണ്ടതെന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ കത്ത് ഉപസംഗ്രഹിച്ചിരിക്കുന്നത്.
![](/images/close.png)