Meditation. - April 2024

എല്ലാ ചരിത്ര സംഭവങ്ങളും ഒരിക്കല്‍ നടക്കുന്നു; എന്നാൽ ക്രിസ്തുസംഭവം മാത്രം സ്ഥിരമായി നിലനില്‍ക്കുന്നു

സ്വന്തം ലേഖകന്‍ 11-04-2022 - Monday

"...അവൻ തന്നെത്തന്നെ അർപ്പിച്ചുകൊണ്ട് എന്നേക്കുമായി ഒരിക്കൽ ബലിയർപ്പിച്ചിരിക്കുന്നു". (ഹെബ്രാ 7:27)

യേശു ഏകരക്ഷകൻ: ഏപ്രിൽ 07
എല്ലാ ചരിത്ര സംഭവങ്ങളും ഒരിക്കല്‍ നടക്കുന്നു; പിന്നീട് അത് ഓർമ്മയായി മാറുന്നു. എന്നാൽ ക്രിസ്തുസംഭവം മാത്രം ചരിത്രത്തിൽ സ്ഥിരമായി നിലനില്‍ക്കുന്നു. ചരിത്രം എന്നത് ഒരു പ്രത്യേക മതവിഭാഗത്തിനു മാത്രമുള്ളതല്ല; അത് സകലമനുഷ്യരും ഈ സൃഷ്ടിപ്രപഞ്ചവും ഉൾക്കൊള്ളുന്നതാണ്. അതുകൊണ്ടുതന്നെ, ക്രിസ്തു മാത്രമാണ് ഏകരക്ഷകൻ എന്ന് നമ്മുക്കു നിസ്സംശയം പറയുവാൻ സാധിക്കും.

"യേശു തന്റെ ഭൗമികജീവിതത്തില്‍ തന്റെ പെസഹാ രഹസ്യം തന്റെ പ്രബോധനം വഴി അറിയിക്കുകയും തന്റെ പ്രവര്‍ത്തികള്‍ വഴി മുന്‍കൂട്ടി അനുഷ്ഠിക്കുകയും ചെയ്തു. അവിടുത്തെ മണിക്കൂര്‍ വന്നപ്പോള്‍ ഒരിക്കലും കടന്നു പോകാത്ത അനന്യമായ ചരിത്ര സംഭവം അവിടുന്ന് ജീവിക്കുന്നു: യേശു മരിക്കുന്നു, അടക്കപ്പെടുന്നു, മൃതരില്‍ നിന്നുയിര്‍ക്കുന്നു, പിതാവിന്റെ വലതുഭാഗത്ത് 'എന്നെന്നേക്കുമായി' ഉപവിഷ്ട്ടനായിരിക്കുന്നു.

അവിടുത്തെ പെസഹാരഹസ്യം നമ്മുടെ ചരിത്രത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ്. എന്നാല്‍ അത് അനന്യമാണ്. മറ്റെല്ലാ ചരിത്ര സംഭവങ്ങളും ഒരിക്കല്‍ നടക്കുന്നു. എന്നിട്ട് അവ ഭൂതകാലത്തില്‍ അലിഞ്ഞു കടന്നു പോകുന്നു. നേരെമറിച്ച് ക്രിസ്തുവിന്റെ പെസഹാരഹസ്യം ഭൂതകാലത്തില്‍ മാത്രം നിലനില്‍ക്കാന്‍ സാധ്യമല്ല. എന്തെന്നാല്‍ തന്റെ മരണം വഴി അവിടുന്ന് മരണത്തെ നശിപ്പിച്ചു. ക്രിസ്തു ആയിരിക്കുന്നതെല്ലാം- എല്ലാ മനുഷ്യര്‍ക്കും വേണ്ടി അവിടുന്ന് ചെയ്തതും സഹിച്ചതുമായ സകലതും- ദൈവീകമായ നിത്യതയില്‍ പങ്കുപറ്റുന്നു. തന്മൂലം അവ എല്ലാ കാലങ്ങള്‍ക്കും അതീതമായി നിലനില്‍ക്കുന്നു. അതേ സമയം അവയിലെല്ലാം സന്നിഹിതമാക്കപ്പെടുകയും ചെയ്യുന്നു. കുരിശിന്റെയും ഉത്ഥാനത്തിന്റെയും സംഭവം സ്ഥിരമായി നിലനില്‍ക്കുന്നു. എല്ലാറ്റിനെയും ജീവനിലേക്ക് വലിച്ചടുപ്പിക്കുകയും ചെയ്യുന്നു." (CCC 1085)

വിചിന്തനം
ക്രിസ്തുസംഭവം ചരിത്രത്തിൽ സ്ഥിരമായി നിലനിൽക്കുന്നതിനാൽ ചരിത്രത്തിൽ ഇന്നുവരെ ജീവിച്ചിട്ടുള്ള മനുഷ്യരും, ഇപ്പോൾ ജീവിച്ചിരിക്കുന്നവരും, ഇനി ജനിക്കാനിരിക്കുന്നവരുമായ സകല മനുഷ്യരും യേശുക്രിസ്തുവിലൂടെയുള്ള രക്ഷാകര പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ സകല മനുഷ്യരും ലോകരക്ഷകനായ യേശുവിനെ അറിഞ്ഞ് രക്ഷപ്രാപിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് 'നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ" എന്ന് യേശു കൽപ്പിച്ചത്.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം
"കർത്താവേ! എന്റെ ശക്തിയുടെ ഉറവിടമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു". (സങ്കീ 18:1)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »