News - 2025
ക്രിസ്ത്യാനികള്‍ക്കെതിരെ ഐഎസ് നടത്തുന്ന കൂട്ടകൊല വംശഹത്യയായി പ്രഖ്യാപിക്കണം: അമേരിക്കന്‍ സംഘടന യുഎന്നിന് കത്തയച്ചു
സ്വന്തം ലേഖകന്‍ 27-04-2017 - Thursday
വാഷിംഗ്ടണ്‍: മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ക്രൈസ്തവര്‍ക്കെതിരെ നടത്തുന്ന കൊടും ക്രൂരതകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ട് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്‍ഡ് ജസ്റ്റിസ് സംഘടന പുതിയ യുഎന്‍ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടെറെസിന് കത്തയച്ചു.
ഇസ്ളാമിക തീവ്രവാദ സംഘടനകളും അനുബന്ധ സംഘടനകളും ക്രൈസ്തവര്‍ക്ക് നേരെ നടത്തുന്ന കൂട്ടക്കുരുതികള്‍ വംശഹത്യയാണെന്ന്‍ പ്രഖ്യാപിക്കണമെന്നും ഇതിനെതിരെ സെക്രട്ടറി ജനറല്‍ ഉത്തരവാദിത്വപ്പെട്ട ഓഫീസുകളുമായി കൂടിയാലോചിച്ചു സത്വര നടപടിയെടുക്കുവാന്‍ അന്താരാഷ്‌ട്ര സമൂഹത്തെ പ്രേരിപ്പിക്കണമെന്നുമാണ് കത്തിന്റെ ഇതിവൃത്തം.
ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതൃത്വത്തില്‍ ക്രിസ്ത്യാനികള്‍ക്കും, മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടന്ന ക്രൂരമായ ആക്രമണങ്ങളുടെ ഒരു പട്ടിക തന്നെ കത്തില്‍ വിവരിച്ചിട്ടുണ്ട്. മതനിന്ദയും, മതവിരുദ്ധതയുമാരോപിച്ചു സിറിയയില്‍ ഐഎസ് പുരുഷന്‍മാരേയും, സ്ത്രീകളേയും, കുട്ടികളേയും കല്ലെറിയുകയും, ശിരച്ഛേദനം നടത്തിയതും കത്തില്‍ ചൂണ്ടികാട്ടിയിരിക്കുന്നു.
അസ്സീറിയന്‍ ക്രിസ്ത്യാനികളെ കൂട്ടമായി തട്ടികൊണ്ട് പോയതും, മുതിര്‍ന്നവരേയും കുട്ടികളേയും പൊതുസ്ഥലങ്ങളില്‍ വെച്ച് തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് മര്‍ദ്ദിച്ചതും മൊസൂളില്‍ മതമൗലിക വാദികളാല്‍ കത്തിയമര്‍ന്ന 12 വയസ്സുകാരിയായ പെണ്‍കുട്ടിയുടെ കാര്യവും, ക്രിസ്ത്യന്‍ സ്ത്രീകള്‍ മാനഭംഗത്തിനും ലൈംഗീക അടിമത്വത്തിനും ഇരയായതും കത്തില്‍ സൂചിപ്പിക്കുന്നു.
മുന്‍ യുഎന്‍ സെക്രട്ടറി ജനറലായ ബാന്‍കിമൂണ്‍, വംശഹത്യക്കെതിരായ യുഎന്‍ ഓഫീസ് ഓഫ് സ്പെഷ്യല്‍ അഡ്വൈസര്‍, ഐക്യരാഷ്ട്ര സഭയുടെ മുന്‍ യുഎസ് പ്രതിനിധിയായ സാമന്ത പവര്‍, നിലവിലത്തെ അമേരിക്കന്‍ പ്രതിനിധിയായ നിക്കി ഹാലി എന്നിവര്‍ക്കും സംഘടന കത്ത് അയച്ചിട്ടുണ്ട്. വംശഹത്യക്കെതിരെ ശബ്ദമുയര്‍ത്തുന്നതിനുള്ള ഉത്തരവാദിത്വം അന്താരാഷ്ട്ര സമൂഹത്തിനുണ്ടെന്ന് എസിഎല്‍ജെ ഓര്‍മ്മിപ്പിച്ചു.
കത്തോലിക്കാ വിശ്വാസിയായ അന്റോണിയോ ഗുട്ടെറെസ് ഈ വര്‍ഷം ആരംഭത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായി സ്ഥാനമേറ്റത്. അധികം താമസിയാതെ ഇസ്ളാമിക തീവ്രവാദികളെ ഇറാഖില്‍ നിന്നും തുടച്ചുനീക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ മാര്‍ച്ചില്‍ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. നേരത്തെ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി പദം അലങ്കരിച്ച അന്റോണിയോ ഗുട്ടെറെസ് രാജ്യത്തു ഗര്‍ഭഛിദ്രത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ച ഒരു നേതാവ് കൂടിയായിരിന്നു.
![](/images/close.png)