News - 2025
സമാധാനത്തിന്റെ സന്ദേശവുമായി മാര്‍പാപ്പയുടെ ഈജിപ്ഷ്യന്‍ സന്ദര്‍ശനം ഇന്ന് ആരംഭിക്കും
സ്വന്തം ലേഖകന്‍ 28-04-2017 - Friday
വത്തിക്കാൻ സിറ്റി: സമാധാനത്തിന്റെ സന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പയുടെ ഈജിപ്ത് സന്ദര്‍ശനം ഇന്ന് ആരംഭിക്കും. ഫ്രാന്‍സിസ് പാപ്പയുടെ 18-മത് രാജ്യന്തര പര്യടനമാണ് നടക്കുന്നത്. പ്രാദേശിക സമയം രാവിലെ 10.45-ന് റോമിലെ ഫ്യുമിചീനോ അന്തര്‍ദേശീയ വിമാനത്തില്‍നിന്നും യാത്ര പുറപ്പെടും. ഉച്ചതിരിഞ്ഞ് 2 മണിക്ക് കെയ്റോ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന മാര്‍പാപ്പയ്ക്കു മെത്രാന്‍ സംഘം സ്വീകരണം നല്‍കും. തുടര്‍ന്നു ഹേലിയോപോളിസിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ പ്രസിഡന്‍റ് അബ്ദുള്‍ ഫത്താ എല്‍-സീസ്സിയുമായി പാപ്പാ കൂടിക്കാഴ്ച നടത്തും.
അല്‍-അസാര്‍ യൂണിവേഴ്സിറ്റി സന്ദര്‍ശിക്കുന്ന മാര്‍പാപ്പ ഈജിപ്തിലെ ഗ്രാന്‍ഡ് ഇമാമും സുന്നി മുസ്ലിങ്ങളുടെ നേതാവുമായ അഹമ്മദ് അല്‍-തയേബുമായി പാപ്പാ ഫ്രാന്‍സിസ് സംഭാഷണം നടത്തും. ഈജിപ്തിലെ ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷന്‍, പാത്രിയര്‍ക്കിസ് തവാദ്രോസ് ദ്വിതിയനുമായി അലക്സാന്‍ഡ്രിയായിലെ പാത്രിയര്‍ക്കല്‍ വസതയില്‍ പാപ്പാ കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ദിനത്തില്‍ ഭീകരാക്രമണം നടന്ന പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ദേവാലയം ഇരുസഭാദ്ധ്യക്ഷന്മാരും സന്ദര്‍ശിക്കും.
ശനിയാഴ്ച രാവിലെ 10 മണിക്ക് കെയ്റോയിലെ വ്യോമസേനയുടെ മൈതാനിയില്‍ മാര്‍പാപ്പാ സമൂഹബലിയര്‍പ്പിക്കും. പ്രസിഡന്‍റ്, അല്‍-സീസ്സി, കോപ്റ്റിക്ക് പാത്രിയര്‍ക്കിസ് തവദ്രോസ്, ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കിസ് തെയെദോരൂസ്, കിഴക്കിന്‍റെ എക്യുമെനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍ എന്നിവരും ഈജിപ്തിലെ ആംഗ്ലിക്കന്‍, പ്രൊട്ടസ്റ്റന്‍റ് സഭാവിഭാഗങ്ങളുടെ തലവന്മാരും ഫ്രാന്‍സിസ് പാപ്പയുടെ സമൂഹബലിയര്‍പ്പണത്തില്‍ പങ്കെടുക്കും. ശനിയാഴ്ച വൈകുന്നേരം 5-മണിയ്ക്കു കെയ്റോ വിമാനത്താവളത്തില്‍ നിന്ന്‍ ഔദ്യോഗിക യാത്രയയപ്പിന് ശേഷം മാര്‍പാപ്പ വത്തിക്കാനിലേക്ക് മടങ്ങും.
![](/images/close.png)