India - 2025
മദ്യത്തിനെതിരെ കേരളത്തിലെ സഭകൾ ഒന്നിച്ചു പ്രവർത്തിക്കണം: കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി
സ്വന്തം ലേഖകന്‍ 06-12-2023 - Wednesday
തിരുവമ്പാടി: മദ്യത്തിനെതിരെ കേരളത്തിലെ സഭകൾ ഒന്നിച്ചു പ്രവർത്തിക്കണമെന്ന ആഹ്വാനവുമായി സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി. 31ാമത് താമരശേരി രൂപതാ ദിനാഘോഷം കോഴിക്കോട് പുല്ലൂരാംപാറ ബഥാനിയ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു ആർച്ച് ബിഷപ്പ്. മദ്യഷാപ്പുകള്‍ നഗരങ്ങളിൽനിന്നു ഗ്രാമങ്ങളിലേക്ക് മാറ്റാൻ സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മദ്യത്തിനെതിരേ നടക്കുന്ന പ്രക്ഷോഭത്തിൽ നിന്നു കെസിബിസി പിന്നോട്ട് പോകരുത്. മദ്യം സമൂഹത്തിനുണ്ടാക്കുന്ന അപകടം വളരെ വലുതാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മാത്രമാണ് മദ്യം വിറ്റ് ലാഭം കൊയ്യാൻ ശ്രമിക്കുന്നത്. ബിഹാറിൽ മദ്യം പൂർണമായി നിരോധിച്ചപ്പോഴുണ്ടായ നഷ്ടം അവിടുത്തെ സർക്കാർ മുഖവിലയ്ക്കെടുത്തില്ല. ഭാരതത്തിന്റെ മാനവികതയ്ക്കും ഐക്യത്തിനും കൂട്ടായ പ്രവർത്തനമാണ് ആവശ്യം. കേരളത്തിലെ സഭകൾ ഇതിനായി ഒന്നിച്ചു പ്രവർത്തിക്കണം. ഇതര മതസ്ഥരെ അന്യരായി സഭ കാണുന്നില്ല.
എല്ലാ മതവിശ്വാസികളെയും മാനിച്ച് അവരുടെ നന്മകൾ സ്വീകരിച്ചും ക്രൈസ്തവ നന്മകൾ മറ്റുള്ളവർക്ക് പകർന്ന് നൽകിയുമാണ് സഭ പ്രവർത്തിക്കേണ്ടത്. കസ്തൂരിരംഗൻ-ഗാഡ്ഗിൽ പോലുള്ള വിഷയത്തിലും ഇത്തരം ഇടപെടലാണ് ആവശ്യം. ഇതൊരു ഭൂപ്രദേശത്തിന്റെ പ്രശ്നമാണ്. ഇത്തരം വിഷയങ്ങളെ ഒരു വിഭാഗത്തിന്റെ പ്രശ്നമായി മാത്രം ഒതുക്കാൻ ശ്രമിക്കരുത്.
കേരളം മുതൽ മുംബൈ വരെയുള്ള ഭുപ്രദേശത്തിന്റെ പ്രശ്നമാണിത്. നിലവിലെ നിയമം പാലിച്ച് ഭൂമി വാങ്ങി വർഷങ്ങളായി താമസിക്കുന്നവരെ കൈയേറ്റക്കാരായി ചിത്രീകരിക്കാനുള്ള നീക്കത്തെ എതിർക്കുകയാണ് വേണ്ടത്. ഹൈറേഞ്ചിന് കർഷകർ നൽകിയ സംഭാവന സർക്കാർ മനസിലാക്കണം. കര്‍ദിനാള്‍ പറഞ്ഞു.