News - 2025

ശക്തമായ ചുഴലിക്കാറ്റില്‍ ദേവാലയം തകര്‍ന്നുവെങ്കിലും പോറല്‍ പോലും എല്‍ക്കാതെ വിശ്വാസികള്‍

സ്വന്തം ലേഖകന്‍ 02-05-2017 - Tuesday

ഡള്ളാസ്: ശനിയാഴ്ച രാത്രിയില്‍ വീശിയടിച്ച ശക്തമായ ചുഴലികാറ്റില്‍ ഡള്ളാസിലെ സെന്റ്‌ ജോണ്‍ ദി ഇവാഞ്ചലിസ്റ്റ് കത്തോലിക്കാ ദേവാലയത്തിന്റെ മേല്‍ക്കൂരയുള്‍പ്പെടെ സകലതും തകര്‍ന്നെങ്കിലും ദേവാലയത്തിനകത്തുണ്ടായിരുന്ന 45-ഓളം പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ശക്തമായ കാറ്റില്‍ ദേവാലയത്തിന്റെ മേല്‍ക്കൂര വരെ പറന്നുപോയിട്ടും അകത്തുണ്ടായിരുന്ന ആര്‍ക്കും ഒരു പോറല്‍ പോലും ഏറ്റിട്ടില്ലായെന്ന് 'ഡെയിലി മെയില്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

ചുഴലിക്കാറ്റിനെക്കുറിച്ചുള്ള അറിയിപ്പ്‌ കിട്ടുമ്പോള്‍ ദേവാലയത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ആരാധന നടന്നുകൊണ്ടിരിക്കുകയായിരുന്നു. ജാഗൃത നിര്‍ദ്ദേശം കേട്ടപ്പോള്‍ ആ കെട്ടിടം ഉപേക്ഷിച്ചു പോകുന്നതിനു പകരം എല്ലാവരും കെട്ടിടത്തിനകത്തെ ഇടനാഴിയില്‍ ഒരുമിച്ച് കൂടുകയാണ് ചെയ്തത്. ചുഴലിക്കാറ്റടിച്ചപ്പോള്‍ അവര്‍ നിന്നിരുന്ന ഇടനാഴിക്ക്‌ മാത്രം യാതൊന്നും സംഭവിച്ചില്ല. ദേവാലയം തകര്‍ന്നതിന്റെ ആഘാതവും തങ്ങളുടെ സുരക്ഷിതത്വവും വ്യക്തമാക്കി കൊണ്ട് ടൈലര്‍ രൂപതാ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു,

വളരെ ശക്തമായിട്ടാണ് ചുഴലിക്കാറ്റടിച്ചതെന്നും, അതിന്റെ ശക്തിയില്‍ ദേവാലയത്തിന്റെ രണ്ടറ്റങ്ങളും തകര്‍ന്നുവെങ്കിലും ദൈവീക ഇടപെടലിനാലും പരിശുദ്ധ കന്യകാമാതാവിന്റെ സംരക്ഷണത്താലും ആര്‍ക്കും യാതൊരു പരിക്കും പറ്റിയിട്ടില്ലായെന്ന് ടൈലര്‍ അതിരൂപതയുടെ പബ്ലിക്ക് അഫയേഴ്സ് ഡയറക്ടറായ പെയ്ട്ടന്‍ ലോ പറഞ്ഞു. ദേവാലയത്തിനകത്ത് അവര്‍ നിന്നിരുന്ന ഇടനാഴിയുടെ ഫോട്ടോയും സോഷ്യല്‍ മീഡിയായില്‍ പങ്കുവെച്ചിട്ടുണ്ട്.

“ഞങ്ങള്‍ നാല്‍പ്പതില്‍ കൂടുതല്‍ ആളുകള്‍ അപ്പോള്‍ ദേവാലയത്തിലുണ്ടായിരുന്നു. ദേവാലയം പാടെ തകര്‍ന്നുപോയി. യാതൊന്നും സംഭവിക്കാതിരുന്നത് ഞങ്ങള്‍ നിന്നിരുന്ന ഇടനാഴിക്ക്‌ മാത്രമായിരുന്നു. ഞങ്ങളില്‍ ആര്‍ക്കും ഒരു പോറല്‍ പോലും ഏറ്റില്ല”. ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. അടുത്ത ദിവസമായ ഞായറാഴ്ചത്തെ വിശുദ്ധ കുര്‍ബ്ബാന ദേവാലയത്തിന്റെ പുറത്ത്‌ വെച്ചാണ് അര്‍പ്പിച്ചത്. നന്ദി പ്രകാശിപ്പിക്കുന്നതിനും വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിക്കുന്നതിനുമായി നിരവധി പേര്‍ ഞായറാഴ്ച ദേവാലയത്തില്‍ എത്തിയിരുന്നു.


Related Articles »