News

കരിസ്മാറ്റിക് നവീകരണത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കാൻ വത്തിക്കാൻ ഒരുങ്ങുന്നു; വിവിധ സഭക്കാരെ റോമിലേക്കു ക്ഷണിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ

സ്വന്തം ലേഖകന്‍ 04-05-2017 - Thursday

വത്തിക്കാന്‍: കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിനും പെന്തക്കോസ്ത് തിരുനാള്‍ ആഘോഷത്തിനുമായി വത്തിക്കാന്‍ ഒരുങ്ങുന്നു. നവീകരണത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങുകളില്‍ സംബന്ധിക്കുവാന്‍ പെന്തക്കോസ്ത്, ഇവാഞ്ചലിക്കല്‍ സഭാംഗങ്ങളെ മാര്‍പാപ്പ ക്ഷണിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനങ്ങളുടെ അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ റോമില്‍ സംഘടിപ്പിച്ചിരിക്കുന്നത് വത്തിക്കാന്‍ ആസ്ഥാനമായുള്ള അന്താരാഷ്‌ട്ര കത്തോലിക്കാ കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വീസാണ്. മെയ്‌ 31-ന് റോമില്‍ വെച്ചാണ് വാര്‍ഷികാഘോഷങ്ങളുടെ ഔദ്യോഗികാരംഭത്തിന് തുടക്കമാകുക. അന്നേദിവസം പ്രാര്‍ത്ഥനാ കൂട്ടായ്മയും, യുവജനോത്സവവും, ദൈവശാസ്ത്രജ്ഞരുടെ സംഗമവും, സെമിനാറുകളും നടക്കും.

പുരാതന കാലങ്ങളില്‍ കുതിര, രഥം തുടങ്ങിയ ഓട്ട മത്സരങ്ങളുടെ തുറന്ന വേദിയായിരുന്ന റോമിലെ സര്‍ക്കസ് മാക്സിമസിലാണ് അമ്പതാം വാര്‍ഷികം ചടങ്ങുകള്‍ നടക്കുക. ജൂണ്‍ 3 പെന്തക്കോസ്ത് തിരുനാളിന്റെ തലേന്ന് വൈകുന്നേരം നടക്കുന്ന ജാഗരണ പ്രാര്‍ത്ഥനയ്ക്കു ഫ്രാന്‍സിസ്‌ പാപ്പ നേതൃത്വം നല്‍കും. ചടങ്ങിനെത്തിയവര്‍, പിറ്റേ ദിവസം രാവിലെ സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ വെച്ച് നടത്തപ്പെടുന്ന പെന്തക്കോസ്ത് തിരുനാള്‍ കുര്‍ബ്ബാനയിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കും.

പരിശുദ്ധാത്മാവിലുള്ള ജ്ഞാനസ്നാനത്തില്‍ വിശ്വസിക്കുന്ന ക്രിസ്ത്യാനികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ജൂബിലി ആഘോഷത്തിനു പദ്ധതി തയാറാക്കുവാന്‍ ഫ്രാന്‍സിസ് പാപ്പാ തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അന്താരാഷ്‌ട്ര കത്തോലിക്കാ കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വീസിന്റെ പ്രസിഡന്റായ മിഷേല്‍ മോരന്‍ പറഞ്ഞു.

1967-ല്‍ പിറ്റ്സ്ബര്‍ഗിലെ ഡ്യൂക്യുസ്നെ യൂണിവേഴ്സിറ്റിയില്‍ വെച്ച് നടത്തിയ നവീകരണ ധ്യാനമാണ് കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനങ്ങളുടെ ആരംഭത്തിന് കാരണമായത്. ഇന്നു ഏതാണ്ട് 200-ഓളം രാജ്യങ്ങളിലായി 120 ദശലക്ഷം കത്തോലിക്കര്‍ക്കിടയില്‍ കരിസ്മാറ്റിക് നവീകരണ ധ്യാനങ്ങള്‍ വേരോടികഴിഞ്ഞു.


Related Articles »