ബാംഗ്ലൂര്‍: ഇന്ത്യയിലെയും നേപ്പാളിലെയും അപ്പസ്തോലിക് നുൺഷ്യോ ആയി നിയമിക്കപ്പെട്ട ഡോ.ജാംബത്തിസ്ത ഡിക്വാട്രോയ്ക്കു ബാംഗ്ലൂരില്‍ സ്വീകരണം നല്‍കി. മെയ് 1തിങ്കളാഴ്ച ബാംഗളൂരില്‍ എത്തിയ അപ്പസ്തോലിക സ്ഥാനപതിയെ ആര്‍ച്ച് ബിഷപ്പ് ബെര്‍ണാര്‍ഡ് മോറസും വൈദിക നേതൃത്വവും ചേര്‍ന്നാണ് സ്വീകരിച്ചത്. ബാംഗ്ലൂറിലേയ്ക്കുള്ള അദ്ദേഹത്തിന്‍റെ ആദ്യ സന്ദര്‍ശനമാണിത്. സുവര്‍ണ്ണജൂബിലി ആഘോഷിച്ച എന്‍ബിസിഎല്‍സിസി സന്ദര്‍ശിച്ചു.
തന്റെ സന്ദര്‍ശനത്തില്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ തദ്ദേശവത്ക്കരണ സന്ദേശം ഉള്‍ക്കൊള്ളാനും പ്രാവര്‍ത്തികമാക്കാനും ശ്രമിച്ച ദേശീയ ദൈവവചന-മതബോധന-ആരാധനക്രമ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അടുത്തറിയാന്‍ ശ്രമിച്ചു. ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി സിസിബിഐയുടെയും, ഭാരതസഭയുടെ സംയുക്ത ദേശീയ മെത്രാന്‍ സമിതി സിബിസിഐയുടെയും പ്രവര്‍ത്തക സമിതി യോഗങ്ങളിലും നൂണ്‍ഷോ പങ്കെടുത്തു.
ഇന്നലെ വൈകുന്നേരം 6 മണിക്ക് കര്‍ദ്ദിനാളന്മാരോടും മെത്രാന്മാരോടും വൈദികരോടും വിശ്വാസസമൂഹത്തോടുമൊപ്പം വിവേക് നഗറിലെ ഉണ്ണീശോയുടെ തീര്‍ത്ഥാടനകേന്ദ്രത്തിലെ പ്രധാനവേദിയില്‍ അദ്ദേഹം ദിവ്യബലിയര്‍പ്പിച്ചു. ചതുര്‍ദിന സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം ഇന്ന്‍ ഡല്‍ഹിക്ക് മടങ്ങും. ഇക്കഴിഞ്ഞ ജനുവരിയിലാണ് ആര്‍ച്ചുബിഷപ്പ് ജാംബത്തിസ്തയെ ഫ്രാന്‍സിസ് പാപ്പ ഇന്ത്യ-നേപ്പാള്‍ രാജ്യങ്ങളുടെ അപ്പസ്തോലിക സ്ഥാനപതിയായി നിയമിച്ചത്.