News - 2025

“ഒന്നുകില്‍ മതം മാറുക അല്ലെങ്കില്‍ നഗരം വിടുക” : പാകിസ്ഥാനിലെ ക്രൈസ്തവരുടെ ജീവിതം ഭീഷണിയുടെ നിഴലില്‍

സ്വന്തം ലേഖകന്‍ 06-05-2017 - Saturday

ലാഹോര്‍: പാകിസ്ഥാനിലെ ഫൈസലാബാദിന് സമീപമുള്ള സാലിക് നഗരത്തിലെ ക്രിസ്ത്യാനികള്‍ ഇസ്ലാം മതസ്ഥരുടെ ഭീഷണിയെ തുടര്‍ന്നു കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. 'ഒന്നുകില്‍ മതം മാറുക അല്ലെങ്കില്‍ നഗരം വിട്ടു പോവുക' എന്ന നിര്‍ദ്ദേശവുമായി പ്രദേശത്തെ ക്രൈസ്തവ വിശ്വാസികളെ മുസ്ലീം വിഭാഗക്കാര്‍ ഭീഷണിപ്പെടുത്തികൊണ്ടിരിക്കുകയാണെന്ന്‍ 'ക്രിസ്ത്യന്‍സ് ഇന്‍ പാകിസ്ഥാന്‍' എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രാമത്തിലെ ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടി മുസ്ലീം യുവാവുമായി അടുപ്പത്തിലാവുകയും പിന്നീട് മതംമാറി വിവാഹം കഴിക്കുകയും ചെയ്തതാണ് ഈ പ്രശ്നങ്ങള്‍ക്ക് ആധാരം.

സാമുദായിക ലഹളയുടെ അടുത്തെത്തിയിരിക്കുന്ന സാഹചര്യം പരിഗണിച്ചു പഞ്ചാബിലെ 'ഹുമന്‍ റൈറ്റ്‌സ് ആന്‍ഡ്‌ മൈനോരിറ്റീസ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ്' പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കുവാന്‍ ഫൈസലാബാദിലെ പോലീസ്‌ വിഭാഗത്തോടു ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം ഇക്കാര്യത്തില്‍ പോലീസ്‌ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന്‍ പ്രദേശവാസികളായ ക്രിസ്ത്യാനികള്‍ പറയുന്നു.

‘ഒന്നുകില്‍ മതം മാറുക അല്ലെങ്കില്‍ തങ്ങളുടെ അയല്‍വക്കത്ത് നിന്നും ഒഴിഞ്ഞു പോവുക’ എന്ന ഭീഷണിയുമായി മുസ്ലീംകളായ പ്രദേശവാസികള്‍ തന്നേയും മറ്റുള്ള ക്രിസ്ത്യാനികളേയും ഭീഷണിപ്പെടുത്തുന്നത് ഇപ്പോഴും തുടരുകയാണെന്ന് സാലിക് നഗരത്തിലെ ക്രൈസ്തവ ദേവാലയത്തിന്റെ മേല്‍നോട്ടക്കാരനായ ഷാഹിദ് പറഞ്ഞു. തന്റേയും മറ്റുള്ള ക്രിസ്ത്യാനികളുടേയും ജീവന് ഭീഷണിയുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടി മുസ്ലീം മതത്തില്‍പ്പെട്ട യുവാവുമാമായി അടുപ്പത്തിലാവുകയും പിന്നീട് മതംമാറിയതിനുശേഷം അവനെ വിവാഹം ചെയ്യുകയും ചെയ്തു. ഈ സംഭവത്തെതുടര്‍ന്നാണ് ഈ പ്രശ്നങ്ങള്‍ ഉണ്ടായത്‌. പ്രസ്തുത പെണ്‍കുട്ടിയുടെ കുടുംബത്തെ പിന്തുണക്കുക വഴി പ്രാദേശിക ക്രിസ്ത്യന്‍ സമുദായം മുസ്ലീം വിഭാഗത്തെ നിന്ദിച്ചു എന്നാണ് മുസ്ലീം വിഭാഗക്കാര്‍ പറയുന്നത്".

സ്ഥലത്തെ ക്രൈസ്തവര്‍ക്ക് നേരെയുള്ള ഭീഷണികള്‍ അവസാനിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ ബന്ധപ്പെട്ട അധികാരികള്‍ കൈകൊള്ളണമെന്നും ഷാഹിദ്‌ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ്‌ അന്വേഷിക്കുന്നുണ്ടെങ്കിലും തങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ഭയമുണ്ട്. പ്രദേശവാസികളായ ക്രിസ്തീയ മാധ്യമപ്രവര്‍ത്തകരും, സാമൂഹിക പ്രവര്‍ത്തകരും ഈ പ്രശ്നം ഉയര്‍ത്തികൊണ്ട് വന്നിട്ടുള്ളതിനാല്‍ തങ്ങളുടെ സുരക്ഷക്കായി വേണ്ട നടപടികള്‍ അധികാരികള്‍ കൈകൊള്ളുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും ഷാഹിദ്‌ കൂട്ടിച്ചേര്‍ത്തു.


Related Articles »