News - 2025
ഇന്തോനേഷ്യയിലെ ക്രൈസ്തവ ഗവര്‍ണ്ണര്‍ക്ക് 2 വര്‍ഷം തടവ്
സ്വന്തം ലേഖകന്‍ 10-05-2017 - Wednesday
ജക്കാർത്ത: ഇന്തോനേഷ്യയില്‍ മതനിന്ദാ കുറ്റം ആരോപിച്ച് അറസ്റ്റില്‍ കഴിയുന്ന ക്രൈസ്തവ ഗവര്‍ണ്ണര്‍ ബസുക്കി ജഹാജയ്ക്കു രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27നു അദ്ദേഹം നടത്തിയ പ്രസംഗത്തെ ദുര്‍വ്യാഖ്യാനിച്ചു ഇസ്ലാം മതസ്ഥര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിധി. 'ഇസ്ലാം മതസ്ഥര്‍ അമുസ്ലിംകളാൽ നയിക്കപ്പെടരുത്' എന്ന ഖുർആൻ വാക്യത്തെ തന്റെ എതിരാളികൾ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ദുർവ്യാഖ്യാനിച്ചു എന്ന് പ്രസംഗിച്ചതാണു അദ്ദേഹം ചെയ്ത കുറ്റം.
കോടതി വിധി വന്നയുടന്‍ തന്നെ അദ്ദേഹത്തെ ജയിലിലേക്കു മാറ്റി. വിധി പ്രസ്താവിക്കുന്ന കോടതിക്കു മുന്നിൽ പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് തീവ്ര ഇസ്ലാം മതസ്ഥര്‍ പ്രകടനം നടത്തിയിരിന്നു. വിധി അറിഞ്ഞതോടെ 'അല്ലാഹു അക്ബര്‍' എന്നു ഉച്ചത്തില്‍ വിളിച്ചതിന് ശേഷമാണ് സംഘം പിരിഞ്ഞത്. അതേ സമയം മതേതര ഭരണമാണു രാജ്യത്തുള്ളതെന്നു കാണിക്കാൻ ഇന്തോനേഷ്യൻ ഭരണകൂടം ശ്രമപ്പെട്ട കാര്യങ്ങള്‍ നടത്തുന്നതിനിടയില്‍ കോടതിവിധി സർക്കാരിനു തിരിച്ചടിയായിരിക്കുകയാണ്.
കഴിഞ്ഞ ഡിസംബറില്‍ നടന്ന വിചാരണയില്‍, താന്‍ നിരപരാധിയാണെന്നും, തെറ്റായ കാര്യങ്ങളാണ് തന്റെ പേരില്‍ ചിലര്‍ ഉന്നയിക്കുന്നതെന്നും പറഞ്ഞു ഗവര്‍ണര്‍ ബസുക്കി കോടതി മുറിയില്‍ പൊട്ടികരഞ്ഞിരിന്നു. നേരത്തെ തന്റെ മുന്‍ഗാമിയായിരുന്ന ജോക്കോ വിഡോഡോ രാജ്യത്തിന്റെ പ്രസിഡന്റായി ചുമതലയേറ്റതിനെ തുടര്‍ന്നാണ് ക്രൈസ്തവ വിശ്വാസിയായ ബസുക്കി ജഹാജ ജക്കാര്‍ത്ത ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രാദേശിക കോടതിയുടെ വിധിക്കെതിരേ അപ്പീൽ നൽകുമെന്ന് ബസുക്കി ജഹാജയുടെ അഭിഭാഷകന് മാധ്യമങ്ങളെ അറിയിച്ചു.