News

പ്രളയജലത്തിൽ ദുരിതാശ്വാസവുമായി ചെന്നൈയിൽ കത്തോലിക്കാ സഭ; നഗരം സാധാരണ ജീവിതത്തിലേക്കു മടങ്ങുന്നു.

അഗസ്റ്റസ് സേവ്യർ 08-12-2015 - Tuesday

269 പേരുടെ മരണത്തിനും, ലക്ഷക്കണക്കിന് ജനങ്ങളുടെ ഭവനനഷ്ടത്തിനും ഇടയാക്കിയ ചെന്നൈ നഗരം സാധാരണ ജീവിതത്തിലേക്കു മടങ്ങുന്നു. പ്രളയബാധിത പ്രദേശങ്ങളിൽ കത്തോലിക്കാ സഭയുടെ 'കാരിത്താസ് ഇന്ത്യ' ദുരിതാശ്വാസ പ്രവൃത്തനങ്ങൾ നടത്തി- ucanews റിപ്പോർട്ട് ചെയ്യുന്നു.

രണ്ടു മാസത്തെ മഴക്കാലത്ത് ലഭിക്കേണ്ട മഴ മുഴുവനും, ഡിസംബർ 2-ാം തീയതി തുടങ്ങി, രണ്ടു ദിവസം നീണ്ടു നിന്ന പേമാരിയിൽ ഒറ്റയടിക്ക് ചെയ്തു വീണ ചെന്നൈ നഗരം, അതിന്റെ ആഘാതത്തിൽ വിറങ്ങലിച്ചു നിന്നു.

അഡയാർ നദിയും ജലസംഭരണികളും കവിഞ്ഞൊഴുകിയ മലവെള്ളപ്പാച്ചിലിൽ, റോഡുകളും വീടുകളും തകരുകയും, റെയിൽ, വിമാനത്താവളം എന്നിങ്ങനെ എല്ലാ മേഖലകളും സ്തംഭിക്കുകയും ചെയ്തു. വാർത്താവിനിമയ ബന്ധങ്ങൾ നിശ്ചലമായതോടെ, നഗരത്തിലെ 65 ലക്ഷത്തിലധികം വരുന്ന ജനങ്ങൾ തീർത്തും ഒറ്റപ്പെട്ടിരുന്നു.

"ആകാശത്തു നിന്നുമുള്ള ഒരു സുനാമി പോലെയായിരുന്നു അത്. ചില സ്ഥലങ്ങളിൽ മൂന്നുനില വീടുകൾ വരെ പൂർണ്ണമായും വെള്ളത്തിനടിയിലായി." ഒരു കോളേജിൽ പ്രഫസർ ആയ സുബ്രമണ്യം സുന്ദരം ucanews.com - നോട് പറഞ്ഞു.

"നഗര വീഥിയിൽ ബോട്ടുകൾ സർവീസ് നടത്തിയിരുന്നു", ഒരു സേവന സംഘത്തിൽ പെട്ട ബിനേ കൃഷ്ണ എന്ന വിദ്യാർത്ഥി അറിയിച്ചു.

സെൻട്രൽ ഗവർമെന്റ്, ചെന്നൈയെ ഒരു ദുരിതബാധിത പ്രദേശമായി പ്രഖ്യാപിച്ചു. പോലീസ്, പട്ടാളം, ദേശീയ ദുരിത നിവാരണ സംഘം എന്നിവയെ എല്ലാം പ്രളയബാധിത പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട് -

തദ്ദേശവാസികൾ ചെറുസംഘങ്ങളായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. മീൻ പിടുത്തക്കാർ വള്ളങ്ങളുമായി രക്ഷാപ്രവർത്തനങ്ങളിലുണ്ട്. വിവാഹ ഹാളുകൾ, സ്കൂൾ ,കോളേജ് കെട്ടിടങ്ങൾ എന്നിവയുൾപ്പെടെ 479 ദുരിതാശ്വാസ ക്യാമ്പുകൾ നഗരത്തിൽ തുറന്നിട്ടുണ്ട്.

ആരാധനാലയങ്ങളും, സിനിമാ തിയേറ്ററുകളുമെല്ലാം ദുരിതമനുഭവിക്കുന്നവർക്ക് സഹായത്തിനായി, സൗകര്യമൊരുക്കിയിരിക്കുന്നു.

269 പേരുടെ മരണം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും, മരണസംഖ്യ അതിനെക്കാൾ വളരെ കൂടുതലായിരിക്കുമെന്ന്, കാരിത്താസ് ഇന്ത്യയുടെ തമിൾ നാട് ഓഫീസർ, ജോൺ ആരോഗ്യരാജ് അറിയിച്ചു. പ്രളയബാധിതമായ സമീപ ജില്ലകളിലെ കണക്ക് ലഭ്യമല്ല എന്ന് അദ്ദേഹം സൂചിപ്പിച്ചു.

സഭയുടെ ദുരിതാശ്വാസ പ്രവർത്തകരിൽ ഒരാൾ പറഞ്ഞു: "നഗരം മുഴുവനായി വെള്ളത്തിനടിയിലായിരുന്നു. അനവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. യഥാർത്ഥ മരണസംഖ്യയും നാശനഷ്ടവും തിട്ടപ്പെടുത്താൻ കുറെ ദിവസങ്ങൾ വേണ്ടിവരും."

ഇന്ത്യൻ കാത്തലിക് ബിഷപ്സ് കോൺഫ്രൻസിന്റെ സാമൂഹ്യ സേവന സംഘടനയായ കാരിത്താസ് ഇന്ത്യ, തദ്ദേശ രൂപതകളായ , ചിങ്കൽപ്പെട്ട് , മദ്രാസ്-മൈലാപ്പൂർ, പോണ്ടിച്ചേരി-കൂഡല്ലൂർ എന്നീവയുമൊത്ത് സഹകരിച്ച്, ഭക്ഷണം, വാസ്ത്രം, മരുന്നുകൾ എന്നിവ ലഭ്യമാക്കാൻ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

"സ്കൂൾ കെട്ടടങ്ങളിലും മറ്റു സർക്കാർ ക്യാമ്പുകളിലും കഴിയുന്ന വളരെ പാവപ്പെട്ടവർക്ക് സഹായമെത്തിക്കാനാണ് ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. " കാരിത്താസ് ഇന്ത്യയുടെ എക്സിക്യുട്ടീവ് ഡയറക്ടർ Fr. ഫ്രെഡ്റിക് ഡിസൂസ പറഞ്ഞു.

ദലിതരും മറ്റ് ദരിദ്രരും ഉൾപ്പെടുന്ന 4000 കുടുംബങ്ങൾക്ക് സഹായമെത്തിക്കുന്നതിലാണ് കാരിത്താസും മറ്റ് രൂപതാ പങ്കാളികളും ഊന്നൽ കൊടുത്തിരിക്കുന്നത് എന്ന് ആരോഗ്യരാജ് അറിയിച്ചു.

പെട്ടന്നുണ്ടായ ഈ ദുരന്തത്തിന് പിന്നിൽ ആഗോള താപനം, എൽ നീ നോ പ്രതിഭാസം എന്നിവയെ കൂടാതെ ദുർബലമായതും പ്ലാനിങ്ങ് ഇല്ലാത്തതുമായ നിർമ്മാണ പ്രവർത്തനങ്ങളും കാരണമാണെന്ന് പരിസ്ഥിതിച്ചവർത്തകർ അഭിപ്രായപ്പെട്ടു.