News - 2024

'വാനാക്രൈ' വൈറസ് ആക്രമണത്തിനു എതിരെ വിശുദ്ധ ജലവുമായി റഷ്യ

സ്വന്തം ലേഖകന്‍ 17-05-2017 - Wednesday

മോസ്കോ: ലോകത്തെ മുഴുവനെയും ഭീതിയുടെ മുൾമുനയിൽ നിറുത്തിയ 'വാനാക്രൈ' വൈറസ് ആക്രമണത്തെ തുടർന്ന് റഷ്യ തങ്ങളുടെ കമ്പ്യൂട്ടറുകൾ വിശുദ്ധ ജലം തളിച്ച് വെഞ്ചിരിച്ചു. വിശ്വാസത്തെയും ശാസ്ത്രത്തെയും വ്യത്യസ്ത തലങ്ങളായി പരിഗണിക്കുന്നവർക്കുള്ള മറുപടിയെന്നോണമാണ് റഷ്യൻ ഗവൺമെന്റിന്റെ നടപടി.

ആക്രമണത്തിൽ ഏറ്റവുമധികം നഷ്ടം ഏറ്റുവാങ്ങിയ രാജ്യങ്ങളിലൊന്നാണ് റഷ്യ. പ്രശ്നപരിഹാരത്തിനായി റഷ്യൻ ഓർത്തഡോക്സ് സഭയുടെ പാത്രിയാർക്കീസ് കിറില്‍ വിശുദ്ധ ജലം തളിച്ച് കമ്പ്യൂട്ടർ, സെർവറുകൾ എന്നിവ വെഞ്ചിരിക്കുന്നത് ട്വിറ്ററില്‍ നിരവധി ആളുകള്‍ ഇതിനോടകം ഷെയര്‍ ചെയ്തിട്ടുണ്ട്.

റഷ്യൻ ഗവൺമെന്റിന്റെ ആഭ്യന്തര വിവരങ്ങൾ ശേഖരിച്ചിരിക്കുന്ന കമ്പ്യൂട്ടറുകളും പാത്രിയർക്കീസ് വിശുദ്ധ ജലത്താൽ വെഞ്ചിരിച്ചു. ചൈന, ജപ്പാൻ, ഇന്ത്യ, യു.കെ ഉൾപ്പെടെയുള്ള നൂറ്റമ്പതിലധികം രാജ്യങ്ങളിലെ ഹോസ്പിറ്റലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബ്ലൂ ചിപ്പ് പോലെയുള്ള വ്യാപാര സംരഭങ്ങൾ, സിനിമാ തിയറ്ററുകൾ എന്നിവയാണ് സൈബർ ആക്രമികള്‍ തകര്‍ത്തത്. വിശുദ്ധ ജലവും പ്രാർത്ഥനകളും കൂടാതെ സോഫ്റ്റ്വെയറുകളുടെ നവീകരണം, സംശയാസ്പദമായ സന്ദേശങ്ങൾ, ഇ-മെയിലുകൾ ഒഴിവാക്കുക എന്നിവയാണ് ആക്രമണത്തെ പ്രതിരോധിക്കാൻ റഷ്യയിലെ സാങ്കേതിക വിദഗ്ദർ നല്കുന്ന നിർദ്ദേശങ്ങൾ.

കമ്പ്യൂട്ടർ, ഇന്റർനെറ്റ് എന്നിവ ഉപയോഗിക്കുന്നവരുടെ മധ്യസ്ഥ സഹായിയായി കണക്കാകുന്നത് സെവില്ലേയിലെ വി. ഇസിദോറിനെയാണ്. വി. ഇസിദോറിനോടുള്ള മാധ്യസ്ഥത്തിനും രാജ്യത്തു ആഹ്വാനമുണ്ട്. കമ്പ്യൂട്ടർ ഡാറ്റബേസിനോട് സമാനതയുള്ള 'എറ്റിമോളജീസ്' എന്ന നിഘണ്ടു അദ്ദേഹത്തിന്റെ സംഭാവനയാണ്. റാന്‍സംവെയര്‍ സൈബര്‍ ആക്രമണത്തില്‍ രണ്ട് ലക്ഷം കംപ്യൂട്ടര്‍ ശൃംഖലകളാണ് ഇതുവരെ തകര്‍ന്നത്.


Related Articles »