News - 2025
പാക്കിസ്ഥാനിലെ ക്രൈസ്തവ അഭിഭാഷകയ്ക്ക് വധഭീഷണി: പ്രാര്‍ത്ഥനയുമായി രാജ്യത്തെ വിശ്വാസികള്‍
സ്വന്തം ലേഖകന്‍ 18-05-2017 - Thursday
ലാഹോർ: പാക്കിസ്ഥാനില്‍ വധഭീഷണി നേരിടുന്ന ക്രൈസ്തവ അഭിഭാഷകയ്ക്കായി രാജ്യമെങ്ങുമുള്ള വിശ്വാസികള്‍ പ്രത്യേക പ്രാർത്ഥനകൾ നടത്തി. ന്യൂനപക്ഷ സമുദായങ്ങളിലെ പെൺകുട്ടികളെ നിർബന്ധിച്ച് മതം മാറ്റുന്നതിനും അതിനായി ദൈവനിന്ദാ നിയമങ്ങളെ വളച്ചൊടിക്കുന്നതിനുമെതിരെ ശബ്ദമുയർത്തിയതിനാണ് ജാക്വലിൻ സുൽത്താന്‍ എന്ന അഭിഭാഷകയ്ക്ക് തുടര്‍ച്ചയായി വധഭീഷണിയുണ്ടായത്. അഭിഭാഷകയ്ക്കു ദൈവീക സംരക്ഷണം ലഭിക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രാര്‍ത്ഥനാശുശ്രൂഷകളില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
ന്യൂനപക്ഷ സമുദായങ്ങൾക്കായി നടത്തുന്ന പ്രവർത്തനങ്ങൾ തുടരുകയാണെങ്കിൽ വധിക്കപ്പെടുമെന്ന വിവരമടങ്ങിയ കത്ത് ഏതാനും ദിവസങ്ങൾക്ക് മുന്‍പ് അഡ്വ.ജാക്വലിന് ലഭിച്ചിരിന്നു. ഇതിന്റെ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് പ്രാര്‍ത്ഥനാകൂട്ടായ്മ നടത്തിയത്. തീവ്രവാദികളുടെ ഉന്മൂലനം പ്രാദേശിക, ദേശീയ നേതൃത്വങ്ങൾ ഉറപ്പു വരുത്തണമെന്നും മതങ്ങൾക്കതീതമായി നിലകൊള്ളുന്ന അവർക്ക് യാതൊരു പരിഗണനയും നല്കരുതെന്നും ഹൈദരാബാദ് വിശുദ്ധ ഫ്രാൻസിസ് സേവ്യർ കത്തീഡ്രലിൽ നടത്തിയ പ്രാര്‍ത്ഥനാ ശുശ്രൂഷയിൽ ഫാ.സാംസൺ ഷുക്രുദീൻ പറഞ്ഞു. പ്രതിസന്ധികളിലും തളരാത്ത ക്രൈസ്തവ അഭിഭാഷകയുടെ ധൈര്യത്തെയും അദ്ദേഹം പ്രശംസിച്ചു.
കറാച്ചി ഇസാ നഗരിയിലെ അവമി ദേവാലയത്തിൻ നടന്ന പ്രാർത്ഥനകള്‍ക്ക് വചനപ്രഘോഷകനായ ഷാഹിദ് സാഗർ നേതൃത്വം നൽകി. ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശത്തിനായി യത്നിക്കുന്ന ധീരയായ വനിതയാണ് അഡ്വ. ജാക്വലിനെന്ന് പ്രസ്ബിറ്റേറിയൻ സഭാംഗമായ ഫൊഖത്ത് സാദിക്ക് അഭിപ്രായപ്പെട്ടു. നിർബന്ധിത പരിവർത്തനങ്ങൾക്ക് വിധേയരാകുന്നവർക്ക് നിയമസഹായം ലഭ്യമാക്കുന്നതിൽ അവര്‍ നടത്തിയ പങ്ക് സ്തുത്യര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
അഭിഭാഷകയ്ക്ക് എതിരെ നടക്കുന്നത് ദൈവനിന്ദാപരമായ നീക്കമാണെന്നും പാകിസ്ഥാനിലെ ന്യൂനപക്ഷം സുരക്ഷിതരല്ലെന്നും സംഭവത്തെ സിന്ധ് ഗവൺമന്റ് കാര്യ ഗൗരവത്തോടെ സമീപിക്കണമെന്നും ബിഷപ്പ് ഇഫ്തിക്കാർ ആവശ്യപ്പെട്ടു. സാമുദായിക ഐക്യം നിലനിർത്താനും സുരക്ഷ ഉറപ്പുവരുത്താനും ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് നടപടി വേണം. ജീവന് ഭീഷണി നിലനില്ക്കുന്ന അഡ്വ.ജാക്വലിന്റെ സംരക്ഷണം ഗവൺമെന്റ് ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
![](/images/close.png)