News - 2025
സമാധാനത്തിന് വേണ്ടി നിലകൊള്ളുക: മാര്‍പാപ്പ ട്രംപിനോട്
സ്വന്തം ലേഖകന്‍ 25-05-2017 - Thursday
വത്തിക്കാൻ സിറ്റി∙ സമാധാനത്തിനു വേണ്ടി നിലകൊള്ളാന്‍ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിനോടു ഫ്രാൻസിസ് മാർപാപ്പ. ഇരുവരും തമ്മിൽ ഇന്നലെ (24/05/2017) ആദ്യമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഒലിവ് മരത്തിന്റെ ശിൽപം ട്രംപിനു സമ്മാനിച്ചു കൊണ്ടാണ് പാപ്പയുടെ അഭ്യർഥന.
ജീവന്‍റെയും മതസ്വാതന്ത്ര്യത്തിന്‍റെയും മനുഷ്യമനസ്സാക്ഷിയുടെയും തലങ്ങളില്‍ ഇരുപക്ഷത്തിനുമുള്ള ക്രിയാത്മകമായ നിലപാടുകളിലും ഉഭയകക്ഷി ബന്ധത്തിലും ഇരുവരും തമ്മിലുള്ള കൂടികാഴ്ച്ചയ്ക്കിടെ സംതൃപ്തി പ്രകടിപ്പിച്ചുവെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ആരോഗ്യം, വിദ്യാഭ്യാസം, കുടിയേറ്റം എന്നീ മേഖലകളില്‍ ആഗോളസമൂഹത്തെ സഹായിക്കുന്നതില്‍ അമേരിക്കയും കത്തോലിക്കാസഭയും തമ്മില്‍ സഹകരിച്ച് മുന്നോട്ടു നീങ്ങും. ക്രൈസ്തവര്‍ക്കു ലഭിക്കേണ്ട സംരക്ഷണം, പരസ്പര സംവാദം, മതസൗഹാര്‍ദം, ആഗോള പ്രതിസന്ധികള്‍, മദ്ധ്യപൂര്‍വ്വദേശത്തെ പ്രശ്നങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് ഇരുകൂട്ടരും ചര്‍ച്ച നടത്തിയെന്നും വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബര്‍ക്ക് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പ്രകൃതിസംരക്ഷണത്തെക്കുറിച്ചുള്ള ചാക്രികലേഖനം ലൗദാത്തോ സി, കുടുംബത്തെക്കുറിച്ചുള്ള അപ്പസ്‌തോലിക പ്രമാണരേഖ അമോരിസ് ലെത്തീസ്യ, സുവിശേഷത്തിന്റെ സന്തോഷം എന്ന പ്രമാണരേഖ, 2017 ലോക സമാധാനത്തിനായി പാപ്പ നൽകിയ സന്ദേശത്തിന്റെ കോപ്പി തുടങ്ങിയവയാണ് മാര്‍പാപ്പ ട്രംപിന് സമ്മാനിച്ചത്.
മാര്‍പാപ്പ നല്‍കിയ പുസ്തകങ്ങള്‍ വായിക്കുമെന്നു മറുപടി നൽകിയ ട്രംപ് മാർട്ടിൻ ലൂതർ കിംഗിന്റെ പുസ്തകസമാഹാരത്തിന്റെ പതിപ്പാണ് മാർപാപ്പയ്ക്കു തിരികെ സമ്മാനിച്ചത്. മാർപാപ്പയുടെ ഔദ്യോഗിക വസതിയായ അപ്പസ്തോലിക കൊട്ടാരത്തിലെ ലൈബ്രറിയിൽ ആയിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്.