News

ഈജിപ്‌തിൽ ക്രൈസ്തവര്‍ക്ക് നേരെ വീണ്ടും ഭീകരാക്രമണം: 26 പേര്‍ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ 26-05-2017 - Friday

കെയ്റോ: ഈജിപ്തില്‍ ക്രൈസ്തവ വിശ്വാസികള്‍ സഞ്ചരിച്ചിരുന്ന ബസിനു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. ഈജിപ്‌ഷ്യൻ നഗരമായ മിന്യയിലെ സെന്റ് സാമുവല്‍ സന്ന്യാസി മഠത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന കോപ്‌റ്റിക് ക്രിസ്‌ത്യൻ തീർത്ഥാടകരുടെ രണ്ട് ബസുകളാണ് ആക്രമണത്തിനിരയായത്.

അക്രമത്തില്‍ 25പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിശ്വാസികള്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളെ തടഞ്ഞു നിർത്തിയ മുഖംമൂടി ധാരികൾ വെടിവയ്‌ക്കുകയായിരുന്നുവെന്ന് സി‌എന്‍‌എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് പിന്നില്‍ ഐ‌എസ് ആണെന്നാണ് സൂചന.

കഴിഞ്ഞ മാസം ഓശാന തിരുനാള്‍ ദിനത്തില്‍ ഐ‌എസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 45 ക്രൈസ്തവ വിശ്വാസികള്‍ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി മാസത്തില്‍ പുറത്ത് വിട്ട ഒരു വീഡിയോയില്‍ ക്രിസ്ത്യാനികളാണ് തങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഇരകളെന്ന് ഐഎസ് വ്യക്തമാക്കിയിരിന്നു. 2016 ഡിസംബറില്‍ കെയ്‌റോയിലെ പള്ളിക്കു നേരെയുണ്ടായ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 25 പേര്‍ കൊല്ലപ്പെടുകയും 49 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ക്രിസ്ത്യാനികള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയിട്ടും കഴിഞ്ഞ മാസത്തെ ഫ്രാന്‍സിസ്‌ പാപ്പായുടെ ഈജിപ്ത് സന്ദര്‍ശനം മുടക്കുവാന്‍ ഐ‌എസിന് കഴിഞ്ഞിരിന്നില്ല. ഇക്കാര്യവും പരിഗണിച്ചു അക്രമം രൂക്ഷമാക്കാനുള്ള ശ്രമമാണ് തീവ്രവാദ സംഘടന നടത്തുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ഒമ്പത് കോടിയോളം ജനസംഖ്യയുള്ള ഈജിപ്‌തിലെ 10 ശതമാനം വരുന്ന ന്യൂനപക്ഷമാണ് ക്രിസ്ത്യാനികള്‍.


Related Articles »